Connect with us

Articles

'മോദിഫാക്ടര്‍' വീണ്ടും മിഥ്യയാകുമോ?

ആവേശം ജനിപ്പിക്കുന്ന പോരാട്ടമാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നടക്കുന്ന മധ്യപ്രദേശിലേത്. അഭിപ്രായ സര്‍വേകളില്‍ കോണ്‍ഗ്രസ്സിനാണ് മുന്‍തൂക്കമെങ്കിലും വോട്ട് വിഹിതം ബി ജെ പിക്കായിരിക്കുമെന്നാണ് പ്രവചനങ്ങള്‍. കൗതുകം നിറക്കുന്ന ഈ കണക്കാണ് മധ്യപ്രദേശ് തിരഞ്ഞെടുപ്പിനെ ത്രസിപ്പിക്കുക, ക്ലൈമാക്സിലേക്ക് നയിക്കുക.

Published

|

Last Updated

തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഏറ്റവും ആവേശം ജനിപ്പിക്കുന്ന പോരാട്ടമാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നടക്കുന്ന മധ്യപ്രദേശിലേത്. അഭിപ്രായ സര്‍വേകളില്‍ കോണ്‍ഗ്രസ്സിനാണ് മുന്‍തൂക്കമെങ്കിലും വോട്ട് വിഹിതം ബി ജെ പിക്കായിരിക്കുമെന്നാണ് പ്രവചനങ്ങള്‍. കൗതുകം നിറക്കുന്ന ഈ കണക്കാണ് മധ്യപ്രദേശ് തിരഞ്ഞെടുപ്പിനെ ത്രസിപ്പിക്കുക, ക്ലൈമാക്സിലേക്ക് നയിക്കുക.

ബി ജെ പിയിലെ പ്രതിസന്ധി
2003 മുതല്‍ നീണ്ട 15 വര്‍ഷത്തെ ബി ജെ പി ഭരണത്തിന് അന്ത്യം കുറിച്ചാണ് 2018ല്‍ കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് അധികാരം പിടിച്ചത്. 230 അംഗ സഭയിലെ ഫലം വന്നപ്പോള്‍ ബി ജെ പിക്കോ കോണ്‍ഗ്രസ്സിനോ കേവല ഭൂരിപക്ഷം നേടാനായിരുന്നില്ല. 114 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ്സ് ബി എസ് പി, സമാജ് വാദി പാര്‍ട്ടികളുടെയും നാല് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് കമല്‍നാഥിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരിച്ചത്. എന്നാല്‍ ഒരു വര്‍ഷവും 97 ദിവസവും മാത്രമായിരുന്നു ആ സര്‍ക്കാറിന് ആയുസുണ്ടായത്. കോണ്‍ഗ്രസ്സിന്റെ യുവ നേതാവും രാഹുല്‍ ബ്രിഗേഡിലെ പ്രധാനിയുമായ ജ്യോതിരാദിത്യ സിന്ധ്യ ബി ജെ പിയിലേക്ക് കളം മാറി ചവിട്ടിയതാണ് കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ നിന്ന് പുറത്തിരുത്താന്‍ കാരണമായത്. തിരഞ്ഞെടുപ്പ് രംഗത്ത് കാര്യമായ പണിയെടുത്ത സിന്ധ്യക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസരം നല്‍കാതെ മുതിര്‍ന്ന നേതാവായ കമല്‍നാഥിനെ പരിഗണിച്ചതില്‍ സിന്ധ്യ അനുയായികള്‍ക്കിടയിലുണ്ടായ വൈമനസ്യം മുതലടുത്താണ് ബി ജെ പി ഓപറേഷന്‍ താമരയിലൂടെ തന്ത്രങ്ങള്‍ മെനഞ്ഞത്. അന്ന് സിന്ധ്യക്കൊപ്പം 21 എം എല്‍ എമാരാണ് രാജിവെച്ച് പാര്‍ട്ടിവിട്ടത്. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 18 സീറ്റുകള്‍ കോണ്‍ഗ്രസ്സിന് നഷ്ടപ്പെടുകയും ശിവരാജ് സിംഗ് ചൗഹാന്‍ സര്‍വ പ്രതാപത്തോടെ അധികാരം തിരിച്ചു പിടിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടങ്ങോട്ട് സംസ്ഥാനത്ത് ബി ജെ പിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ചൗഹാന്‍ തന്നെ മുഖ്യമന്ത്രിയായി വന്നത് ഭരണവിരുദ്ധ വികാരം അനിയന്ത്രിതമായ അളവിലേക്ക് ഉയര്‍ത്തി. കുതിരക്കച്ചവടത്തിലൂടെ നേടിയ ഭരണം പിന്നീട് ബി ജെ പിക്ക് ബാധ്യതയായി മാറുകയായിരുന്നു. അതേസമയം പാര്‍ട്ടിയിലും പ്രശ്നങ്ങള്‍ മുളച്ചു പൊന്തി. ചൗഹാന്റെ ശത്രുക്കളുടെ എണ്ണവും കൂടി. സര്‍ക്കാറിനെതിരെ അഴിമതി ആരോപണങ്ങള്‍ കൂടി ഉയര്‍ന്നതോടെ ജനപിന്തുണയിലും കാര്യമായ ഇടിവുണ്ടായി. ഇതോടെ അമിത് ഷാ സംസ്ഥാനത്ത് കാര്യമായി ഇടപെടാനും തുടങ്ങി. സംസ്ഥാനത്തുടനീളം തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ജന്‍ ആശീര്‍വാദ് യാത്രക്ക് നേതൃത്വം നല്‍കാനുള്ള അവസരവും ഇതോടെ ചൗഹാന് നിഷേധിക്കപ്പെട്ടു. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ആരംഭിച്ച അഞ്ച് യാത്രകള്‍ കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി എന്നിവര്‍ സെപ്തംബര്‍ രണ്ടിനും അഞ്ചിനും ഇടയില്‍ സംസ്ഥാനത്തിന്റെ അഞ്ച് കോണുകളില്‍ നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്തപ്പോള്‍ മധ്യപ്രദേശില്‍ ഭരണകക്ഷിയുടെ സൂപ്പര്‍ ബോസായ മുഖ്യമന്ത്രിക്ക് പ്രതാപകാലത്തിന്റെ ഓര്‍മകള്‍ അയവിറക്കി ഇരിക്കാനായിരുന്നു നിയോഗം. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരത്തിന്റെ തീവ്രത തിരിച്ചറിഞ്ഞാണ് തിരഞ്ഞെടുപ്പിന് ശേഷമേ മുഖ്യമന്ത്രിയെ തീരുമാനിക്കൂ എന്ന് അമിത് ഷാ പ്രസ്താവിച്ചത്. അതുകൊണ്ട് തന്നെ നാല് തവണ മുഖ്യമന്ത്രിയായ ചൗഹാന് ഇനിയൊരവസരം ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. മുഖ്യമന്ത്രിയെ ഉയര്‍ത്തി കാണിക്കാന്‍ കഴിയാത്ത പ്രതിസന്ധി നിലനില്‍ക്കെയാണ് 2018ല്‍ കോണ്‍ഗ്രസ്സ് വിട്ട് വന്ന സിന്ധ്യയുടെ വിശ്വസ്തനായ മുന്നാലാല്‍ ഗോയലിന് സീറ്റ് നിഷേധിച്ചതോടെയുണ്ടായ ബഹളങ്ങളും ബി ജെ പിക്ക് തലവേദനയായി മാറുന്നത്. അതേസമയം ഇതിനെയെല്ലാം മറികടക്കാന്‍ മോദി ഫാക്ടറിന് കഴിയും എന്നാണ് ബി ജെ പി കേന്ദ്ര നേതൃത്വം കരുതുന്നത്. എന്നാല്‍ കര്‍ണാടകയില്‍ പാളി പ്പോയ മോദിയെ കേന്ദ്രീകരിച്ചുള്ള തന്ത്രം മധ്യപ്രദേശിലും ബി ജെ പിയെ കൈവിടാനാണ് സാധ്യത. അയോധ്യ എല്ലാ കാലത്തും മധ്യപ്രദേശില്‍ ബി ജെ പിക്ക് വലിയ നേട്ടം കൊണ്ടുവന്ന തിരഞ്ഞെടുപ്പ് വിഷയമായിരുന്നു. എന്നാല്‍ കമല്‍നാഥിന്റെ ഹിന്ദുത്വ അജന്‍ഡകള്‍ ബി ജെ പിയുടെ ഹിന്ദുത്വ കാര്‍ഡിന് ചെക്ക് വെക്കാന്‍ പാകത്തില്‍ ശക്തി കൈവരിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു വെല്ലുവിളി. ഒരു പരിധിക്കപ്പുറം മധ്യപ്രദേശില്‍ പോലും ഹിന്ദുത്വ ഒരു തിരഞ്ഞെടുപ്പ് വിഷയമാക്കി വിജയിപ്പിക്കാന്‍ ബി ജെ പിക്ക് ഇപ്പോള്‍ കഴിയുകയുമില്ല.

കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷകള്‍
ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസ്സിന് തുണയാകും എന്നാണ് പൊതുവെയുളള വിലയിരുത്തല്‍. വിലക്കയറ്റവും തൊഴിലില്ലായ്മയും അഴിമതിയുമാണ് കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പ് രംഗത്ത് കാര്യമായി ഉയര്‍ത്തി കാണിക്കുന്നത്. രാമക്ഷേത്രം ഉയര്‍ത്തിയുള്ള അമിത് ഷായുടെ ചൂണ്ടയില്‍ കോണ്‍ഗ്രസ്സ് ഇതുവരെ കൊത്തിയിട്ടില്ല. മത ധ്രുവീകരണം ലക്ഷ്യം വെക്കുന്ന ബി ജെ പി നേതാക്കളുടെ ചോദ്യങ്ങളോട് മുന്‍കാലങ്ങളേക്കാള്‍ ജാഗ്രതയോടെയാണ് കോണ്‍ഗ്രസ്സ് പ്രതികരിക്കുന്നത്. എന്നാല്‍ സ്വന്തം നിലയില്‍ പുതിയ ഹിന്ദുത്വ കാര്‍ഡ് ഇറക്കിയാണ് കമല്‍നാഥ് പ്രചാരണ രംഗം കീഴടക്കുന്നത്. കോണ്‍ഗ്രസ്സ് ഹിന്ദു വിരുദ്ധമാണെന്ന ബി ജെ പിയുടെ മുന്‍ കാലങ്ങളിലെ ആവര്‍ത്തിച്ചുള്ള അവകാശവാദത്തിന് തടയിടാനും കമല്‍നാഥിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല താനൊരു നല്ല ഹിന്ദുവാണെന്നും മുഖ്യമന്ത്രി ചൗഹാനേക്കാള്‍ കൂടുതല്‍ പണം രാമക്ഷേത്രത്തിന് സംഭാവന നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ്സ് നേതാവ് ദിഗ് വിജയ് സിംഗും നേരത്തേ തുറന്നു പറഞ്ഞിരുന്നു. ഇത് ന്യൂനപക്ഷ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കുമെങ്കിലും ഹിന്ദു വോട്ട് കൊണ്ട് ബാലന്‍സ് ചെയ്യപ്പെടും. കമല്‍നാഥിന്റെയും ദിഗ് വിജയ് സിംഗിന്റെയും നേതൃത്വത്തെയാണ് മധ്യപ്രദേശ് കോണ്‍ഗ്രസ്സ് കാര്യമായി ആശ്രയിക്കുന്നത്. പരിചയ സമ്പന്നരായ ഈ രണ്ട് നേതാക്കള്‍ക്കും സംസ്ഥാനത്ത് മികച്ച രാഷ്ട്രീയ അനുഭവവും വലിയ അനുയായികളും ഉണ്ടെങ്കിലും പാര്‍ട്ടി അവരെ അമിതമായി ആശ്രയിക്കുന്നത് തിരഞ്ഞെടുപ്പില്‍ വെല്ലുവിളി ഉയര്‍ത്തിയേക്കാം. യുവ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാകത്തിലുള്ള നേതാക്കളില്ലാത്തത് പാര്‍ട്ടിക്ക് മുന്നില്‍ വലിയ വെല്ലുവിളിയാകും. അതേസമയം രാഹുല്‍ വലിയ കരിഷ്മയുള്ള നേതാവായി മാറുകയും ചെയ്യുന്നു എന്നതാണ് മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് പാര്‍ട്ടിക്ക് ബോണസായി മാറുന്ന വലിയ ഘടകം.

