Connect with us

Kerala

വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ കടുവയെ കരക്ക് കയറ്റി കൂട്ടിലാക്കി; ഗവി വനത്തില്‍ തുറന്നുവിട്ടു

വില്ലൂന്നിപാറ കൊല്ലന്‍പറമ്പില്‍ സദാശിവന്റെ ആള്‍മറയില്ലാത്ത കിണറ്റിലാണ് കടുവ വീണത്.

Published

|

Last Updated

കോന്നി | ചിറ്റാര്‍ വില്ലൂന്നിപ്പാറയില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ കടുവയെ പതിനാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കരക്ക് കയറ്റി. കടുവയെ ഗവി വനത്തില്‍ തുറന്നുവിട്ടു. വില്ലൂന്നിപാറ കൊല്ലന്‍പറമ്പില്‍ സദാശിവന്റെ ആള്‍മറയില്ലാത്ത കിണറ്റിലാണ് കടുവ വീണത്. ഇന്ന് പുലര്‍ച്ചെ അഞ്ചോടെ കിണറ്റില്‍ വലിയ ശബ്ദം കേള്‍ക്കുകയും തുടര്‍ന്ന് നടന്ന പരിശോധനയില്‍ കടുവ വീണതാണെന്ന് വീട്ടുകാര്‍ മനസ്സിലാക്കുകയായിരുന്നു.

വീട്ടുകാര്‍ വനപാലകരെ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് വനപാലകര്‍, പോലീസ്, അഗ്നിരക്ഷാ സേന, വനം വകുപ്പ് ആര്‍ ആര്‍ ടി തുടങ്ങിയവര്‍ സ്ഥലത്തെത്തി കടുവയെ പുറത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പിന്നീട് കടുവയെ മയക്കുവെടി വെക്കാന്‍ തീരുമാനിച്ചെങ്കിലും ഏഴ് മീറ്റര്‍ താഴ്ചയുള്ള കിണറ്റില്‍ രണ്ട് മീറ്ററോളം ഭാഗത്ത് വെള്ളം നിറഞ്ഞു കിടന്നിരുന്നതിനാല്‍ പ്രതിസന്ധിയായി. വെള്ളത്തില്‍ വെച്ച് മയക്കുവടി വെച്ചാല്‍ കടുവയുടെ ജീവന് തന്നെ ഭീഷണിയാകുമെന്നതിനാല്‍ കിണര്‍ വറ്റിക്കാന്‍ വനപാലകര്‍ തീരുമാനിച്ചു. വലിയ ഇരുമ്പ് പൈപ്പ് കിണറ്റില്‍ ഇറക്കിയതിനു ശേഷം ഇതിലൂടെ പ്ലാസ്റ്റിക്ക് പൈപ്പ് കടത്തി വിട്ടതിന് ശേഷമാണ് കിണറ്റിലെ വെള്ളം വറ്റിച്ചത്.

പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ തേക്കടിയില്‍ നിന്നും എത്തിയ വനം വകുപ്പിന്റെ നാല് വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന ആര്‍ ആര്‍ ടി സംഘമാണ് കടുവയെ കരക്ക് കയറ്റുന്ന ദൗത്യത്തിനായി എത്തിയത്. വൈകിട്ട് നാല് മണിക്ക് ശേഷം മയക്കുവെടിവെച്ച് ബോധം കെടുത്തിയ കടുവയെ വനപാലകരും പോലീസും ആര്‍ ആര്‍ ടി സംഘവും ചേര്‍ന്ന് വലയ്ക്കുള്ളിലാക്കി വാഹനത്തില്‍ സജ്ജീകരിച്ചിരുന്ന കൂട്ടില്‍ കയറ്റി. നൂറ് കിലോക്ക് മുകളില്‍ തൂക്കം വരുന്ന ഏഴ് വയസ്സ് വരുന്ന കടുവ പൂര്‍ണ ആരോഗ്യകരമായ നിലയില്‍ ആണെന്നും വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഗ്രൂഡിക്കല്‍ റേഞ്ച് ഓഫീസര്‍ അശോക് കുമാര്‍, വടശ്ശേരിക്കര റേഞ്ച് ഓഫീസര്‍ രഞ്ജിത്ത് ശിവന്‍, റാന്നി ആര്‍ ആര്‍ ടി സംഘം, റാന്നി റേഞ്ച് ഓഫീസര്‍ ബി ആര്‍ ജയന്‍, റാന്നി ആര്‍ ആര്‍ ടി ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ജി കൃഷ്ണകുമാര്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഡോക്ടര്‍മാരുടെ സംഘം എന്നിവരുടെ നേതൃത്വത്തിലാണ് കടുവയെ കരക്കെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചത്.

 

Latest