Articles
യു എ ഇയുടെ പിന്മാറ്റവും ഒപെക്കിന്റെ ഭാവിയും
രാജ്യത്തിന്റെ സുരക്ഷയും താത്പര്യങ്ങളും സംരക്ഷിക്കാന്‍ നിലവിലുള്ള കൂട്ടായ്മ കൊണ്ട് സാധിക്കുന്നില്ലെന്ന തോന്നലിലാണ് യു എ ഇ. സഊദി അറേബ്യയും യു എ ഇയും ഉള്‍പ്പെടുന്ന ആറ് അംഗ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) ജിദ്ദയില്‍ അടിയന്തര യോഗം ചേരുന്നതിനിടെയാണ് യു എ ഇയുടെ പിന്മാറ്റം എന്നത് ശ്രദ്ധേയമാണ്. അമേരിക്കയും ഇസ്റാഈലും സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചത് മുതല്‍ ഇറാന്‍ പ്രത്യാക്രമണം യു എ ഇക്കു നേരെ തിരിച്ചുവിടുകയായിരുന്നു.
പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കില്‍ നിന്ന് പിന്‍വാങ്ങാനുള്ള യു എ ഇയുടെ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയത്തോടൊപ്പം ബിസിനസ്സ് സുരക്ഷയും കാരണമാണ്. യു എ ഇയുടെ തീരുമാനം ഒപെക് രാജ്യങ്ങളുടെ കൂട്ടായ്മയില്‍ വിള്ളല്‍ വീഴ്ത്തുമെന്ന് ആശങ്കപ്പെടുന്നവരുണ്ട്. ഇതിന്റെ അലയൊലി അറബ് ലീഗിലും പ്രതിഫലിച്ചേക്കാം. ഒപെക് വിടാനുള്ള തീരുമാനത്തിലൂടെ ആറ് പതിറ്റാണ്ടിന്റെ ബന്ധമാണ് യു എ ഇ അവസാനിപ്പിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് അടച്ചത് മൂലം യു എ ഇയുടെ പിന്മാറ്റം ആഗോള ഊര്‍ജ വിപണിയില്‍ പെട്ടെന്ന് പ്രത്യാഘാതമുണ്ടാക്കാന്‍ സാധ്യതയില്ല. പക്ഷേ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും. യു എ ഇയുടെ തീരുമാനം മറ്റു അംഗ രാജ്യങ്ങള്‍ പിന്തുടരുമോ എന്ന ചോദ്യം ഉയര്‍ന്നുവരുന്നുണ്ട്. ഇതോടൊപ്പം സ്ഥാപക അംഗമായ ഇറാന്റെ പദവി അംഗീകരിക്കുന്നതില്‍ സഊദി പോലുള്ള രാജ്യങ്ങള്‍ക്ക് വിഷമവുമുണ്ട്. അമേരിക്ക ഏര്‍പ്പെടുത്തിയ നിരോധനം മൂലം എണ്ണ വിപണനം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇറാന്‍. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ഒപെക്കിന്റെ സഹകരണം ഇറാന് ലഭിക്കുന്നില്ല. ഇത്തരം സാഹചര്യത്തില്‍ ഒപെക്കിന്റെ ആവശ്യകതയെ കുറിച്ച് ചോദ്യം ഉയരുകയാണ്.
ഗള്‍ഫിലെ എണ്ണ ഉത്പാദക രാജ്യങ്ങള്‍ ഉപഭോക്തൃ രാജ്യങ്ങളുമായുള്ള കരാര്‍ പാലിക്കുന്നതില്‍ കൃത്യത പുലര്‍ത്തുന്നതില്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍, ഹോര്‍മുസ് ഉപരോധവും രാജ്യത്തെ പ്രധാന കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും എണ്ണ വിതരണം നിര്‍ത്തിവെക്കാന്‍ ഈ രാജ്യങ്ങളെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ ഒപെക്കില്‍ അംഗത്വമുള്ള രാജ്യങ്ങള്‍ക്ക് കൂട്ടായ തീരുമാനം വരുന്നത് വരെ കാത്തിരിക്കേണ്ടി വരും. യു എ ഇയുടെ സ്വതന്ത്രമായ വിപണന ലക്ഷ്യം വരുംകാലങ്ങളില്‍ എണ്ണവില കുറക്കുമെങ്കിലും ഇത് വിപണിയിലെ ചാഞ്ചാട്ടം വര്‍ധിപ്പിക്കും.
