Kerala
ശബരിമല സ്വര്‍ണക്കൊള്ള: രേഖകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി; മുന്നറിയിപ്പുമായി എസ്‌ഐടി
ശബരിമലയിലെ മരാമത്ത് രേഖകള്‍ ഉള്‍പ്പെടെ അന്വേഷണത്തിന് അനിവാര്യമാണെന്നും രേഖകള്‍ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനി സാവകാശം നല്‍കാന്‍ ആകില്ലെന്നും എസ്‌ഐടി
പത്തനംതിട്ട| ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. രേഖകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്‌ഐടി മുന്നറിയിപ്പ് നല്‍കി. ഇനി സാവകാശം നല്‍കാനാകില്ലെന്നും എസ്‌ഐടി വ്യക്തമാക്കി. 1999 ല്‍ വിജയ് മല്യ സ്വര്‍ണ്ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഉടന്‍ ലഭ്യമാക്കണം. ശബരിമലയിലെ മരാമത്ത് രേഖകള്‍ ഉള്‍പ്പെടെ അന്വേഷണത്തിന് അനിവാര്യമാണെന്നും രേഖകള്‍ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനി സാവകാശം നല്‍കാന്‍ ആകില്ലെന്നും എസ്‌ഐടി മുന്നറിയിപ്പ് നല്‍കി.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥന്‍ മുരാരി ബാബുവിനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും. എസ്‌ഐടി കസ്റ്റഡി അപേക്ഷ നല്‍കും. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയും മുരാരി ബാബുവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതോടെ കേസിലെ ഗൂഢാലോചന അടക്കം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രത്യേക അന്വേഷണസംഘം കരുതുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി ഈ മാസം 30ന് അവസാനിക്കും.


