Malappuram
തങ്ങള്‍ കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് 25 കോടി രൂപയുടെ വിദ്യാഭ്യാസ പദ്ധതി; മഅ്ദിന്‍ ദാറുല്‍ ബതൂല്‍ ശിലാസ്ഥാപനം നവംബര്‍ മൂന്നിന്
എട്ടാം ക്ലാസ് മുതല്‍ പി ജി തലം വരെ സൗജന്യ പഠനത്തിന് അവസരമൊരുക്കും.
മലപ്പുറം | മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ പ്രവാചക കുടുംബത്തിലെ പെണ്‍കുട്ടികളുടെ ശാക്തീകരണത്തിനായി 25 കോടി രൂപയുടെ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുമെന്ന് മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അറിയിച്ചു. ഇതിനായി പത്ത് ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന ദാറുല്‍ ബതൂല്‍ വിദ്യാഭ്യാസ സമുച്ചയത്തിന് അടുത്ത മാസം മൂന്നിന് വൈകിട്ട് അഞ്ചിന് മഅ്ദിന്‍ എജ്യൂപാര്‍ക്കില്‍ ആയിരം സദാത്തുക്കളുടെ നേതൃത്വത്തില്‍ ശിലാസ്ഥാപനം നടത്തും. എട്ടാം ക്ലാസ് മുതല്‍ പി ജി തലം വരെ സൗജന്യ പഠനത്തിന് അവസരമൊരുക്കും.
ശരീഅ സ്‌ക്വയര്‍, സയ്യിദ് എജ്യുക്കേഷണല്‍ അഡ്വാന്‍സ്മെന്റ് മിഷന്‍, ഹെറിറ്റേജ് ആന്‍ഡ് ഖബീല റിസേര്‍ച്ച് ഫൗണ്ടേഷന്‍, സാദാത്ത് ഫാമിലി സര്‍ക്യൂട്ട്, സയ്യിദ് മെട്രോമോണിയല്‍ ബ്യൂറോ, മൊബൈല്‍ കൗണ്‍സിലിംഗ്, ഹയര്‍ സ്റ്റഡീസ് ബ്രിഡ്ജ് സ്‌കൂള്‍ തുടങ്ങിയ പത്തിന വിദ്യാഭ്യാസ പദ്ധതികള്‍ സ്ഥാപനത്തിലുണ്ടാവും.
നിലവില്‍ മഅ്ദിനിന് കീഴില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി നടത്തിവരുന്ന മഅ്ദിന്‍ ക്യൂലാന്‍ഡ്, ഹിയ അക്കാദമി, ഷീ ക്യാമ്പസ്, ദാറുസ്സഹ്റ സ്ഥാപന സംരംഭങ്ങള്‍ നടന്നു വരുന്നുണ്ട്. തങ്ങള്‍ കുടുംബത്തിലെ ആണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ കേരളത്തില്‍ നാലിടങ്ങളിലും ശ്രീലങ്കയിലും സാദാത്ത് അക്കാദമി എന്ന പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.


