Kerala
ടി പി വധക്കേസ്: പ്രതികളുടെ പരോള്‍ അപേക്ഷ ഹൈക്കോടതി നിരസിച്ചു
ടി പി കേസ് പ്രതികള്‍ക്കു മാത്രം എന്തുകൊണ്ടാണ് നിരന്തരം പരോള്‍ ലഭിക്കുന്നതെന്നും ഇത് അന്വേഷിക്കണമെന്നും കോടതി.
കൊച്ചി | ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ പരോള്‍ അപേക്ഷ നിരസിച്ച് ഹൈക്കോടതി. ടി പി കേസ് പ്രതികള്‍ക്കു മാത്രം എന്തുകൊണ്ടാണ് നിരന്തരം പരോള്‍ ലഭിക്കുന്നതെന്ന് കോടതി ചോദിച്ചു. ഇത് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.
ഈ കേസിലെ പ്രതികള്‍ക്ക് ഇങ്ങനെയുള്ള പരിഗണന ലഭിക്കാന്‍ എന്താണ് പ്രത്യേകത എന്നായിരുന്നു ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ അധ്യക്ഷനായ ബഞ്ചിന്റെ ചോദ്യം. കേസിലെ പ്രതി ജ്യോതി ബാബുവിന്റെ ഭാര്യ പി ജി സ്മിത നല്‍കിയ ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതി നിരീക്ഷണം. ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് ആചാരപരമായ ചടങ്ങുകള്‍ക്കായി ഭര്‍ത്താവിന് 10 ദിവസത്തെ പരോള്‍ അനുവദിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
പരോള്‍ ആവശ്യപ്പെട്ട് നേരത്തെ, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സിനും കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനും ജ്യോതി ബാബു നിവേദനം നല്‍കിയിരുന്നു. എന്നാല്‍, നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.


