National
50 ശതമാനം തീരുവ: ട്രംപിന്റെ നടപടിക്കെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ
അമേരിക്കയുടെ നടപടി അന്യായവും യുക്തിരഹിതവുമാണെന്നും രാജ്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ആവശ്യമായ നടപടികള്‍ ഇന്ത്യ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി | 50 ശതമാനം തീരുവ ചുമത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നടപടി നീതീകരിക്കാന്‍ ആകാത്തതും അങ്ങേയറ്റം ദൗര്‍ഭാഗ്യകരവുമെന്ന് ഇന്ത്യ. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് എതിരായി പ്രതികാരച്ചുങ്കം 25 ശതമാനത്തില്‍ നിന്ന് 50 ശതമാനമാക്കിയ ട്രംപിന്റെ നടപടിക്കെതിരെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
അമേരിക്കയുടെ നടപടി അന്യായവും യുക്തിരഹിതവുമാണെന്നും രാജ്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ആവശ്യമായ നടപടികള്‍ ഇന്ത്യ സ്വീകരിക്കുമെന്നും അതിശക്തമായ ഭാഷയില്‍ ഇന്ത്യ പ്രതികരിച്ചു. റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് 25 ശതമാനം തീരുവ ചുമത്തുമെന്നായിരുന്നു നേരത്തെ ട്രംപ് പറഞ്ഞിരുന്നത്. ഇതില്‍ ഇന്ത്യ എതിര്‍പ്പ് അറിയിച്ചെങ്കിലും ട്രംപ് താരീഫ് വീണ്ടും കൂട്ടി. എണ്ണ വാങ്ങുന്നതുവഴി റഷ്യയുടെ യുക്രൈന്‍ യുദ്ധത്തിന് ഇന്ത്യ പ്രോത്സാഹനം നല്‍കുകയാണെന്നാണ് ട്രംപിന്റെ ആരോപണം.ഇതോടെ തീരുവ ഏറ്റവും കൂടുതലുള്ള ഏഷ്യന്‍ രാജ്യമായി ഇന്ത്യ മാറി. മുന്നാഴ്ച കഴിഞ്ഞ് തീരുവ പ്രാബല്യത്തില്‍ വരും.
വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ട്രംപിന്റേത് സാമ്പത്തിക ഭീഷണിയെന്നും പ്രധാനമന്ത്രിയുടെ ബലഹീനത ഇന്ത്യന്‍ ജനങ്ങളുടെ താല്പര്യങ്ങളെ മറികടക്കാന്‍ കാരണമാകരുതെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.