Connect with us

Kerala

'മുഖ്യമന്ത്രിക്ക് കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞു'; സിപിഐ യോഗത്തില്‍ കടുത്ത വിമര്‍ശവുമായി മന്ത്രി ജി ആര്‍ അനിലിന്റെ ഭാര്യ

മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിനും പശുക്കള്‍ക്ക് പാട്ടു കേള്‍ക്കാനും കോടികള്‍ ചിലവിടുന്നെന്ന് വി പി ഉണ്ണികൃഷ്ണനും വിമര്‍ശിച്ചു

Published

|

Last Updated

തിരുവനന്തപുരം |  സിപിഐ സംസ്ഥാന കൗണ്‍സിലില്‍ മുഖ്യമന്ത്രിക്ക് രൂക്ഷവിമര്‍ശനം. ഭക്ഷ്യവകുപ്പിന് ബജറ്റില്‍ തുക അനുവദിക്കാത്തതിനെ തുടര്‍ന്നാണ് സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നത്. മുഖ്യമന്ത്രിക്ക് കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞെന്ന് സംസ്ഥാന കൗണ്‍സില്‍ അംഗവും ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന്റെ ഭാര്യയുമായ ആര്‍ ലതാദേവി പരിഹസിച്ചു. പ്രതിസന്ധികള്‍ക്കിടയിലും ആഡംബരത്തിനും ധൂര്‍ത്തിനും കുറവില്ലെന്നും ഇവര്‍ വിമര്‍ശമുന്നയിച്ചു.

മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിനും പശുക്കള്‍ക്ക് പാട്ടു കേള്‍ക്കാനും കോടികള്‍ ചിലവിടുന്നെന്ന് വി പി ഉണ്ണികൃഷ്ണനും വിമര്‍ശിച്ചു.കൂടിയാലോചന ഇല്ലാതെ തയ്യാറാക്കിയ ബജറ്റാണിത്. ഇടത് മുന്നണിയെ വീണ്ടും അധികാരത്തില്‍ എത്താന്‍ഡ സഹായിച്ച സപ്ലൈകോയെ ബജറ്റില്‍ തീര്‍ത്തും അവഗണിച്ചതായും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം കടുത്തതോടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇടപെട്ടു. വിദേശ സര്‍വകലാശാല വിഷയത്തില്‍ ഇടത് മുന്നണിയുടെ നയവ്യതിയാനമാണ് നടക്കുന്നതെന്നും എതിര്‍ത്ത് ലേഖനം എഴുതിയവര്‍ തന്നെ ഇപ്പോള്‍ അത് നടപ്പാക്കുന്നുവെന്നും ആരോപണം ഉയര്‍ന്നു. വിഷയം മുന്നണിയില്‍ ഉന്നയിക്കണമെന്നും ആവശ്യമുയര്‍ന്നു. അതേ സമയം, വിദേശ സര്‍വകലാശാല നയ വ്യതിയാനം തന്നെയാണെന്ന് ബിനോയ് വിശ്വവും സമ്മതിച്ചു. ഇക്കാര്യ മുന്നണിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി