Socialist
വിസ്മയങ്ങളെ... നിങ്ങളും വാരിയന്‍കുന്നനും തമ്മിലെന്ത്?

സാമൂഹിക മാധ്യമങ്ങളിലെ നിറഞ്ഞ ചര്‍ച്ചക്കൊപ്പം റെമീസ് മുഹമ്മദിന്റെ വാരിയന്‍കുന്നനും വായിച്ചു കേട്ടു. ഒപ്പം സമകാലിക സാഹചര്യത്തില്‍ മലബാര്‍ വിപ്ലവത്തെ പ്രതിനിധീകരിച്ചു പുറത്തിറങ്ങിയ ചില പുസ്തകങ്ങളെയും പരിചയപ്പെട്ടു. എഴുത്തുകാരുടെ പിന്നാമ്പുറം അനാവരണം ചെയ്യും മുമ്പ് ചിലത് പറയേണ്ടതുണ്ട്.
1. ഗവേഷണങ്ങള്‍ പൂര്‍ണമായ തീര്‍പ്പുകളല്ല
വീണ്ടും അന്വേഷിക്കാനും മറ്റു പലതിലേക്കും വിശാലമായി പ്രവേശിക്കാനുമുള്ള ഗേറ്റ് വേകള്‍ മാത്രമാണ്. ‘an average thesis is nothing but a transference of bones from one graveyard to another.’ വര്‍ഷങ്ങളുടെ ഗവേഷണ ഫലത്തെ ചോദ്യം ചെയ്യരുതെന്നും, അവയിലെ തിരുത്തപ്പെടേണ്ട ധാരണകളെ പൊളിക്കരുതെന്നും, അവയ്ക്കു നേരെ ഉയരുന്ന കാമ്പുള്ള ശബ്ദങ്ങള്‍ ‘ഒറ്റുകാരുടെ ഒച്ചയെന്നും’ വരുത്തിത്തീര്‍ക്കലൊരു തരം ഭീരുത്വമാണ്.
വീണ്ടും വായിച്ചും ഗണിച്ചും ഹരിച്ചുമാണ് ഇതാണ് ശരി എന്ന് ഉറപ്പിച്ച തീര്‍പ്പുകളെ പലതിനെയും പൊളിച്ചെഴുത്ത് നടത്തിയത്. ഇത് മതി ഇതിനപ്പുറമില്ല എന്നായിരുന്നെകില്‍ ഗലീലിയോ മുതല്‍ ഐന്‍സ്റ്റീന്‍ വരെയുള്ളവരും തിരുത്തപ്പെട്ട തിയറികളും അപ്രസക്തമായേനെ?. പ്ലൂട്ടോ ഇന്നുമൊരു ഗ്രഹമായി പാഠ പുസ്തകങ്ങളില്‍ ഭ്രമണം ചെയ്‌തേനെ.
ഗവേഷണങ്ങളേ അംഗീകരിക്കൂ, ബഹുമാനിക്കൂ എന്നു മുറവിളി കൂട്ടുന്നവരോട് മത പരിസരത്തു നിന്നൊരു ചോദ്യം കൂടിയുണ്ട്. ഇവിടെ ഒരു വ്യക്തിയും ഒരു കുറഞ്ഞ കാലയളവും മാത്രമാണ് ഗവേഷണ വിഷയമെങ്കില്‍, എല്ലാ കാലത്തേക്കുമുള്ള വിശുദ്ധ ഖുര്‍ആനും ഹദീസുകളും ആഴ്ന്നിറങ്ങി പഠിച്ചു മത ചിട്ടകള്‍ക്ക് രൂപമേകിയ ഇമാമുകളും അവരുടെ സരണികളും തുടര്‍ ഗവേഷകരായ പണ്ഡിതന്മാരും അവരുടെ ഗ്രന്ഥങ്ങളും ഇപ്പോഴും നിങ്ങളുടെ പടിക്ക് പുറത്തു തന്നെയല്ലേ ?.
