Connect with us

Kerala

വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്: വൃദ്ധ ദമ്പതികളുടെ 1.40 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഗുജറാത്ത് സ്വദേശി അറസ്റ്റില്‍

ഗുജറാത്ത് ആനന്ദ് നഗര്‍ ജില്ലയില്‍ കല്‍വാഡിയ സ്വദേശി ആനന്ദ് സമ്പായ് (32) ആണ് അറസ്റ്റിലായത്.

Published

|

Last Updated

മല്ലപ്പള്ളി | വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വൃദ്ധ ദമ്പതികളില്‍ നിന്നും 1.40 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി കീഴ്‌വായ്പുര്‍ പോലീസിന്റെ പിടിയിലായി. ഗുജറാത്ത് ആനന്ദ് നഗര്‍ ജില്ലയില്‍ കല്‍വാഡിയ സ്വദേശി ആനന്ദ് സമ്പായ് (32) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ നവംബര്‍ 18ന് മുബൈ ക്രൈംബ്രാഞ്ചില്‍ നിന്നും ആണെന്ന് പറഞ്ഞ് വൃദ്ധ ദമ്പതിയെ വിളിച്ചിട്ട് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വെര്‍ച്വല്‍ അറസ്റ്റിലാണെന്നും അറിയിച്ചു. കുറ്റകൃത്യത്തിനായി ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ നിങ്ങളുടെ പേരിലുള്ളതാണെന്നും കുട്ടികളുടെ ഫോട്ടോ അയച്ചു കൊടുത്ത് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. ഇതിനെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ ചെമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ ജാമ്യം എടുക്കണമെന്നും അല്ലെങ്കില്‍ നിങ്ങളുടെ ലോക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് വാറണ്ടയച്ച് അറസ്റ്റ് ചെയ്യുമെന്നും സൈബര്‍ കേസ് ആയതിനാല്‍ വിവരം ആരോടും പറയരുതെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇങ്ങനെ പല തവണകളിലായി ഒരു കോടി 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. വീണ്ടും 38 ലക്ഷം രൂപ കൂടി അയച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഫെഡറല്‍ ബേങ്കില്‍ എത്തിയ സമയത്ത് ബേങ്കിന്റെയും പോലീസിന്റെയും ഇടപെടല്‍ മൂലം പണം അയക്കുന്നത് തടഞ്ഞു. തുടര്‍ന്ന് കീഴ്‌വായ്പുര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആര്‍ രാജേഷ് കുമാര്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

പ്രതി സമാനസംഭവവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ മോര്‍ബി സബ് ജയിലില്‍ കഴിയുകയാണെന്ന് അന്വേഷണത്തില്‍ വിവരം ലഭിച്ചു. തുടര്‍ന്ന് മോര്‍ബി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെത്തി ഉത്തരവ് വാങ്ങി പ്രതിയെ കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിക്കുകയായിരുന്നു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആറിന്റെ നിര്‍ദേശപ്രകാരം കീഴ്വായ്പുര്‍ എസ് ഐ. ഇ എസ് സതീഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ നെവിന്‍, റമീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ഗുജറാത്തില്‍ നിന്നും കസ്റ്റഡിയിലെടുത്ത് നാട്ടിലെത്തിച്ചത്. പ്രതിയെ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത ശേഷം തിരികെ ഗുജറാത്തിലെ മോര്‍ബി സബ് ജയിലിലേക്ക് കൊണ്ടുപോയി. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

---- facebook comment plugin here -----

Latest