യു എ ഇയുടെ തീരുമാനത്തില്‍ ഏറെ സന്തോഷിക്കുന്ന വ്യക്തി അമേരിക്കന്‍ പ്രസിഡന്റ്‌ഡൊണാള്‍ഡ് ട്രംപ് ആയിരിക്കും. ഒപെക് ലോകത്തെ ചൂഷണം ചെയ്യുകയാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. സഊദി അറേബ്യയോടും മറ്റ് ഒപെക് രാജ്യങ്ങളോടും എണ്ണ വില കുറക്കാനും അല്ലെങ്കില്‍ അധിക നികുതി ചുമത്തുമെന്നുമുള്ള ട്രംപിന്റെ ഭീഷണി നിലവിലുണ്ട്.
ഒപെക്കില്‍ നിന്നുള്ള യു എ ഇയുടെ പിന്മാറ്റം വികാരപരമായ തീരുമാനമല്ല, പ്രായോഗികതയിലേക്കുള്ള ചുവടുവെപ്പാണ്. യു എ ഇ ഒപെക്കില്‍ നിന്ന് പിന്മാറുന്ന ആദ്യ രാജ്യമല്ല. ഖത്വറും ഇന്തോനേഷ്യയും ഇക്വഡോറും 2024ല്‍ അംഗോളയും ഒപെക്കില്‍ നിന്ന് പിന്മാറിയിരുന്നു. യു എ ഇയുടേത് ആലോചിച്ചെടുത്ത തീരുമാനമാണ്. അസംസ്‌കൃത എണ്ണയുടെ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള യു എ ഇയുടെ ആഗ്രഹം ഒപെക്് തീരുമാനത്തെ തുടര്‍ന്ന് പലപ്പോഴും മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്. വളരെ ശ്രദ്ധാപൂര്‍വവും ദീര്‍ഘവുമായ അവലോകനത്തിന് ശേഷമാണ് യു എ ഇയുടെ തീരുമാനമെന്ന് ഊര്‍ജ മന്ത്രി സുഹൈല്‍ മുഹമ്മദ് അല്‍- മസ്്‌റൂയി പറഞ്ഞു. ആഗോള വിതരണത്തിന് ചടുലത ആവശ്യമുള്ള സമയത്തുള്ള ഈ തീരുമാനം ശരിയായ സമയത്തും ശരിയായ വേഗത്തിലുമുള്ളതാണെന്നും മന്ത്രി വ്യക്തമാക്കുന്നു.
ഹോര്‍മുസ് പ്രതിസന്ധി ഒരു പ്രധാന ഘടകമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തെ ശക്തിപ്പെടുത്തുന്നതാണ് ഈ തീരുമാനമെന്നും അല്‍ മസ്്‌റൂയി തുടര്‍ന്നു. യുദ്ധം അവസാനിച്ച് സാധാരണ നില കൈവന്നാല്‍ ആഗോള വിപണിയില്‍ തങ്ങളുടെ പങ്ക് വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ യു എ ഇക്കുണ്ട്. ഹോര്‍മുസ് കടലിടുക്ക് അടച്ചതിന് ശേഷം, മാര്‍ച്ചില്‍ രാജ്യത്തിന്റെ എണ്ണ ഉത്പാദനത്തിലുണ്ടായ ഇടിവ് 44 ശതമാനമാണ്. സംഘര്‍ഷത്തിന് മുമ്പ് യു എ ഇയുടെ പ്രതിദിന എണ്ണ ഉത്പാദനം 3.4 ദശലക്ഷം ബാരലായിരുന്നു. 2027ഓടെ യു എ ഇ ലക്ഷ്യമിടുന്നത് പ്രതിദിനം അഞ്ച്് ദശലക്ഷം ബാരല്‍ എണ്ണയുടെ ഉത്പാദനമാണ്.
