Kerala
തങ്ങള്‍ കുടുംബത്തിലെ പെണ്‍കുട്ടികൾക്ക് 25 കോടിയുടെ വിദ്യാഭ്യാസ പദ്ധതി; മഅദിന്‍ ദാറുല്‍ ബതൂലിന് ശിലപാകി
1997 ല്‍ സ്ഥാപിതമായ മഅദിന്‍ അക്കാദമിയുടെ മുപ്പതാം വാര്‍ഷികത്തിന്റെ മുന്നോടിയായാണ് ദാറുൽ ബത്വൂൽ സമർപ്പിക്കുന്നതെന്ന് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി
മലപ്പുറം | തങ്ങള്‍ കുടുംബത്തിലെ പെണ്‍കുട്ടികളുടെ ശാക്തീകരണത്തിനായി 25 കോടിയുടെ വിദ്യാഭ്യാസ പദ്ധതിയായ മഅ്ദിന്‍ ദാറുല്‍ ബത്വൂലിന് നൂറ് കണക്കിന് സാദാത്തുക്കളുടെ നേതൃത്വത്തില്‍ ശിലപാകി. മഅ്ദിന്‍ എജ്യൂപാര്‍ക്കില്‍ നടന്ന പ്രൌഢമായ ചടങ്ങിന് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി.
1997 ല്‍ സ്ഥാപിതമായ മഅദിന്‍ അക്കാദമിയുടെ മുപ്പതാം വാര്‍ഷികത്തിന്റെ മുന്നോടിയായി ദാറുല്‍ ബതൂല്‍ സമൂഹത്തിന് സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശ്രീലങ്കയിലെ മുന്‍മന്ത്രിയും എം പിയുമായ മൗലാന സയ്യിദ് അലി സാഹിര്‍, മൗലാന സയ്യിദ് അഹ്‌മദ് സാഹിര്‍ ബ്രിട്ടന്‍, സയ്യിദ് ഷുഹൈബ് മൗലാന ശ്രീലങ്ക എന്നിവര്‍ മുഖ്യാതിഥികളായി. കേരളത്തിനകത്തും പുറത്തു നിന്നുമായി നിരവധി സാദാത്തുക്കള്‍ ചടങ്ങിനെത്തി. പരിപാടിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച സാദാത്ത് അപ്ഡേറ്റ്സ് കര്‍ണാടക അലൈഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. യു.ടി. ഇഫ്തികാര്‍ പ്രകാശനം ചെയ്തു.
മഅദിന്‍ എജ്യൂപാര്‍ക്കിലെ പത്ത് ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന ദാറുല്‍ ബതൂല്‍ വിദ്യാഭ്യാസ സമുച്ഛയത്തില്‍ എട്ടാം ക്ലാസ് മുതല്‍ പിജി തലം വരെ ഹോസ്റ്റല്‍ സൗകര്യത്തോടെ സൗജന്യ പഠനത്തിന് അവസരമൊരുക്കും. ശരീഅ സ്‌ക്വയര്‍, സയ്യിദ് എഡ്യുക്കേഷണല്‍ അഡ്വാന്‍സ്‌മെന്റ് മിഷന്‍, ഹെറിറ്റേജ് ആന്‍ഡ് ഖബീല റിസേര്‍ച്ച് ഫൗണ്ടേഷന്‍, സാദാത്ത് ഫാമിലി സര്‍ക്യൂട്ട്, മൊബൈല്‍ കൗണ്‍സിലിംഗ്, ഹയര്‍ സ്റ്റഡീസ് ബ്രിഡ്ജ് സ്‌കൂള്‍ തുടങ്ങിയ പത്തിന വിദ്യാഭ്യാസ പദ്ധതികള്‍ സ്ഥാപനത്തിലുണ്ടാവും.
മലപ്പുറം, മഞ്ചേരി പരിസര പ്രദേശങ്ങളിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവിധ യൂണിവേഴ്സിറ്റികളിലും പി എച്ച് ഡി, പി ജി, ഡിഗ്രി, ഹയര്‍സെക്കണ്ടറി തലങ്ങളില്‍ പ്രവേശനം ലഭിക്കുന്ന തങ്ങള്‍ കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ താമസ-ഭക്ഷണ സൗകര്യങ്ങളും ക്യാമ്പസില്‍ ഒരുക്കും.
തങ്ങള്‍ കുടുംബത്തിലെ ആണ്‍കുട്ടികള്‍ക്ക് നിലവില്‍ മഅദിന്‍ അക്കാദമിക്ക് കീഴില്‍ കേരളത്തില്‍ നാലും ശ്രീലങ്കയിലും സാദാത്ത് അക്കാദമി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇവരുടെ കലാ രംഗത്തെ ഉന്നമനത്തിനായി എല്ലാ വര്‍ഷവും അഖിലേന്ത്യാ സാദാത്ത് ഫെസ്റ്റും സംഘടിപ്പിച്ചു വരുന്നുണ്ട്. കേരളത്തിലെ വിവിധ ഖബീലകളില്‍ പെട്ട സാദാത്തുക്കളെ പങ്കെടുപ്പിച്ച് മുല്‍തഖല്‍ അശ്റാഫ് എന്ന പേരില്‍ സംഗമവും നടത്തി വരുന്നു. അഹ് ലുബൈത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവുമായ മുന്നേറ്റത്തിന് പദ്ധതികള്‍ ആവിഷ്‌കരിക്കാനും ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കാനുമാണ് മഅദിന്‍ അക്കാദമിക്ക് കീഴില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നത്.
ഫോട്ടോ ക്യാപ്ഷന്‍: തങ്ങള്‍ കുടുംബത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി മഅദിന്‍ എജ്യൂപാര്‍ക്കില്‍ നിര്‍മിക്കുന്ന ദാറുല്‍ ബതൂല്‍ വിദ്യാഭ്യാസ സംരഭത്തിന് മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ ശിലയിടുന്നു.


