Connect with us

Editorial

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബജറ്റ്

മധ്യവര്‍ഗത്തെ തൃപ്തിപ്പെടുത്താന്‍ ഏഴ് ലക്ഷം വരെയുള്ള തുകക്ക് ആദായ നികുതി ഒഴിവാക്കുകയും നികുതി സ്ലാബുകള്‍ അഞ്ചാക്കി കുറക്കുകയും ചെയ്തിട്ടുണ്ട്. എട്ട് വര്‍ഷത്തിന് ശേഷമാണ് രാജ്യത്ത് ആദായ നികുതി ഇളവ് പരിധി ഉയര്‍ത്തുന്നത്. എന്നാല്‍, പുതിയ ആദായ നികുതി സ്‌കീമിന് മാത്രമാണ് ഇത് ബാധകമാകുക.

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷവും ഒമ്പത് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ വര്‍ഷവും നടക്കാനിരിക്കെ കേന്ദ്രത്തില്‍ നിന്ന് ഒരു ജനപ്രിയ ബജറ്റ് നേരത്തേ പ്രതീക്ഷിച്ചതാണ്. പ്രതീക്ഷ തെറ്റിയില്ല. സാധാരണക്കാരെയും മധ്യനിരക്കാരെയും യുവജനതയെയും ആകര്‍ഷിക്കുന്ന ചില പൊടിക്കൈകള്‍ ഉള്‍ക്കൊള്ളുന്നതാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്നലെ അവതരിപ്പിച്ച രണ്ടാം മോദി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്.

മധ്യവര്‍ഗത്തെ തൃപ്തിപ്പെടുത്താന്‍ ഏഴ് ലക്ഷം വരെയുള്ള തുകക്ക് ആദായ നികുതി ഒഴിവാക്കുകയും നികുതി സ്ലാബുകള്‍ അഞ്ചാക്കി കുറക്കുകയും ചെയ്തിട്ടുണ്ട്. എട്ട് വര്‍ഷത്തിന് ശേഷമാണ് രാജ്യത്ത് ആദായ നികുതി ഇളവ് പരിധി ഉയര്‍ത്തുന്നത്. എന്നാല്‍, പുതിയ ആദായ നികുതി സ്‌കീമിന് മാത്രമാണ് ഇത് ബാധകമാകുക. പഴയ സ്‌കീമില്‍ മൂന്ന് ലക്ഷം വരെയാണ് നികുതിയിളവ്. നിലവില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നികുതി നിരക്ക് 42.74 ശതമാനമാണ്. ഇത് 39 ശതമാനമായി കുറയും. രാജ്യത്തെ 81 കോടിയാളുകള്‍ക്ക് പ്രതിമാസം അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കുന്ന പി എം ഗരീബ് കല്യാണ്‍ അന്നാ യോജന ഒരു വര്‍ഷം കൂടി തുടരുമെന്ന് ബജറ്റ് വാഗ്ദാനം ചെയ്യുന്നു. രണ്ട് ലക്ഷം കോടി രൂപ ഇതിനായി നീക്കിവെക്കും.

ടൂറിസം മേഖലക്ക് വമ്പന്‍ പ്രഖ്യാപനങ്ങളുണ്ട്. രാജ്യത്ത് 50 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തും. ആഭ്യന്തര, അന്തര്‍ദേശീയ വിനോദ സഞ്ചാരത്തിനുള്ള സമ്പൂര്‍ണ പാക്കേജായി ഇവയെ വികസിപ്പിക്കും. 50 പുതിയ വിമാനത്താവളങ്ങളും ഹെലിപാഡുകളും എയറോഡ്രോമുകളും നിര്‍മിക്കുകയും 50 വിമാനത്താവളങ്ങള്‍ നവീകരിക്കുകയും ചെയ്യും. രാജ്യത്തെ വ്യോമയാന മേഖലയില്‍ വലിയ സാധ്യതയാണുള്ളത്. പുതിയ വിമാനത്താവളങ്ങളുടെ വരവോടെ വ്യോമ ഗതാഗത ശൃംഖലയില്‍ വന്‍ വളര്‍ച്ചയുണ്ടാകുമെന്ന് ധനമന്ത്രി പറയുന്നു. ലോകത്തെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയായി ഇന്ത്യ മാറിക്കഴിഞ്ഞെന്നാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞത്.

റെയില്‍വേക്ക് ബജറ്റില്‍ 2.40 കോടി അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ അനുവദിച്ചതിനേക്കാള്‍ നാലിരട്ടി അധികമാണിത്. പ്രധാനമന്ത്രി ആവാസ് യോജനയുടെ അടങ്കല്‍ തുക 66 ശതമാനം വര്‍ധിപ്പിച്ച് 79,000 കോടി രൂപയായി ഉയര്‍ത്തി. 20 ലക്ഷം കോടിയുടെ കാര്‍ഷിക വായ്പ, 2,200 കോടി രൂപയുടെ ഹോര്‍ട്ടികള്‍ച്ചര്‍ പാക്കേജ്, ഭക്ഷ്യസുരക്ഷക്ക് രണ്ട് ലക്ഷം കോടി രൂപ, മത്സ്യബന്ധന രംഗത്തെ വികസനത്തിന് 6,000 കോടി, 63,000 പ്രാഥമിക സഹകരണ സംഘങ്ങള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ 2,516 കോടി, 157 നഴ്‌സിംഗ് കോളജുകള്‍, എല്ലാ നഗരങ്ങളിലും അഴുക്കുചാല്‍ വൃത്തിയാക്കാന്‍ യന്ത്ര സംവിധാനം തുടങ്ങിയവയാണ് മറ്റു ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍. ആഭരണങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി. ഇതോടെ സ്വര്‍ണം, വെള്ളി, വജ്രം, പ്ലാറ്റിനം എന്നിവക്ക് വില കുതിച്ചുയരും. സിഗററ്റിനും വസ്ത്രങ്ങള്‍ക്കും വില കൂടും. അതേസമയം ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിക്ക് വില കുറയും. രാജ്യത്ത് ഇലക്ട്രിക് വാഹന വളര്‍ച്ചയുടെ കുതിപ്പ് ലക്ഷ്യമാക്കിയാണ് ഈ നടപടി. ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് കോയില്‍, ക്യാമറ എന്നിവക്കും വില കുറയും.

