From the print
ഗസ്സയിൽ പുലർച്ചെ മുതൽ കൊന്നത് 78 പേരെ; വെള്ളത്തിന് കാത്തുനിന്ന കുട്ടികളും കൊല്ലപ്പെട്ടു
മൂന്ന് കുട്ടികൾ ഉൾപ്പെടെ 13 പട്ടിണി മരണം കൂടി

ഗസ്സ | ഗസ്സയിലുടനീളം പുലർച്ചെ മുതൽ ഇസ്‌റാഈൽ ആക്രമണങ്ങളിൽ 78 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ ഗസ്സാ സിറ്റിയിൽ മാത്രമായി ഇസ്‌റാഈൽ കൊന്നൊടുക്കിയത് 42 പേരെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പട്ടിണിയും പോഷകാഹാരക്കുറവും മൂലം ഗസ്സയിലാകെ മൂന്ന് കുട്ടികൾ ഉൾപ്പെടെ 13 പേരും മരിച്ചു. ഇതോടെ ഗസ്സയിലെ പട്ടിണി മരണം 361 ആയി. ഇതിൽ 130 കുട്ടികളുമുണ്ട്.
ഗസ്സാ നഗരത്തിലാകെ ഇസ്‌റാഈൽ കരസേനാ വിന്യാസം ശക്തമാക്കിയതോടെ മറ്റിടങ്ങളിലേക്ക് പോകാൻ ഫലസ്തീനികൾ നിർബന്ധിതരായിരിക്കുകയാണ്. പോകുന്നിടത്തെല്ലാം വ്യോമാക്രമണവും ശക്തമാണ്. തെക്കൻ ഗസ്സയിലെ അൽ മവാസിയിൽ വെള്ളത്തിനായി വരിനിൽക്കുന്നവർക്ക് നേർക്കുണ്ടായ വ്യോമാക്രമണത്തിൽ ഏഴ് കുട്ടികൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു.
വടക്കൻ ഗസ്സയിൽ സഹായത്തിനായി കാത്തുനിൽക്കുന്നവർക്ക് നേർക്കുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും 66 പേർക്ക് പരുക്കേറ്റതായും ഹമദ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വെടിവെപ്പിൽ രണ്ട് മാധ്യമ പ്രവർത്തകർ കൂടി കൊല്ലപ്പെട്ടു. ഫലസ്തീൻ മാധ്യമ പ്രവർത്തകരായ റസ്മി ജിഹാദ് സാലിം, ഇമാൻ അൽ സാമിൽ എന്നിവരാണ് കൊല്ലപ്പെട്ടത്.
2023 ഒക്‌ടോബർ ഏഴിന് ശേഷം ഗസ്സയിൽ കൊല്ലപ്പെടുന്ന മാധ്യമ പ്രവർത്തകരുടെ എണ്ണം 248 ആയി.