National
സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാ തീയതികളിൽ മാറ്റം വരുത്തി
ഭരണപരമായ കാരണങ്ങളാലാണ് തീയതി മാറ്റിയതെന്ന് ബോർഡ് ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി.
ന്യൂ ഡൽഹി | 2026 മാർച്ചിൽ നടക്കാനിരിക്കുന്ന 10, 12 ക്ലാസുകളിലെ ഓരോ പരീക്ഷകളുടെ തീയതികൾ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പുതുക്കി നിശ്ചയിച്ചു. ഭരണപരമായ കാരണങ്ങളാലാണ് തീയതി മാറ്റിയതെന്ന് ബോർഡ് ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി.
2026 മാർച്ച് 3-ന് നടത്താൻ നിശ്ചയിച്ചിരുന്ന പത്തം ക്ലാസ് പരീക്ഷകൾ മാർച്ച് 11 ലേക്ക് മാറ്റി. ജർമ്മൻ, ടിബറ്റൻ, എൻ സി സി., ജാപ്പനീസ്, സ്പാനിഷ്, കാശ്മീരി, മിസോ തുടങ്ങി വിവിധ ഭാഷാ വിഷയങ്ങളുടെയും ഇലക്ടീവ് പേപ്പറുകളുടെയും പരീക്ഷകളാണ് അന്ന് നടക്കേണ്ടിയിരുന്നത്.
പന്ത്രണ്ടാം ക്ലാസുകാർക്ക് മാർച്ച് 3-ന് നടക്കേണ്ടിയിരുന്ന ലീഗൽ സ്റ്റഡീസ് പരീക്ഷ ഏപ്രിൽ 10 ലേക്ക് മാറ്റി. ഒരു മാസത്തിലേറെ നീട്ടിവെച്ചാണ് ഈ പരീക്ഷ ഇപ്പോൾ പുനക്രമീകരിച്ചിരിക്കുന്നത്.
മറ്റ് പരീക്ഷകളുടെ തീയതികളിൽ മാറ്റമുണ്ടാകില്ലെന്ന് സിബിഎസ്ഇ അറിയിച്ചു. പുതുക്കിയ തീയതികൾ വിദ്യാർത്ഥികളുടെ അഡ്മിറ്റ് കാർഡുകളിൽ രേഖപ്പെടുത്തും. പരീക്ഷാ തയ്യാറെടുപ്പുകളിൽ ആശയക്കുഴപ്പം ഒഴിവാക്കാൻ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വിവരമറിയിക്കാൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പരീക്ഷാ ഷെഡ്യൂളിലെ മറ്റ് വിഷയങ്ങളെല്ലാം നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.


