up accident
ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ ട്രോളി നദിയിലേക്ക് മറിഞ്ഞ് പത്ത് പേരെ കാണാതായി
ട്രാക്ടറിന്റെ ഒരു ചക്രം ഊരിപോയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ട്രോളി നദിയിലേക്ക് പതിക്കുകയായിരുന്നു

ലഖ്‌നൗ | ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ കര്‍ഷകര്‍ യാച്ര ചെയ്ത് ട്രാക്ടര്‍ ട്രോളി ഗര നദിയിലേക്ക് മറിഞ്ഞ് പത്ത് പേരെ കാണാതായി. 15 പേര്‍ നീന്തി രക്ഷപ്പെട്ടതായാണ് വിവരം. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് അവിനാഷ് കുമാര്‍ പറഞ്ഞു. കാണാതായവരുടെ എണ്ണം പത്തില്‍ കൂടുതലുണ്ടാവാമെന്നും അദ്ദേഹം വ്യക്തമാക്കി. മുങ്ങല്‍ വിദഗ്ധരെയും സംസ്ഥാന ദുരന്ത നിവാരണ സേനയേയും വിളിച്ചിട്ടുണ്ടെന്നും അവര്‍ ഉടന്‍ സ്ഥലത്തെത്തുമെന്നാണ് പ്രതീക്ഷയെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.
ഇന്ന് രാവിലെയാണ് പാലി ഏരിയയിലെ പാലത്തില്‍വെച്ച് അപകടം നടന്നത്. വിളവെടുത്ത വെള്ളരിക്ക ചന്തയില്‍ കൊണ്ടുപോയി വിറ്റ ശേഷം തിരികെ വരികയായിരുന്ന കര്‍ഷകരാണ് അപകടത്തില്‍പ്പെട്ടത്. ട്രാക്ടറിന്റെ ചക്രങ്ങളിലൊന്ന് ഊരിവീഴുകയും ഇതോടെ ട്രാക്ടറുമായുള്ള ബന്ധം വേര്‍പ്പെട്ട ട്രോളി ഗര നദിയിലേക്ക് പതിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷിയായ ശ്യാംസിംഗ് പറഞ്ഞു.
ഇതുവരെ ട്രോളി കിടക്കുന്ന സ്ഥലം തിരിച്ചറിയാനോ ഉയര്‍ത്താനോ സാധിച്ചിട്ടില്ല. ക്രെയിനുകള്‍ ഉടനെത്തും. നദിക്ക് വലിയ ആഴമുള്ളത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.