International
ഖാലിദ സിയയുടെ ഖബറടക്ക ചടങ്ങിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പങ്കെടുക്കും
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം എന്നത് ഏറെ ശ്രദ്ധേയമാണ്.
ധാക്ക | ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി എൻ പി) അധ്യക്ഷയുമായ ഖാലിദ സിയയുടെ ഖബറടക്ക ചടങ്ങുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പങ്കെടുക്കും. ബുധനാഴ്ച നടക്കുന്ന ഖബറടക്ക ചടങ്ങുകളിൽ പങ്കെടുക്കാൻ അദ്ദേഹം ധാക്കയിലെത്തും. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം എന്നത് ഏറെ ശ്രദ്ധേയമാണ്.
വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ഖാലിദ സിയ വിടവാങ്ങിയത്. 80 വയസ്സായിരുന്നു. ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ അവർ 1991-1996, 2001-2006 കാലയളവുകളിലാണ് രാജ്യം ഭരിച്ചത്.
കഴിഞ്ഞ വർഷം ശൈഖ് ഹസീന സർക്കാർ പുറത്താക്കപ്പെട്ടതിനെത്തുടർന്ന് അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണിരുന്നു. ഈ സാഹചര്യത്തിൽ ഖാലിദ സിയയുടെ ഖബറടക്ക ചടങ്ങിൽ പങ്കെടുക്കാനുള്ള ഇന്ത്യയുടെ തീരുമാനം ധാക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഖാലിദ സിയയുടെ മകനും ബി എൻ പിയുടെ അമരക്കാരനുമായ താരിഖ് റഹ്മാൻ 17 വർഷത്തെ പ്രവാസത്തിന് ശേഷം കഴിഞ്ഞ ആഴ്ചയാണ് ബംഗ്ലാദേശിൽ തിരിച്ചെത്തിയത്.
നേരത്തെ ഖാലിദ സിയയുടെ ഭരണകാലത്ത് ബംഗ്ലാദേശ് ചൈനയോടും പാകിസ്താനോടും കൂടുതൽ അടുപ്പം പുലർത്തിയിരുന്നത് ഇന്ത്യയെ ആശങ്കപ്പെടുത്തിയിരുന്നു. എന്നാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മുൻതൂക്കം കൽപ്പിക്കപ്പെടുന്ന താരിഖ് റഹ്മാൻ, തന്റെ രാജ്യം ഇന്ത്യയുമായോ പാകിസ്താനുമായോ അമിത അടുപ്പം കാണിക്കില്ലെന്നും “ബംഗ്ലാദേശ് ഫസ്റ്റ്” എന്നതാകും നയമെന്നും വ്യക്തമാക്കിയിട്ടുണ്ട്. തീവ്രവാദ നിലപാടുള്ള ജമാഅത്തെ ഇസ്ലാമിയെ അദ്ദേഹം തള്ളിക്കളഞ്ഞതും ഇന്ത്യ ശുഭസൂചനയായി കാണുന്നു. ജയശങ്കറിന്റെ ഈ സന്ദർശനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം രൂപപ്പെട്ടേക്കാവുന്ന പുതിയ നയതന്ത്ര സമവാക്യങ്ങളുടെ തുടക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

