Connect with us

congress and India

കോൺഗ്രസ്സ് തിരിച്ചുവരുമോ?

രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർ എസ് എസ്) ഹിന്ദു രാഷ്ട്ര സ്ഥാപനമെന്ന ലക്ഷ്യം മുൻ നിർത്തി ആവിഷ്‌കരിച്ച വർഗീയ വിഭജനത്തിന് ഉതകുന്ന അജൻഡകളെയൊക്കെ നടപ്പാക്കിക്കൊടുക്കലായിരുന്നു കോൺഗ്രസ്സിന്റെ മൃദുഹിന്ദുത്വം.

Published

|

Last Updated

ഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം വന്നതോടെ, രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടികളിലൊന്നായി ഇപ്പോഴും തുടരുന്ന കോൺഗ്രസ്സ് നേരിടുന്ന തകർച്ചയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിട്ടുണ്ട്. മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമായി ഇന്ത്യൻ യൂനിയൻ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ, 2024ലെ പൊതുതിരഞ്ഞെടുപ്പിൽ ബി ജെ പിയെ നേരിടാൻ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന ചേരി ശക്തമായുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നവർ, സംഘടന ശക്തിപ്പെടുത്തിയും ഉചിതമായ സഖ്യങ്ങളുണ്ടാക്കിയും തീവ്രഹിന്ദുത്വത്തിന്റെ തേർവാഴ്ച തടയാൻ പാകത്തിൽ കോൺഗ്രസ്സിനെ സജ്ജമാക്കാൻ നേതൃത്വം ഊർജിതമായി രംഗത്തിറങ്ങുമെന്ന് പ്രതീക്ഷിച്ച ആ പാർട്ടിയുടെ തന്നെ മുതിർന്ന നേതാക്കൾ ഒക്കെ, നിലവിലെ അവസ്ഥയിൽ ആ പാർട്ടിക്ക് അതിനാകുമോ എന്ന സന്ദേഹം പ്രകടിപ്പിക്കുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം പാർട്ടിയിൽ പുനഃസംഘടനയും ജനങ്ങൾക്ക് അനുഭവവേദ്യമായ നേതൃത്വവും ആവശ്യപ്പെട്ട് പാർട്ടിക്കുള്ളിൽ കലാപമുയർത്തിയ, ഗ്രൂപ്പ് 23 എന്നറിയപ്പെടുന്ന നേതാക്കളുടെ കൂട്ടായ്മ അവരുടെ വിമർശവും ശക്തമാക്കിയിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ കൂടുതൽ ഉലയ്ക്കുകയല്ല, ഒറ്റക്കെട്ടായി നിൽക്കുകയാണ് വേണ്ടതെന്ന മുതിർന്ന നേതാവ് അശോക് ഗെഹ്്ലോട്ടിന്റെ അഭ്യർഥന മാനിച്ച് പ്രവർത്തക സമിതി യോഗത്തിൽ മിതശബ്ദരായെങ്കിലും നേതൃമാറ്റമില്ലാതെ മറ്റൊരു പരിഹാരവും ജീവശ്വാസമേകില്ലെന്ന് തുറന്നടിച്ച് കപിൽ സിബൽ രംഗത്തുവന്നിരിക്കുന്നു. നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നുള്ള ഒരു നേതാവ് അധ്യക്ഷപദം ഏറ്റെടുക്കണമെന്നും നേതൃത്വം മുൻകാലത്തെടുത്ത തീരുമാനങ്ങളിലെ അപാകം മൂലം പാർട്ടിയിൽ നിന്ന് അകന്നവരെ തിരികെക്കൊണ്ടുവന്ന് സംഘടന ശക്തിപ്പെടുത്തണമെന്നുമാണ്, പ്രവർത്തക സമിതിക്ക് ശേഷം ചേർന്ന ജി 23 നേതാക്കളുടെ യോഗത്തിലുയർന്ന അഭിപ്രായം.

