Kerala
എ ഡി എം നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണത്തിന് കോടതി ഉത്തരവ്
അന്വേഷണ സംഘം വിട്ടുകളഞ്ഞ നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍| മുന്‍ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ പഴുതുകള്‍ ചൂണ്ടിക്കാട്ടി കുടുംബം നല്‍കിയ ഹരജിയില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്.
തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ഹരജി ഭാഗികമായി അംഗീകരിച്ച കോടതി, അന്വേഷണ സംഘം വിട്ടുകളഞ്ഞ നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ആവശ്യപ്പെട്ടു.
അന്വേഷണ ഉദ്യോഗസ്ഥനായ എസിപി രത്‌നകുമാറിന് രാഷ്ട്രീയ ബന്ധമുണ്ടെന്നും പ്രതി പി പി ദിവ്യയെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയില്‍ വാദിച്ചിരുന്നു. പി പി ദിവ്യയുടെ ഫോണ്‍ കോള്‍ ലിസ്റ്റ് ഉള്‍പ്പെടെയുള്ളവ കുറ്റപത്രത്തിനൊപ്പം ഹാജരാക്കാത്തത് ഗൂഢാലോചന മറച്ചുവെക്കാനാണെന്നും കുടുംബം ആരോപിച്ചു.
2024 ഒക്ടോബര്‍ 15നാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറി പോകാനിരുന്ന നവീന്‍ ബാബുവിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍, അന്നത്തെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അതിക്രമിച്ചു കയറി അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നാണ് കേസ്.





