From the print
നാടൊരുങ്ങി; കേരളയാത്രക്ക് നാളെ സമാരംഭം
നൂറ്റാണ്ട് പിന്നിടുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശക്തിയും ആവേശവും പ്രകടമാക്കി ബഹുജന പ്രസ്ഥാനമായ കേരള മുസ്‌ലിം ജമാഅത്താണ് കേരളയാത്ര സംഘടിപ്പിക്കുന്നത്.
കോഴിക്കോട് | സമസ്ത സെന്റിനറിയുടെ ഭാഗമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരളയാത്രക്ക് നാളെ കാസര്‍കോട്ട് സമാരംഭമാകും. നൂറ്റാണ്ട് പിന്നിടുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശക്തിയും ആവേശവും പ്രകടമാക്കി ബഹുജന പ്രസ്ഥാനമായ കേരള മുസ്‌ലിം ജമാഅത്താണ് കേരളയാത്ര സംഘടിപ്പിക്കുന്നത്. 16 ദിവസം നീണ്ടുനില്‍ക്കുന്ന ചരിത്രയാത്രയെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. 1999ലും 2012ലും സംഘടിപ്പിക്കപ്പെട്ട ഒന്നും രണ്ടും കേരളയാത്രകള്‍ക്ക് ശേഷമാണ് പ്രാസ്ഥാനിക നായകന്‍ മൂന്നാം കേരളയാത്രക്ക് നേതൃത്വം നല്‍കുന്നത്.
തെന്നിന്ത്യയിലെ പ്രസിദ്ധ ആത്മീയ കേന്ദ്രമായ ഉള്ളാള്‍ സയ്യിദ് മദനി മഖാം ശരീഫിലെ സിയാറത്തിന് ശേഷമാണ് നാളെ ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കുക. വൈകിട്ട് അഞ്ചിന് കാസര്‍കോട് ചെര്‍ക്കളയില്‍ പ്രഥമ സ്വീകരണ സമ്മേളനം നടക്കും. യാത്രയും സ്വീകരണ കേന്ദ്രങ്ങളും ഉദ്ഘാടന- സമാപന വേദികളും തികച്ചും ശാസ്ത്രീയമായാണ് സംവിധാനിച്ചിരിക്കുന്നത്. മുസ്‌ലിം കൈരളിയുടെ വൈജ്ഞാനിക മണ്ഡലത്തിന് അനല്‍പ്പ സംഭാവനകളര്‍പ്പിച്ച നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ നാമധേയത്തിലുള്ള നഗരിയിലാണ് പ്രൗഢമായ ഉദ്ഘാടനച്ചടങ്ങ്. കഴിഞ്ഞ നൂറ്റാണ്ടില്‍ സമസ്തക്ക് നേതൃപരമായ ഊര്‍ജം നല്‍കിയ മഹാരഥന്മാരുടെ നാമധേയത്തിലാണ് പതിനാറിടങ്ങളിലെയും സ്വീകരണ കേന്ദ്രങ്ങള്‍. ആവിഷ്‌കാരങ്ങളെ മികച്ച ആശയങ്ങളാക്കി അവതരിപ്പിക്കുന്ന കൗതുകകരമായ നിര്‍മിതികളും ചിത്രങ്ങളും സ്വീകരണ കേന്ദ്രങ്ങളെ കൂടുതല്‍ മികവുറ്റതാക്കും.
ജില്ലാ നേതാക്കളുടെയും സെന്റിനറി ഗാര്‍ഡുകളുടെയും അകമ്പടിയോടെയാണ് യാത്ര രാവിലെ ഒമ്പതിന് അതത് ജില്ലകളില്‍ പ്രവേശിക്കുക.
യാത്രാനായകനും ഉപനായകരുമടങ്ങിയ സംസ്ഥാന നേതാക്കളുടെ രണ്ട് ഡസന്‍ വാഹനങ്ങള്‍ സംഘത്തിലുണ്ടാകും.
പ്രോഗ്രാം, ടെക്നിക്കല്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍, മെഡിക്കല്‍ തുടങ്ങി അഞ്ച് ഒഫിഷ്യല്‍ സംഘവും കേരളയാത്രയുടെ അപ്ഡേഷന്‍ അതത് സമയങ്ങളില്‍ പങ്കുവെക്കുന്നതിനായി വിപുലമായ മീഡിയ സംവിധാനവും ഒരുക്കിയിട്ടുണ്ട്. സിറാജ് വാര്‍ത്താസംഘവും സിറാജ് ലൈവ് ഡോട്ട് കോം പ്രതിനിധികളും പ്രത്യേക വാഹനത്തില്‍ യാത്രയെ അനുഗമിക്കും.
യാത്ര ജില്ലയില്‍ പ്രവേശിച്ച ശേഷം ജില്ലയിലെ പൗരപ്രമുഖരുടെ സാന്നിധ്യത്തില്‍ സ്നേഹവിരുന്ന് നടക്കും. വൈകിട്ട് സ്വീകരണ സമ്മേളനത്തിന് ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് യാത്ര ആരംഭിക്കുക. ഒമ്പത് ഗ്രൂപ്പുകളടങ്ങിയ 313 അംഗ സെന്റിനറി ഗാര്‍ഡിന്റെ പ്രത്യേക മാര്‍ച്ചിംഗ് സോംഗിനനുസരിച്ചായിരിക്കും യാത്രയുടെ ഗമനം. യാത്രാനായകര്‍ വേദിയിലേക്കെത്തുമ്പോള്‍ പ്രത്യേക തീം സോംഗ് ആലപിക്കും. മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ രണ്ട് വിഷയാവതരണങ്ങളാണ് നടക്കുക.
ജാഥാനായകരെയും ഉപനായകരെയും വേദിയില്‍ ഷാള്‍ അണിയിച്ച് സ്വീകരിക്കും. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും മത- സാമൂഹിക- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംസാരിക്കും. യാത്രാനായകര്‍ മറുപടി പ്രസംഗം നടത്തും. 16ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി നഗറിലാണ് സമാപനം.
രാത്രി എട്ടിന് മിഅ്റാജ് സമ്മേളനവും നടക്കും. സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരിയും പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുമാണ് യാത്രയുടെ ഉപനായകര്‍.