2. ഒരു ചിത്രം ഒന്നുമല്ല
ഇസ്ലാമിക പരിസരത്തെ അറിയുന്നവര്‍ക്ക് നിസാരമായിത് പറയാനാകും. കാരണം തിരു നബി(സ)യും ശ്രേഷ്ഠ സ്വഹാബികളും വിശ്വാസികളുടെ ഉള്ളില്‍ നിറഞ്ഞു തുളുമ്പുന്നത് ഒരു ചിത്രത്തിന്റെയും പിന്‍ ബലത്തിലല്ല. ബദറും ഉഹദും ഖന്ദക്കും ഖൈബറും തുടങ്ങി പോരാട്ടങ്ങളുടെ ചൂടും ചൂരും പോരാളികളുടെ പേരും മുസ്ലിങ്ങള്‍ നെഞ്ചിലിട്ടു നടക്കുന്നത് ഒരു ചിത്രീകരണത്തിന്റെയും പിന്‍ബലത്തിലല്ല. ഇമാം അബൂ ഹനീഫ(റ)യും ഇമാം ഷാഫി(റ)യും ഇമാം മാലിക്കും(റ) ഇമാം അഹ്‌മദ് ബിന്‍ ഹമ്പലും (റ) കോടി മനുഷ്യരുടെ ജീവിത ചിട്ടകളുടെ ഭാഗമായത് ഒരു പടവും കണ്ടിട്ടല്ല. ശൈഖ് മുഹിയുദ്ധീനും ആത്മീയ പുരുഷരും ഉമ്മത്തിന്റെ ഉള്ളു തൊടുന്നത് ചല ചിത്രങ്ങളില്‍ നിറഞ്ഞാടിയിട്ടുമല്ല. ഉജ്ജ്വലമായ ആവിഷ്‌കാരങ്ങളൊരുക്കിയ മഹാ പുരുഷര്‍ എന്നും സമൂഹത്തിന്റെ ഓര്‍മപ്പുറത്തുണ്ടാകും. വാരിയന്‍കുന്നനും അപ്രകാരമാണ്.. ചിത്രം ഉണ്ടെങ്കിലും ഇല്ലെങ്കിലും.
3. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി-ചിത്രത്തിനു മുമ്പും ശേഷവും
ചരിത്ര ഗവേഷണത്തോടൊപ്പം ചേര്‍ത്ത ചിത്രത്തിന്റെ ചരിത്ര പിന്‍ബലത്തെ ചോദ്യം ചെയ്യുന്നവരെല്ലാം ‘ചേക്കുട്ടി പോലീസാകുന്ന’ പുതുമയുള്ളൊരേര്‍പ്പാട് കൂടിയുണ്ട് സൈബറിടത്തില്‍.
ശരിക്കും വാരിയന്‍കുന്നനാരായിരുന്നു?
മാലയും മൗലിദും നേര്‍ച്ചയും ചീരണിയും ജീവിതത്തോട് ചേര്‍ത്തു കെട്ടിയ, പാരമ്പര്യ മുസ്ലിങ്ങളുടെ ജീവിത ചിട്ടകളെല്ലാമുള്ളൊരാള്‍. ആലി മുസ്ലിയാരുടെ സഹോദരന്‍ മമ്മദ് മുസ്ലിയാരുടെ ദര്‍സില്‍ ഓതി പഠിച്ചൊരു മൊയ്‌ലാരൂട്ടി. ആത്മീയ സരണികളുടെ ഉപാസകനും ബദര്‍ മാലയും യുദ്ധകാവ്യങ്ങളും ശുഹദാ മൗലിദും സംഘടിപ്പിച്ച സംഘാടകനും. ഖിലാഫത്തിന്റെ സ്‌നേഹിതന്‍.
പ്രൊഫൈലില്‍ പുതിയ ചിത്രവും ചേര്‍ത്തു വികാരം കൊള്ളുന്ന വിസ്മയങ്ങളേ… ഈ വാരിയന്‍ കുന്നനും നിങ്ങളും തമ്മില്‍ ശരിക്കുമെന്താണ് ബന്ധം? നിങ്ങളുടെ ശിര്‍ക്കിന്റെ മാപിനികിള്‍ കൊണ്ടളന്ന് തുടങ്ങിയാല്‍ ഏതു ഗണത്തിലാണ് മൂപ്പര്‍ പെടുക? സ്വന്തം പേജില്‍ പോലും ഒരു വരിയിലൊരു നബിദിന സന്ദേശമോ, നബിദിന കുറിപ്പോ എഴുതാന്‍ ഉള്ളുറപ്പില്ലാത്ത പ്രസ്ഥാന സിങ്കങ്ങളേ നിങ്ങള്‍ക്കെങ്ങനെയാണ് മൗലിദോതുന്ന വാരിയന്‍കുന്നനെ ഉള്‍ക്കൊള്ളാനാവുക?
4. ബാലന്‍സ് ഷീറ്റ്
പട്ടേല്‍ വാഴ്ത്തപ്പെടുകയും അബേദ്ക്കര്‍ ഫാസിസ്റ്റ് ഫ്‌ളക്‌സുകളില്‍ നിറഞ്ഞു ചിരിക്കുകയും ചെയ്യുന്നൊരു പൊളിറ്റിക്‌സിന് രാജ്യത്തിപ്പോ നല്ല മാര്‍ക്കറ്റുണ്ട്. ആ വഴിയിലൂടെയെങ്കിലും ഐക്കണുകള്‍ ഉയര്‍ത്തിക്കാട്ടി വികാര വിജ്രംഭിതരാക്കി കടന്നു കൂടാനുള്ള പഴുത് തേടുകയാണ് ചിലരിതില്‍.