National
'നൈസാര്‍' വിക്ഷേപണം വിജയകരം
ഭൂമിയില്‍ നിന്ന് 743 കിലോമീറ്റര്‍ അകലെ സൗര- സ്ഥിര ഭ്രമണപഥത്തില്‍ സഞ്ചരിച്ച് ഭൂമിയുടെ ഉപരിതലത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും സൂഷ്മമായി നിരീക്ഷിച്ച് വിവരങ്ങള്‍ കൈമാറും

ഹൈദരാബാദ് | . ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തിലെ വിക്ഷേപണത്തറയില്‍ നിന്ന് ഭൗമ നിരീക്ഷണ ഉപഗ്രഹമായ നൈസാര്‍’ (നാസ- ഐസ് ആര്‍ ഒ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍) വിജയകരമായി വിക്ഷേപിച്ചു. ഐ എസ് ആര്‍ ഒയുടെയും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെയും സംയുക്ത ദൗത്യമാണിത്.
വൈകിട്ട് 5.40ന് ജി എസ് എള്‍ വി എഫ് 16 റോക്കറ്റിലേറിയാണ് നൈസാര്‍ കുതിച്ചത്. ഐ എസ് ആര്‍ ഒയും നാസയും ചേര്‍ന്നുളള ആദ്യ ഉപഗ്രഹ വിക്ഷേപണ ദൗത്യമാണിത്. ഭൂമിയില്‍ നിന്ന് 743 കിലോമീറ്റര്‍ അകലെ സൗര- സ്ഥിര ഭ്രമണപഥത്തില്‍ സഞ്ചരിച്ച് ഭൂമിയുടെ ഉപരിതലത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും സൂഷ്മമായി നിരീക്ഷിച്ച് നൈസാര്‍ വിവരങ്ങള്‍ കൈമാറും.
150 കോടി ഡോളറാണ് (ഏകദേശം 13,000 കോടി രൂപ) ഈ ദൗത്യത്തിനായി ചെലവഴിച്ചിരിക്കുന്നത്. 12 ദിവസത്തെ ഇടവേളകളില്‍ ഭൂമിയിലെ ഓരോ പ്രദേശത്തിന്റെയും വ്യക്തമായ വിവരങ്ങള്‍ ഉപഗ്രഹം ശേഖരിക്കും. ഈ വിവരങ്ങള്‍ നാസയുടെയും എന്‍ ആര്‍ എസ് സിയുടെയും (നാഷണല്‍ റിമോട്ട് സെന്‍സറിങ് സെന്റര്‍) വെബ്‌സൈറ്റുകള്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. 2,400 കിലോഗ്രാമാണ് ഈ ഉപഗ്രഹത്തിന്റെ ഭാരം. പ്രകൃതി ദുരന്ത മുന്നറിയിപ്പുകള്‍ നല്‍കാനും ദുരന്ത നിവാരണത്തിനും കാലാവസ്ഥാ നിരീക്ഷണത്തിനും കാര്‍ഷിക മേഖലയിലും നൈസാര്‍ ഉപഗ്രഹത്തിലെ വിവരങ്ങള്‍ സഹായകമാകും.