ലോകത്തെ പ്രമുഖ എണ്ണ ഉത്പാദക രാജ്യങ്ങളെ ഒരുമിച്ചു നിര്‍ത്തുന്ന സ്ഥിരം സംഘടനയാണ് ഓര്‍ഗനൈസിംഗ് ഓഫ് ദി പെട്രോളിയം എക്സ്പോര്‍ട്ടിംഗ് കണ്‍ട്രീസ് (ഒപെക്). 1960 സ്‌പെതംബര്‍ 14ന് ഇറാഖിലെ ബാഗ്ദാദില്‍ ഇറാന്‍, ഇറാഖ്, കുവൈത്ത്, സഊദി അറേബ്യ, വെനിസ്വേല എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് സംഘടന രൂപവത്കരിച്ചത്. പെട്രോളിയം ഉത്പാദക രാജ്യങ്ങള്‍ക്ക് ന്യായവും സ്ഥിരതയുള്ളതുമായ വില ഉറപ്പാക്കുക, അംഗ രാജ്യങ്ങള്‍ക്കിടയിലെ പെട്രോളിയം നയങ്ങള്‍ ഏകോപിപ്പിക്കുക, പെട്രോളിയം വിതരണം ഉറപ്പാക്കുക, നിക്ഷേപകര്‍ക്ക് ന്യായമായ വരുമാനം ഉറപ്പുവരുത്തുക തുടങ്ങിയവയായിരുന്നു ഒപെക്കിന്റെ സ്ഥാപിത ലക്ഷ്യം.
ഒപെക്കില്‍ നിലവിലുള്ളത് 11 രാജ്യങ്ങളാണ്. 1967ല്‍ അബൂദബി ചേര്‍ന്നു. ഏഴ് എമിറേറ്റുകള്‍ ചേര്‍ന്ന് 1977ല്‍ അറബ് യുനൈറ്റഡ് എമിറേറ്റ്സ് ഫെഡറേഷന്‍ രൂപവത്കരിച്ചതോടെ അംഗത്വം യു എ ഇ എന്ന പേരില്‍ തുടര്‍ന്നു. ഒപെക്കില്‍ അംഗമല്ലാത്ത എണ്ണ ഉത്പാദക രാജ്യങ്ങള്‍ ചേര്‍ന്ന് ഒപെക് പ്ലസ് എന്ന സംഘടന 2014ല്‍ രൂപവത്കരിച്ചു. എണ്ണ ഉത്പാദക രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ള റഷ്യ, ബഹ്റൈന്‍, ഒമാന്‍, അസര്‍ബൈജാന്‍ തുടങ്ങി പത്ത് രാജ്യങ്ങള്‍ ഒപെക്ക് പ്ലസില്‍ അംഗങ്ങളാണ്. അസംസ്‌കൃത എണ്ണയുമായി ബന്ധപ്പെട്ട മിക്ക വിഷയങ്ങളിലും ഇരു സംഘടനകളും യോജിച്ചാണ് തീരുമാനമെടുക്കുക.
ഒപെക്കില്‍ നിന്ന് ചില അംഗ രാജ്യങ്ങള്‍ താത്കാലികമായി മാറിനില്‍ക്കുകയും പിന്നീട് അംഗത്വം പുതുക്കുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. അള്‍ജീരിയ, ലിബിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങള്‍ അംഗത്വം പുതുക്കിയവരാണ്. ഒപെക്കില്‍ അവസാനമായി ചേര്‍ന്ന രാജ്യം കോംഗോയാണ്- 2018ല്‍. സെവന്‍ സിസ്റ്റേഴ്‌സ് എന്ന ബഹുരാഷ്ട്ര എണ്ണക്കമ്പനി അസംസ്‌കൃത എണ്ണയുടെ വിലയിലും ഉത്പാദനത്തിലും അനിയന്ത്രിതമായ ഇടപെടല്‍ നടത്തിയപ്പോഴാണ് എണ്ണ ഉത്പാദക രാജ്യങ്ങള്‍ സംഘടിക്കാന്‍ തീരുമാനിച്ചത്. ആദ്യ അഞ്ച് വര്‍ഷം ഒപെക്കിന്റെ ആസ്ഥാനം സ്വിറ്റ്സര്‍ലാന്‍ഡിലെ ജനീവയിലായിരുന്നു. പിന്നീട് 1965 സെപ്തംബറില്‍ ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലേക് മാറ്റി.