തീവ്ര ഹിന്ദുത്വ അജൻഡകളിലൂടെ സൃഷ്ടിക്കുന്ന ധ്രുവീകരണവും അതിനെ ചെറുക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയശക്തികളുടെ ഭിന്നിച്ചുനിൽക്കലും ജനങ്ങളുടെ ജീവൽ പ്രശ്‌നങ്ങളൊക്കെ അപ്രസക്തമാകുകയും ചെയ്യുന്ന കാലത്ത് കോൺഗ്രസ്സിന്റെ തിരിച്ചുവരവ് അത്ര എളുപ്പമുള്ള കാര്യമേയല്ല. ഈ സവിശേഷ രാഷ്ട്രീയ സാഹചര്യത്തിനൊപ്പം അവിടേക്ക് രാജ്യത്തെ നയിച്ചതിൽ കോൺഗ്രസ്സിനുള്ള പങ്ക് കൂടിയാണ് തിരിച്ചുവരവ് പ്രയാസകരമാക്കുന്നത്. ഒപ്പം പാർലിമെന്ററി സ്ഥാനവും അധികാരവും മാത്രം പ്രധാനമായിക്കാണുന്ന നേതൃനിരയാണ് എക്കാലത്തും കോൺഗ്രസ്സിനുള്ളത് എന്നതും പ്രശ്നമാണ്. സംഘടന ഏതുതലത്തിലേക്ക് തളർന്നാലും രാജ്യത്തുയർന്നുവരുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ കോൺഗ്രസ്സിനെയോ അത് നേതൃത്വം നൽകുന്നൊരു മുന്നണിയെയോ അധികാരത്തിൽ തിരികെക്കൊണ്ടുവരിക എന്ന നിസ്സഹായാവസ്ഥയെ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നവരാണ് ഇപ്പോഴും ആ നേതൃനിര. ആ പ്രതീക്ഷക്ക് തുടർച്ചയായി തിരിച്ചടി നേരിടുമ്പോൾ എങ്ങനെയാണ് പിടിച്ചുനിൽക്കേണ്ടത് എന്ന് അവർക്ക് തിട്ടമില്ലാതെ പോകുന്നത്, പരാജയങ്ങളിൽ പതറാത്ത സംഘടനാ സംവിധാനമുണ്ടാക്കിയെടുക്കാൻ ഇക്കാലം വരെ യാതൊന്നും ചെയ്യാതിരുന്നതുകൊണ്ടാണ്. ഓരോ പരാജയത്തിന് ശേഷവും അത്രനാളും എതിർത്തുവെന്ന് അവകാശപ്പെടുന്ന വർഗീയ ഫാസിസവുമായി കൈകോർക്കാൻ നേതാക്കൾ വരിനിൽക്കുന്നതും സ്ഥാനമോ അധികാരമോ ഇല്ലാതെ നിലനിൽക്കാനുള്ള സംഘടനാ പിൻബലമില്ലെന്ന തിരിച്ചറിവുകൊണ്ടാണ്. ഇങ്ങനെ ദുർബലമായ സംഘടനാ സംവിധാനത്തെത്തന്നെ തകർക്കാൻ പാകത്തിലുള്ള തീരുമാനം, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ പരിഗണിച്ച് ഹൈക്കമാൻഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സോണിയാ ഗാന്ധി കുടുംബത്തിലെ അംഗങ്ങൾ എടുക്കുക കൂടി ചെയ്താലോ? അപ്പോൾ പഞ്ചാബും മണിപ്പൂരും ഉത്തരാഖണ്ഡുമൊക്കെ സംഭവിക്കും. മുമ്പ് ഉത്തർ പ്രദേശും ബിഹാറും പശ്ചിമ ബംഗാളും മധ്യപ്രദേശുമൊക്കെ സംഭവിച്ചത് പോലെ. ഇനി ഛത്തീസ്ഗഢിലും രാജസ്ഥാനിലും സംഭവിക്കാനിരിക്കുന്നത് പോലെ.

