Connect with us

National

പൂനെയില്‍ മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം: മൃതദേഹവുമായി വന്‍ പ്രതിഷേധം

ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തില്‍ പ്രതിയായ ഭിംറാവു കാബ്ലെ (65)യെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Published

|

Last Updated

പൂനെ | മഹാരാഷ്ട്രയിലെ പൂനെയില്‍ മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വന്‍ പ്രതിഷേധം. പൂനെയിലെ മുംബൈ-ബെംഗളൂരു ദേശീയപാതയില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. ഇതേ തുടര്‍ന്ന് നാല് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. നവാലെ പാലത്തിന് സമീപത്തായിരുന്നു ഉപരോധം.

കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് മൃതദേഹം റോഡില്‍ വച്ച ശേഷം പ്രതിഷേധിച്ചത്. പ്രതിയായ 65 വയസ്സുകാരനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഉപരോധത്തെ തുടര്‍ന്ന് റോഡില്‍ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടതിന്റെ നിരവധി വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പിന്നീട് അര്‍ധരാത്രിക്കു ശേഷം കുട്ടിയുടെ മൃതദേഹം പൂനെയിലെ വൈകുണ്ഡ് ശ്മശാനത്തില്‍ സംസ്‌കരിച്ചു. വന്‍ പോലീസ് സുരക്ഷയിലായിരുന്നു സംസ്‌കാരം.

സംഭവത്തില്‍ പ്രതിയായ ഭിംറാവു കാബ്ലെയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതി കുട്ടിയുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഒരു സ്വകാര്യ വസതിയില്‍ നിന്ന് പോലീസിന് ലഭിച്ചിരുന്നു. കുട്ടിയെ ഒരു കന്നുകാലി തൊഴുത്തിലേക്ക് കൊണ്ടുപോയാണ് ഇയാള്‍ ബലാത്സംഗത്തിന് ഇരയാക്കിയത്. തുടര്‍ന്ന് കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Latest