Connect with us

From the print

ഒമ്പത് ജില്ലകളില്‍ മഞ്ഞ ജാഗ്രത; തീവ്രമഴ തുടരും

ഒമ്പത് അണക്കെട്ടുകളില്‍ ചുവപ്പ് ജാഗ്രതാ നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം | വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഒമ്പത് അണക്കെട്ടുകളില്‍ ദുരന്ത നിവാരണ സമിതി ചുവപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.

ഇടതടവില്ലാതെ തുടരുന്ന മഴയില്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നു. കെ എസ് ഇ ബി വൈദ്യുതി ആവശ്യത്തിന് ഉപയോഗിക്കുന്ന കക്കി, മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത്, ബാണാസുര സാഗര്‍ അണക്കെട്ടിലും ജലസേചന വകുപ്പിന്റെ മീങ്കര, വാളയാര്‍, പോത്തുണ്ടി ഡാമുകളിലുമാണ് ജലനിരപ്പ് ഉയര്‍ന്നത്.

മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, പെരിങ്ങല്‍ക്കുത്ത്, മീങ്കര, വാളയാര്‍, പോത്തുണ്ടി ഡാമുകളില്‍ മുന്‍കരുതലിന്റെ ഭാഗമായി ജലം തുറന്നുവിടുന്നുണ്ട്. അണക്കെട്ടുകളുടെ പരിസരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി. ഇടുക്കി അണക്കെട്ടില്‍ സംഭരണശേഷിയുടെ 74.37 ശതമാനം ജലം ലഭിച്ചു. ഇന്നലെ 2380.56 അടിയാണ് ജലനിരപ്പ്.

അതിനിടെ, കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് തീവ്രമഴ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഇന്ന് മഞ്ഞ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

താമരശ്ശേരി ചുരം വീണ്ടുമിടിഞ്ഞു; ഗതാഗത നിയന്ത്രണം
കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും വീണ്ടും മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണമേര്‍പ്പെടുത്തി. ചുരം റോഡ് വഴി ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാനാണ് തീരുമാനം.

മഴ ശക്തമായ സമയങ്ങളില്‍ ഗതാഗതം അനുവദിക്കില്ലെന്നും മഴ കുറയുമ്പോള്‍ ഒറ്റ വരിയായി വാഹനങ്ങള്‍ കടത്തിവിടുമെന്നും കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂര്‍ റോഡും ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അവശ്യ വാഹനങ്ങള്‍ പോലീസ് അനുമതിയോടെ കടത്തിവിടും.

അതിനിടെ, കുറ്റ്യാടി ചുരത്തിലും ചെറിയ തോതില്‍ മണ്ണിടിച്ചിലുണ്ടായത് ആശങ്കയുണ്ടാക്കുന്നു. മണിക്കൂറുകളെടുത്താണ് ഇതുവഴി വാഹനങ്ങള്‍ പോകുന്നത്.

ചുരത്തില്‍ മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് രൂപപ്പെട്ട ചാലിലൂടെ ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടാകുന്നുണ്ട്. 80 അടി ഉയരത്തിലാണ് ഇവിടെ മണ്ണിടിച്ചിലുണ്ടായത്. അതിനാല്‍, അപകടസാധ്യത കൂടുതലാണ്. കോഴിക്കോട്, വയനാട് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചുരം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

 

 

Latest