ജവഹർലാൽ നെഹ്‌റുവിന് ശേഷം കോൺഗ്രസ്സിന് സ്വന്തമായി എന്തെങ്കിലും നയം ഏതെങ്കിലും കാലത്ത് ഉണ്ടായതായി ചൂണ്ടിക്കാട്ടാനാകില്ല. മതനിരപേക്ഷ നയ, നിലപാടുകൾ കോൺഗ്രസ്സ് പാർട്ടിയെക്കൊണ്ട് അംഗീകരിപ്പിക്കാൻ നെഹ്‌റു ശ്രമിക്കുന്ന കാലത്തും (സ്വാതന്ത്ര്യത്തിന് മുമ്പ്) അവ നടപ്പാക്കാൻ നെഹ്‌റു ശ്രമിക്കുന്ന കാലത്തും (സ്വാതന്ത്ര്യത്തിന് ശേഷം) അധികാരലബ്ധിക്കായി മൃദു ഹിന്ദുത്വ നിലപാടുകൾ സ്വീകരിക്കാൻ കോൺഗ്രസ്സ് നേതാക്കൾ മടിച്ചിട്ടില്ല. ആർ എസ് എസ് ഹിന്ദു രാഷ്ട്ര സ്ഥാപനമെന്ന ലക്ഷ്യം മുൻ നിർത്തി ആവിഷ്‌കരിച്ച വർഗീയ വിഭജനത്തിന് ഉതകുന്ന അജൻഡകളെയൊക്കെ നടപ്പാക്കിക്കൊടുക്കലായിരുന്നു കോൺഗ്രസ്സിന്റെ മൃദുഹിന്ദുത്വം. ഗോവധ നിരോധനം രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും നിയമം മൂലം നടപ്പാക്കപ്പെട്ടത് കോൺഗ്രസ്സ് ഭരണകാലത്തായിരുന്നു. ബാബരി മസ്ജിദിൽ വിഗ്രഹങ്ങൾ സ്ഥാപിച്ച് അതിനെ രാമക്ഷേത്രമായി ചിത്രീകരിച്ച് സംഘ്പരിവാരം തുടക്കമിട്ട പ്രസ്ഥാനത്തിന് കാലാകാലങ്ങളിൽ ഊർജം നൽകിയത് കോൺഗ്രസ്സ് സർക്കാറുകളെടുത്ത നിലപാടുകളായിരുന്നു. ഒടുവിൽ അതിന്റെ തകർച്ചയിലേക്ക് നയിച്ച്, വർഗീയശക്തികളുടെ അധികാരത്തിലേക്കുള്ള അക്രമോത്സുക യാത്രക്ക് അരുനിന്നതും മറ്റൊരു പാർട്ടിയുടെയും നേതാവല്ല.

വിവിധ കാലങ്ങളിൽ ആർ എസ് എസ് ആസൂത്രണം ചെയ്ത് സംഘടിപ്പിച്ച വർഗീയകലാപങ്ങളെക്കുറിച്ച് യഥാവിധം അന്വേഷണം നടത്തി, ആസൂത്രണത്തിൽ പങ്കാളികളായവരെ നിമയത്തിന് മുന്നിൽ കൊണ്ടുവരാനോ ഇരകളാക്കപ്പെട്ടവർക്ക് നീതി നൽകാനോ അവർ ശ്രമിച്ചില്ല. 2002ലെ വംശഹത്യാ ശ്രമത്തിലൂടെ ഗുജറാത്തിൽ ഏകാധിപത്യം സ്ഥാപിക്കപ്പെട്ടതിന് ശേഷം 2004 മുതൽ 2014 വരെ കോൺഗ്രസ്സ് നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രം ഭരിച്ചു. ആ വംശഹത്യാ ശ്രമത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അടക്കമുള്ളവർക്ക് പങ്കുണ്ടെന്ന ആരോപണമുണ്ടായിരുന്നു. ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കപ്പെട്ട ആയിരത്തിലധികം പേരുടെ (ഔദ്യോഗിക കണക്കനുസരിച്ച്) ജീവന്റെ വില കണക്കിലെടുത്തുള്ള അന്വേഷണത്തിനോ നീതി നടപ്പാക്കലിനോ രാഷ്ട്രീയ ഇച്ഛാശക്തിയോടെ എന്തെങ്കിലും ആ ദശകത്തിൽ ചെയ്തതായി അറിവില്ല. തുടർന്ന് ഗുജറാത്തിൽ അരങ്ങേറിയ വ്യാജ ഏറ്റുമുട്ടൽ കൊലകൾ, കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ഇന്റലിജൻസ് റിപോർട്ടിനെ ആധാരമാക്കിയാണെന്ന് രണ്ടാം യു പി എ സർക്കാറിന്റെ കാലത്ത് വെളിപ്പെട്ടിരുന്നു. ബഡാ സാബിനും ഛോട്ടാ സാബിനും വേണ്ടിയാണ് ഈ കൊലകളെന്ന ആരോപണം ശക്തമായി ഉയരുകയും ചെയ്തു. ആ കേസുകളിലും നിഷ്പക്ഷമായ അന്വേഷണം നടത്തി, യഥാർഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പാകത്തിലുള്ള അന്വേഷണത്തിന് ഏജൻസികളെ നിർബന്ധിതമാക്കാൻ പി ചിദംബരത്തെപ്പോലൊരാൾ ആഭ്യന്തര മന്ത്രിയുടെ കസേരയിലിരുന്നിട്ടും കഴിഞ്ഞില്ല.

