Kerala
ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളിയെ ചോദ്യം ചെയ്യുന്നത് വൈകിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; ആരോപണം ആവര്‍ത്തിച്ച് വി ഡി സതീശന്‍
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കടകംപള്ളിയോട് ആവശ്യപ്പെട്ട് എസ് ഐ ടി നോട്ടീസ് നല്‍കിയത് എന്തിനാണ് രഹസ്യമാക്കി വെച്ചതെന്ന് സതീശന്‍.
കൊച്ചി | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പതിപക്ഷ നേതാവ് വി ഡി സതീശന്‍. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് വൈകിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന ആരോപണം സതീശന്‍ ആവര്‍ത്തിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കടകംപള്ളിയോട് ആവശ്യപ്പെട്ട് എസ് ഐ ടി നോട്ടീസ് നല്‍കിയത് എന്തിനാണ് രഹസ്യമാക്കി വെച്ചതെന്നും അദ്ദേഹം ചോദിച്ചു. എത്രയൊക്കെ ഒളിച്ചുവെക്കാന്‍ ശ്രമിച്ചാലും വസ്തുതകള്‍ പുറത്തുവരും.
രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരും മൂന്ന് സി പി എം നേതാക്കളും കേസുമായി ബന്ധപ്പെട്ട് ജയിലിലാണെങ്കിലും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. കൂടുതല്‍ സി പി എം നേതാക്കള്‍ വരുംദിവസങ്ങളില്‍ ജയിലിലാകുമെന്ന ഭയമാണ് സര്‍ക്കാരിനെന്നും സതീശന്‍ കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് കാലത്ത് കടകംപള്ളിയെ ചോദ്യം ചെയ്യുന്നത് സി പി എമ്മിന് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് കണ്ട് അന്വേഷണം വൈകിപ്പിക്കാന്‍, മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദം ചെലുത്തി. കേസിലെ പ്രധാനികളിലൊരാളായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായും മറ്റ് അംഗങ്ങളുമായും ബന്ധപ്പെടുത്തിയത് കടകംപള്ളി സുരേന്ദ്രനാണെന്ന് വ്യക്തമായിട്ടുണ്ട്. കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികള്‍ കടകംപള്ളിക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. മൊഴിപ്പകര്‍പ്പുകള്‍ പുറത്തുവരുമ്പോള്‍ ഇക്കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടും. അന്വേഷണ സംഘത്തില്‍ ഇപ്പോഴും വിശ്വാസമുണ്ട്. എന്നാല്‍, അവരുടെ പ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