ജാതി മത സമവാക്യങ്ങള്‍
90 ശതമാനത്തിലധികം ഹിന്ദു ജനസംഖ്യയുള്ള സംസ്ഥാനത്ത് ഏഴ് ശതമാനത്തോളം വരുന്ന മുസ്ലിംകളാണ് രണ്ടാമത്തെ മതവിഭാഗം. എന്നാല്‍ ഈ ജനസംഖ്യക്ക് തിരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി സ്വാധീനിക്കാന്‍ ശേഷിയില്ല എന്നതാണ് വസ്തുത. അതേസമയം ജാതി കണക്കുകളില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പട്ടിക വര്‍ഗ ജനസംഖ്യയുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. 21 ശതമാനം വരുന്ന പട്ടിക വര്‍ഗക്കാരും 15 ശതമാനം വരുന്ന ദളിതരും സംസ്ഥാനത്ത് വിലപേശലിന് ശക്തിയുള്ള വലിയ വോട്ട് ബേങ്കായി നിലകൊള്ളുന്നുണ്ട്. കഴിഞ്ഞ തവണ ബി ജെ പിക്ക് അടി തെറ്റിയതിന് കാരണവും ഈ വോട്ട് ബേങ്കിലെ ചോര്‍ച്ചയായിരുന്നു. ഏറെക്കാലമായി ബി ജെ പിക്കായിരുന്നു ഈ വോട്ട് ലഭിച്ചുകൊണ്ടിരുന്നത്. ഛത്തീസ്ഗഢ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആദിവാസി മേഖലയില്‍ നേരിട്ട തിരിച്ചടിയെ അതിജീവിക്കുക എന്ന ലക്ഷ്യമാണ് ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതിയാക്കി ഉയര്‍ത്തിയതിന് പിന്നിലെ രാഷ്ട്രീയം. അത്രമാത്രം പ്രാധാന്യത്തോടെയാണ് ബി ജെ പി അവര്‍ക്കേറ്റ തിരിച്ചടിക്ക് ശേഷം ഈ വോട്ട് ബേങ്കിനെ സമീപിച്ചിരുന്നത്. മോദിയുടെ വലിയ സൗജന്യങ്ങളും പ്രഖ്യാപിക്കപ്പെട്ടത് ഈ അവസരത്തിലാണ്. ഇത് കോണ്‍ഗ്രസ്സിന് ഒരുപക്ഷേ തിരിച്ചടിയായേക്കാം. ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രതിമാസം 1,250 രൂപ നല്‍കുന്നത് കോണ്‍ഗ്രസ്സ് 1,500 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഇത് കോണ്‍ഗ്രസ്സിന് മുന്‍തൂക്കം നല്‍കും.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജാതി സമൂഹങ്ങളുള്ള സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്തുമെന്ന കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപനം വലിയ അളവില്‍ സംസ്ഥാനത്ത് ചര്‍ച്ചയായിട്ടുണ്ട്. ഇന്ത്യ മുഴുവന്‍ ബിഹാര്‍ മോഡല്‍ ജാതി സെന്‍സസ് എന്ന ആശയത്തെ കോണ്‍ഗ്രസ്സ് എല്ലാ സംസ്ഥാനങ്ങളിലും കാര്യമായ തിരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തുന്നുണ്ട്. ഇത് മധ്യപ്രദേശിനപ്പുറം 2024ലേക്ക് കൂടി കോണ്‍ഗ്രസ്സിന് വലിയ മൂലധനമായി മാറും എന്നത് തീര്‍ച്ചയാണ്.

 

 

Latest