Eduline
മാനേജ്മെന്റ് പഠിക്കാം, കുറഞ്ഞ ചെലവിൽ
മാനേജ്‌മെന്റ് വിദ്യാഭ്യാസം എന്നാൽ ഒരു സ്ഥാപനത്തിന്റെയോ, ബിസിനസ്സിന്റെയോ, അല്ലെങ്കിൽ ഒരു വിഭാഗത്തിന്റെയോ കാര്യങ്ങൾ കാര്യക്ഷമമായി ആസൂത്രണം ചെയ്യാനും സംഘടിപ്പിക്കാനും നയിക്കാനും നിയന്ത്രിക്കാനും ആവശ്യമായ അറിവും കഴിവും നൽകുന്ന അക്കാദമിക് പഠനശാഖയാണ്.
മാനേജ്‌മെന്റ് വിദ്യാഭ്യാസം എന്നാൽ ഒരു സ്ഥാപനത്തിന്റെയോ, ബിസിനസ്സിന്റെയോ, അല്ലെങ്കിൽ ഒരു വിഭാഗത്തിന്റെയോ കാര്യങ്ങൾ കാര്യക്ഷമമായി ആസൂത്രണം ചെയ്യാനും സംഘടിപ്പിക്കാനും നയിക്കാനും നിയന്ത്രിക്കാനും ആവശ്യമായ അറിവും കഴിവും നൽകുന്ന അക്കാദമിക് പഠനശാഖയാണ്.
എഫ് എം എസ് ഡൽഹി
- ഫീസ്: രണ്ട് ലക്ഷം രൂപ (ഏകദേശം)
- ശരാശരി പാക്കേജ്: 34 ലക്ഷം രൂപ
ഡൽഹി എഫ് എം എസ് സർവകലാശാലയിലെ മാനേജ്മെന്റ് സ്റ്റഡീസ് ഫാക്കൽറ്റി ഇന്ത്യയിലെ ഏറ്റവും പ്രമുഖ ബിസിനസ്സ് സ്‌കൂളാണ്. മേഖലകളിലെ നേതൃത്വപരമായ റോളുകൾക്കായി വിദ്യാർഥികളെ സജ്ജമാക്കുന്ന രീതിയിലാണ് രണ്ട് വർഷത്തെ മുഴു സമയ എം ബി എ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഒന്നാം വർഷം
അടിസ്ഥാന മോഡലുകൾ, വിശകലന ഉപകരണങ്ങൾ, പ്രധാന മാനേജ്മെന്റ് വിഷയങ്ങൾ എന്നിവ പഠിപ്പിക്കുന്നു. മാർക്കറ്റിംഗ്, ധനകാര്യം, പ്രവർത്തനങ്ങൾ, തന്ത്രം, സംഘടനാ പെരുമാറ്റം എന്നിവ വാഗ്‌ദാനം ചെയ്യുന്നു. മാനേജ്മെന്റ് ആശയങ്ങൾ പ്രയോഗിക്കാൻ വിദ്യാർഥികളെ അനുവദിക്കുന്ന നിർബന്ധിത വേനൽക്കാല ഇന്റേൺഷിപ്പോടെ കോഴ്സ് അവസാനിക്കുന്നു.
രണ്ടാം വർഷം
ഇന്റേൺഷിപ്പ് അനുഭവവും ഒന്നാം വർഷ പഠനവും അടിസ്ഥാനമാക്കിയാണ് വിദ്യാർഥികൾ അവരുടെ കരിയർ നിശ്ചയിക്കുന്നത്. പരിചയസമ്പന്നരായ ഫാക്കൽറ്റി അംഗങ്ങളും വ്യവസായ വിദഗ്ധരുമാണ് ക്ലാസ്സുകളെടുക്കുന്നത്.
ജെ ബി ഐ എം എസ് മുംബൈ
- ഫീസ്: ആറ് ലക്ഷം രൂപ
- ശരാശരി പാക്കേജ്: 28 ലക്ഷം രൂപ
മുംബൈ സർവകലാശാലക്ക് കീഴിലുള്ള പ്രമുഖ സ്ഥാപനമായ ജംനലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, അക്കാദമിക് സ്‌കോറുകൾ, സി എ ടി പ്രകടനം, വ്യക്തിഗത വിലയിരുത്തൽ ഘടകങ്ങൾ എന്നിവയുടെ വെയ്റ്റഡ് കോമ്പിനേഷൻ അടിസ്ഥാനമാക്കിയാണ് വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്
- യോഗ്യത: പൊതുവിഭാഗം ഉദ്യോഗാർഥികൾക്ക് കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള ബാച്ചിലർ ബിരുദം. അവസാന വർഷ വിദ്യാർഥികളും യോഗ്യരാണ്.
