Connect with us

sadath meet

25 ഖബീലകൾ, 1000 സാദാത്തുക്കൾ; മർകസ് നോളജ് സിറ്റിയിൽ നടന്നത് ചരിത്ര സംഗമം

മർകസിന് കീഴിൽ 313 സയ്യിദ് കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുന്ന 'ഇസ്കാൻ' പദ്ധതിയുടെ ആദ്യ ഘട്ടമായ 20 വീടുകളുടെ സമർപ്പണവും ചടങ്ങിൽ നടന്നു.

Published

|

Last Updated

നോളജ് സിറ്റി | കേരളത്തിലെ സാദാത്തുക്കളുടെ എട്ടാം സംഗമം നോളജ് സിറ്റിയിൽ നടന്നു. 25 സയ്യിദ് ഖബീലകളിൽ നിന്നായി ആയിരത്തോളം പ്രതിനിധികളാണ് പങ്കെടുത്തത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ബോധനം നിർവഹിച്ചു. കേരളത്തിൽ മതസൗഹാർദം വളർത്തുന്നതിലും സാമൂഹിക- സാംസാകാരിക- വൈജ്ഞാനിക പുരോഗതിക്ക് നേതൃത്വം നൽകുന്നതിലും സയ്യിദ് സമൂഹം നൽകിയ സംഭാവനകൾ തുല്യതയില്ലാത്തതാണെന്ന് കാന്തപുരം അഭിപ്രായപ്പെട്ടു.

പുതിയ കാലത്തെ സാമൂഹിക നിർമിതികളിൽ സയ്യിദ് സമൂഹത്തിന് നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്. ജനങ്ങൾക്കിടയിൽ സ്നേഹവർത്തിത്വം സൂക്ഷിക്കുന്നതിലും വിശ്വാസികളിൽ ആത്‌മീയ ചൈതന്യം നിലനിർത്തുന്നതിലും പ്രവാചക കുടുംബം കാലാകാലങ്ങളായി നിർവഹിച്ചു വരുന്ന ദൗത്യം വലുതാണ്. ലോകത്ത് മുസ്ലിം സമൂഹവുമായി ബന്ധപ്പെട്ട പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം നബികുടുംബത്തിൻ്റെ ആത്മീയ നേതൃത്വം അവരെ മുന്നോട്ട് നയിച്ചിട്ടുണ്ട്. നാടിൻ്റെ സൗഹാർദപൂർണമായ സഹവർത്തിത്വത്തിന് സയ്യിദ് സമൂഹം വലിയ പങ്ക് വഹിച്ചു. ഇവരെ മാതൃകയാക്കി പുതിയ കാലത്തെ സാമൂഹിക- സാംസ്കാരിക പ്രതിസന്ധികളെ പാരമ്പര്യത്തിലെ നന്മ കൊണ്ട് നേരിടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മർകസിന് കീഴിൽ 313 സയ്യിദ് കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുന്ന ‘ഇസ്കാൻ’ പദ്ധതിയുടെ ആദ്യ ഘട്ടമായ 20 വീടുകളുടെ സമർപ്പണവും ചടങ്ങിൽ നടന്നു. സയ്യിദ് കുടുംബങ്ങളിൽ നിന്ന് മികച്ച അംഗീകാരങ്ങൾ നേടിയരെ പരിപാടിയിൽ ആദരിച്ചു. മർകസ് നോളജ് സിറ്റിയിലെ വലൻസിയ ഗലേറിയ ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി നിർവഹിച്ചു. സയ്യിദ് ഖുറാ തങ്ങൾ പ്രാർഥന നിർവഹിച്ചു. സയ്യിദ് ത്വാഹ സഖാഫ്, സയ്യിദ് മുഹമ്മദ് തുറാബ്, ഡോ.അബ്ദുൽ ഹക്കീം അസ്ഹരി, പേരോട് അബ്ദുർറഹ്മാൻ സഖാഫി, സി മുഹമ്മദ് ഫൈസി, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, സയ്യിദ് അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ പാണക്കാട് സംബന്ധിച്ചു.
---- facebook comment plugin here -----

Latest