ഒപെക്കില്‍ നിന്നുള്ള യു എ ഇയുടെ പിന്മാറ്റത്തിന് പിന്നില്‍ സഊദി അറേബ്യയുമായുള്ള അസ്വാരസ്യവും കാരണമായി പറയുന്നുണ്ട്. പ്രത്യേകിച്ച് യമന്‍ വിഷയത്തിലടക്കം ഇരു രാജ്യങ്ങളും ഇരുചേരിയിലാണ്. ഈ തര്‍ക്കങ്ങളുടെ പേരില്‍ ഒപെക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കാര്യം യു എ ഇ നേരത്തേ ആലോചിച്ചതായിരുന്നു. എണ്ണവിലയും ഉത്പാദനവും നിയന്ത്രിക്കുന്നതില്‍ സഊദിക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നു. ഏറ്റവും കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന ഒപെക്കിലെ അംഗം സഊദിയും രണ്ടാമത് യു എ ഇയുമാണ്. ഇറാന്‍ യുദ്ധവും തീരുമാനത്തെ സ്വാധീനിച്ചതായി വിലയിരുത്തപ്പെടുന്നു.
രാജ്യത്തിന്റെ സുരക്ഷയും താത്പര്യങ്ങളും സംരക്ഷിക്കാന്‍ നിലവിലുള്ള കൂട്ടായ്മ കൊണ്ട് സാധിക്കുന്നില്ലെന്ന തോന്നലിലാണ് യു എ ഇ. സഊദി അറേബ്യയും യു എ ഇയും ഉള്‍പ്പെടുന്ന ആറ് അംഗ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) ജിദ്ദയില്‍ അടിയന്തര യോഗം ചേരുന്നതിനിടെയാണ് യു എ ഇയുടെ പിന്മാറ്റം എന്നത് ശ്രദ്ധേയമാണ്. ഒമാന്‍, ഖത്വര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നിവയാണ് ജി സി സിയിലെ മറ്റു അംഗ രാജ്യങ്ങള്‍. അമേരിക്കയും ഇസ്റാഈലും സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചത് മുതല്‍ ഇറാന്‍ പ്രത്യാക്രമണം യു എ ഇക്കു നേരെ തിരിച്ചുവിടുകയായിരുന്നു. 2,200ലധികം ഡ്രോണുകളും മിസൈലുകളും തങ്ങള്‍ക്ക് നേരെ ഇറാന്‍ തൊടുത്തുവിട്ടതായി യു എ ഇ ആരോപിക്കുന്നു.
തന്ത്രപരമായ ഭീഷണി ഇറാനാണെന്ന് കരുതുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്ന് യു എ ഇയാണ്. ഇറാന്‍ ഭീഷണിക്കെതിരെ സംയുക്ത പ്രത്യാക്രമണം നടത്താന്‍ യു എ ഇ സഊദി അറേബ്യയെയും ഖത്വറിനെയും സമീപിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ഇസ്റാഈലും യു എ ഇയും തമ്മിലുള്ള സൈനിക, ഇന്റലിജന്‍സ് സഹകരണം വര്‍ധിച്ചതായി അമേരിക്കന്‍ ഓണ്‍ലൈന്‍ മാധ്യമമായ ആക്സിയോസ് അമേരിക്കന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപോര്‍ട്ട് ചെയ്തിരുന്നു.