- തിരഞ്ഞെടുപ്പ് മാനദണ്ഡം: കാറ്റ് 2025 സ്‌കോർ: 50 ശതമാനം
- ക്ലാസ്സ് പത്ത് മാർക്ക്: പത്ത് ശതമാനം
- ക്ലാസ്സ് 12 മാർക്ക്: പത്ത് ശതമാനം
- ഗ്രൂപ്പ് ചർച്ച: പത്ത് ശതമാനം
- വ്യക്തിഗത അഭിമുഖം: 15 ശതമാനം
ടിസ്സ് മുംബൈ
- ഫീസ്: 1.8 ലക്ഷം രൂപ (ഏകദേശം)
- ശരാശരി പാക്കേജ്: 25 ലക്ഷം രൂപ
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, എച്ച് ആർ ഡൊമെയ്നിൽ വ്യാപകമായി അംഗീകരിക്കപ്പെട്ട എം ബി എ തത്തുല്യമായ പ്രോഗ്രാമായ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് ആൻഡ് ലേബർ റിലേഷൻസിൽ എം എ കോഴ്സിലേക്ക് വിദ്യാർഥികളെ ക്ഷണിക്കുന്നു. രണ്ട് വർഷത്തേക്ക് ഏകദേശം 1.85 ലക്ഷം രൂപ ഫീസുള്ള ഈ കോഴ്സ് രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന മാനേജ്മെന്റ് പ്രോഗ്രാമുകളിൽ ഒന്നാണ്. 60 വിദ്യാർഥികൾക്കാണ് പ്രവേശനം നൽകുന്നത്.
പ്രോഗ്രാം
സമകാലിക എച്ച് ആർ രീതികൾ, തൊഴിൽ ബന്ധങ്ങൾ, സംഘടനാപരമായ ബന്ധങ്ങൾ, വിശാലമായ ബിസിനസ്സ് മാനേജ്മെന്റ്സാധ്യതകൾ എന്നിവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു. സാമൂഹികമായി അവബോധമുള്ളവരും പ്രൊഫഷനലായി കഴിവുള്ളവരുമായ എച്ച് ആർ മാനേജർമാരെ സൃഷ്ടിക്കുന്നതിലാണ് ഈ പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഡി എഫ് എസ്, ഡൽഹി സർവകലാശാല
- ഫീസ്: ഒരു ലക്ഷത്തിൽ താഴെ
- ശരാശരി പാക്കേജ്: 17 ലക്ഷം.
ധനകാര്യ വിഭാഗത്തിൽ നൽകുന്ന പ്ലേസ്മെന്റിനും കുറഞ്ഞ ഫീസ് ഘടനക്കും പേരുകേട്ട സ്ഥാപനമാണ് ഫിനാൻഷ്യൽ സ്റ്റഡീസ് വകുപ്പ് (ഡി എഫ് എസ്). ഇൻവെസ്റ്റ്മെന്റ് ബേങ്കിംഗ്, ഫിനാൻഷ്യൽ വിശകലനം, കൺസൾട്ടിംഗ്, കോർപറേറ്റ് ഫിനാൻസ് എന്നിവയിൽ കരിയർ ലക്ഷ്യമിടുന്ന വിദ്യാർഥികളെ ഈ പ്രോഗ്രാം ആകർഷിക്കുന്നു.
ഡി ബി ഇ, ഡൽഹി സർവകലാശാല
- ഫീസ്: ഒരു ലക്ഷത്തിൽ താഴെ
- ശരാശരി പാക്കേജ്: 15 ലക്ഷം.
ബിസിനസ്സ് ഇക്കണോമിക്സ് വകുപ്പ് (ഡി ബി ഇ) പ്രായോഗിക സാമ്പത്തിക ശാസ്ത്രം, വിശകലനാധിഷ്ഠിത തീരുമാനമെടുക്കൽ, ബിസിനസ്സ് തന്ത്രം എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ബിസിനസ്സ് ഇക്കണോമിക്സിൽ രണ്ട് വർഷത്തെ എം ബി എ വാഗ്‌ദാനം ചെയ്യുന്നു. പ്ലേസ്മെന്റ് റെക്കോർഡും കുറഞ്ഞ ഫീസ് ഘടനയും മൂല്യാധിഷ്ഠിത മാനേജ്മെന്റ് വിദ്യാഭ്യാസം തേടുന്ന വിദ്യാർഥികൾക്ക് മികച്ച് ക്യാന്പസാണിത്.
ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ്
- ആകെ വാർഷിക ഫീസ്: 53,980 (പലവക, വികസന, യൂനിവേഴ്‌സിറ്റി ക്ഷേമ ഫണ്ടുകൾ ഉൾപ്പെടെ)
- രണ്ട് വർഷത്തേക്കുള്ള ആകെ ഫീസ്: 1,07,960
- പ്രോഗ്രാമുകൾ: ബിസിനസ്സ് അനലിറ്റിക്‌സ്, എച്ച് ആർ ഡി, ഇന്റർനാഷനൽ ബിസിനസ്സ് എന്നിവയിൽ എം ബി എ
കഴിഞ്ഞ വർഷത്തെ ശരാശരി പാക്കേജ് 13 ലക്ഷം രൂപയായിരുന്നു (പ്രോഗ്രാം അനുസരിച്ച് വ്യത്യാസപ്പെടുന്നു).
അനലിറ്റിക്‌സ്, മാനവ വിഭവശേഷി വികസനം, അന്താരാഷ്ട്ര ബിസിനസ്സ് എന്നിവയിൽ മേഖലാ കേന്ദ്രീകൃത എം ബി എ പ്രോഗ്രാമുകൾ വാഗ്‌ദാനം ചെയ്യുന്ന ഡി എസ് ഇ, സ്‌പെഷ്യലൈസ്ഡ് മാനേജ്‌മെന്റ് വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഇഷ്ടപ്പെട്ട കോഴ്സുകൾ നൽകുന്നുണ്ട്.
കുറഞ്ഞ ചെലവിൽ മാനേജ്മെന്റ് പഠനം ആഗ്രഹിക്കുന്നവർക്ക് ഈ ക്യാന്പസുകളിൽ പ്രവേശനം നേടാം.



