Connect with us

STUDENT SUICIDE

ഏഴാം ക്ലാസുകാരന്റെ ആത്മഹത്യ; രണ്ട് അധ്യാപകര്‍ക്കെതിരെ പോലീസ് കേസെടുത്തു

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്. അന്വേഷണത്തിനു ശേഷം മറ്റു വകുപ്പുകള്‍ കൂടി ചുമത്തും എന്ന് പോലീസ് അറിയിച്ചു.

Published

|

Last Updated

ആലപ്പുഴ | കാട്ടൂരിലെ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യയില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പോലീസ് കേസെടുത്തു. സ്‌കൂളിലെ കായികാധ്യാപകന്‍ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവര്‍ക്കെതിരെയാണ് മണ്ണഞ്ചേരി പോലീസ് കേസ് എടുത്തത്. നേരത്തെ അധ്യാപകരെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്. അന്വേഷണത്തിനു ശേഷം മറ്റു വകുപ്പുകള്‍ കൂടി ചുമത്തും എന്ന് പോലീസ് അറിയിച്ചു. ഫെബ്രുവരി 15നാണ് ആലപ്പുഴ കാട്ടൂരില്‍ 13 വയസ്സുകാരന്‍ പ്രജിത്ത് സ്‌കൂള്‍ വിട്ടു വന്നശേഷം യൂണിഫോമില്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

അവസാന പീരീഡില്‍ കാണാതായ പ്രജിത്തിനെയും സഹപാഠി അജയിനേയും അന്വേഷിച്ച് അധ്യാപകര്‍ സ്‌കൂളിലെ മൈക്കില്‍ വിളിച്ചു പറഞ്ഞിരുന്നു. തുടര്‍ന്ന് ക്ലാസിലെത്തിയ വിദ്യാര്‍ഥികള്‍, അജയിന് തലകറക്കം ഉണ്ടായതിനെ തുടര്‍ന്ന് വെള്ളം കുടിക്കാന്‍ പോയതാണെന്ന് പറഞ്ഞിരുന്നു.

ഇത് വിശ്വസിക്കാതെ അധ്യാപകരായ ക്രിസ്തു ദാസ് , രേഷ്മ, ഡോളി എന്നിവര്‍ ചൂരല്‍ കൊണ്ട് അടിക്കുകയും കഞ്ചാവ് ഉപയോഗിക്കാന്‍ പോയതാണോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും ആരോപണമുണ്ട്. തുടര്‍ന്നു ബന്ധുക്കളുടെ പരാതിയിലാണു പോലീസ് കേസെടുത്തത്. നാട്ടുകാരും എസ് എഫ് ഐയും സ്‌കൂളിനെതിരെ സമരം നടത്തിയിരുന്നു.

Latest