സംസ്ഥാന സര്‍ക്കാറുകള്‍ക്കുള്ള പലിശരഹിത വായ്പ ഒരു വര്‍ഷത്തേക്ക് കൂടി തുടരും. 50 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയുള്ള വായ്പയാണിത്. കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളും ഉന്നയിച്ചിരുന്ന ആവശ്യമാണിത്. ഗ്രാമീണ മേഖലയുടെ വളര്‍ച്ചക്ക് ബജറ്റില്‍ പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം വന്‍തോതില്‍ വെട്ടിക്കുറച്ചത് കനത്ത തിരിച്ചടിയാണ്. 60,000 കോടിയാണ് തൊഴിലുറപ്പ് പദ്ധതിക്കായി നീക്കിവെച്ചത്. കഴിഞ്ഞ ബജറ്റില്‍ 73,000 കോടിയായിരുന്നു ബജറ്റ് വിഹിതം. പിന്നീട് 89,400 കോടിയായി പുനര്‍നിശ്ചയിക്കുകയും ചെയ്തു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഈയിനത്തില്‍ 98,468 കോടി അനുവദിച്ചിരുന്നു. കൊവിഡില്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥ വലിയ തിരിച്ചടി നേരിടുമ്പോഴാണ് തൊഴിലുറപ്പ് പദ്ധതിക്കുള്ള ബജറ്റ് വിഹിതം വന്‍തോതില്‍ വെട്ടിക്കുറച്ചത്.

ഗോത്രവര്‍ഗക്കാര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ത്രിപുര, മേഘാലയ, അസം, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കൂടുതല്‍ ഏകലവ്യ സ്‌കൂളുകള്‍, 38,800 പുതിയ അധ്യാപക നിയമനം തുടങ്ങി ഗോത്ര വിഭാഗങ്ങള്‍ക്ക് പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയും അവരുടെ ഉന്നമനത്തിനായി അടുത്ത മൂന്ന് വര്‍ഷത്തേക്ക് 15,000 കോടി രൂപ വിനിയോഗിക്കുമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്യുന്നുണ്ട് ബജറ്റ്. ഈ വര്‍ഷം മധ്യത്തോടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകക്ക്, വരള്‍ച്ച ബാധിത പ്രദേശങ്ങളുടെ പുനരുജ്ജീവന പദ്ധതികള്‍ക്കെന്ന പേരില്‍ 5,300 കോടി രൂപയുടെ സഹായവും പ്രഖ്യാപിച്ചു.

നാണ്യപ്പെരുപ്പവും തൊഴിലില്ലായ്മയും രൂക്ഷമായ ഒരു ഘട്ടത്തിലാണ് പുതിയ ബജറ്റിന്റെ അവതരണം. എങ്കിലും ഈ രണ്ട് മുഖ്യ പ്രശ്‌നങ്ങള്‍ക്കും ബജറ്റില്‍ വ്യക്തമായ പരിഹാരം നിര്‍ദേശിക്കുന്നില്ല. ക്ഷേമപദ്ധതികള്‍ക്കും വിഹിതം കുറവാണ്. കൊവിഡിന്റെ ഇരകളെയും പരിഗണിച്ചില്ല. ചെറുകിട കച്ചവടക്കാര്‍, ചെറുകിട തൊഴില്‍ ചെയ്യുന്നവര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ തുടങ്ങി കൊവിഡ് കാലത്ത് ജോലിയും ജീവിത മാര്‍ഗവും നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. പഴയ അവസ്ഥയിലേക്ക് തിരിച്ചു കയറിയവര്‍ ഇവരില്‍ തുലോം വിരളം. ഇത്തരക്കാരെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നയസമീപനമില്ല ബജറ്റില്‍. മാത്രമല്ല, കൊവിഡ് പ്രതിസന്ധിയെ രാജ്യം മറികടന്നുവെന്ന അവകാശവാദം ഉന്നയിച്ച് യാഥാര്‍ഥ്യങ്ങള്‍ക്ക് നേരേ കണ്ണടക്കുകയും ചെയ്തു ധനമന്ത്രി. അടിസ്ഥാന വികസനത്തില്‍ ശ്രദ്ധയൂന്നുന്നതോടൊപ്പം ജനക്ഷേമം ഉറപ്പ് വരുത്തുന്നത് കൂടിയായിരിക്കണം ബജറ്റ്. നാട് നന്നാകുന്നതിനൊപ്പം ജനങ്ങളുടെ ജീവിത സാഹചര്യങ്ങളും നന്നാകാന്‍ സഹായകമാകണം. രാജ്യം വികസിത രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടുകയാണെന്നാണ് സര്‍ക്കാര്‍ അവകാശവാദം. വികസനത്തിന്റെ മാനദണ്ഡങ്ങളില്‍ അടിസ്ഥാന വികസനം മാത്രമല്ല, ജനങ്ങളുടെ ജീവിത നിലവാരവും സാമ്പത്തിക സമത്വവുമെല്ലാം ഉള്‍പ്പെടുമെന്ന് ഭരണാധികാരികള്‍ മറക്കരുത്.