Kerala
വി കെ പ്രശാന്തിന്റെ ഓഫീസിനോട് ചേർന്ന മുറിയിൽ ഓഫീസ് തുറന്ന് ആർ ശ്രീലേഖ; മുറിയെന്ന് പറയാനാവില്ലെന്ന് പരിഹാസം
ശാസ്തമംഗലത്തെ ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിന്റെ താഴത്തെ നിലയിലാണ് വിവാദങ്ങൾക്കൊടുവിൽ ബി ജെ പി. കൗൺസിലറായ ആർ ശ്രീലേഖ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്
തിരുവനന്തപുരം | വട്ടിയൂർക്കാവ് എം എൽ എ. വി കെ പ്രശാന്തിന്റെ ഓഫീസിനോട് ചേർന്നുള്ള ഇടുങ്ങിയ മുറിയിൽ കൗൺസിലർ ഓഫീസ് തുറന്ന് ആർ ശ്രീലേഖ. ശാസ്തമംഗലത്തെ ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിന്റെ താഴത്തെ നിലയിലാണ് വിവാദങ്ങൾക്കൊടുവിൽ ബി ജെ പി. കൗൺസിലറായ ആർ ശ്രീലേഖ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തി അവർ തന്നെ ഉദ്ഘാടനം നിർവ്വഹിച്ചു.
എന്നാൽ തനിക്ക് അനുവദിച്ച ഈ സ്ഥലം ഒരു മുറി എന്ന് പോലും വിളിക്കാൻ കഴിയില്ലെന്ന് ആർ ശ്രീലേഖ പരിഹസിച്ചു. വെറും 75 ചതുരശ്ര അടി മാത്രമുള്ള ഇത്തിരിപ്പോന്ന ഈ മുറിക്ക് ചുറ്റും ടൺ കണക്കിന് മാലിന്യമാണെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. ഇതിന്റെ ദൃശ്യങ്ങളും അവർ പുറത്തുവിട്ടിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്നും നേരിട്ട് മാലിന്യം ശേഖരിക്കുന്ന ഇടം കൂടിയായതിനാൽ കൗൺസിലർ ഉന്നയിച്ച പരാതിക്ക് അടിയന്തര പരിഹാരം കാണുക നഗരസഭയ്ക്ക് എളുപ്പമാകില്ല.
കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എം എൽ എ. ഓഫീസ് ഒഴിയാൻ വി കെ പ്രശാന്തിനോട് ആർ ശ്രീലേഖ നേരിട്ട് ആവശ്യപ്പെട്ടതോടെയാണ് വിവാദങ്ങളുടെ തുടക്കം. തന്റെ വാർഡായ ശാസ്തമംഗലത്ത് കൗൺസിലർക്ക് സൗകര്യപ്രദമായ ഓഫീസ് ഒരുക്കാൻ എം എൽ എ. മുറി ഒഴിയണമെന്നായിരുന്നു ആവശ്യം. എന്നാൽ നിയമസഭയുടെ കാലാവധി കഴിയുന്ന മെയ് മാസം വരെ തുടരാൻ പത്ത് മാസം മുമ്പ് തന്നെ നഗരസഭയ്ക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് വി കെ പ്രശാന്ത് വ്യക്തമാക്കി. ഇതോടെ ഓഫീസ് മുറിയെച്ചൊല്ലിയുള്ള തർക്കം വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിമാറിയത്.