ഇതിനൊപ്പം സാമ്പത്തിക പരിഷ്‌കരണ, ഉദാരവത്കരണ നടപടികളും ആ പാർട്ടിയെ തകർക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം കൂടിയതുണ്ടാക്കിയ വിരുദ്ധ വികാരം ഒരു വശത്ത്. പരിഷ്‌കരണം ആരംഭിക്കുമ്പോൾ ഒപ്പം നിന്ന കമ്പോളശക്തികൾ, സർവാധികാരങ്ങളും കൈവശംവെക്കുകയും അതുപയോഗിക്കുന്നതിൽ അനുതാപത്തിന്റെ കണിക ഇല്ലാതിരിക്കുകയും ചെയ്യുന്നവരാണ് തങ്ങളുടെ ആഗ്രഹപൂർത്തീകരണത്തിന് കൂടുതൽ അനുയോജ്യമെന്ന് തിരിച്ചറിഞ്ഞ് ചേരിമാറിയതാണ് രണ്ടാമത്തെ വശം. ഒരുപക്ഷേ, കോൺഗ്രസ്സിനെ കൂടുതൽ പ്രഹരിച്ചത് രണ്ടാമത്തെ പക്ഷമാണ്. ഈ നയങ്ങൾ തന്നെയാണോ തുടരേണ്ടത് എന്ന് പരിശോധിക്കണമെന്നും പരിഷ്‌കരണങ്ങൾക്ക് മനുഷ്യപക്ഷമുണ്ടാകണമെന്നും എ ഐ സി സിയുടെ സമ്മേളനത്തിൽ വയലാർ രവിയെപ്പോലുള്ള അപൂർവമാളുകൾ വാദിച്ചപ്പോൾ അത് കേട്ടതായി പോലും നടിക്കാൻ കോൺഗ്രസ്സ് നേതൃത്വത്തിൽ ആളുണ്ടായിരുന്നില്ല. കോൺഗ്രസ്സ് തുടങ്ങിവെച്ചത്, അത്യധികം വേഗത്തിലും മാരക പ്രഹരശേഷിയോടെയും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നടപ്പാക്കുകയും അതിന്റെ ലാഭവിഹിതം പണമായും പ്രൊപ്പഗാൻഡയായും തിരിച്ചെടുക്കുകയും ചെയ്ത്, പരിഷ്‌കാരങ്ങൾ തുറന്നിട്ട എല്ലാ സാധ്യതകളെയും (ഭക്ഷണം മുതൽ ഡാറ്റ വരെ) വർഗീയ അജൻഡകളുടെയും വ്യാജങ്ങളുടെയും പ്രചാരണത്തിന് ഉപയോഗിക്കുകയും ചെയ്യുമ്പോൾ അമ്പരന്ന് നിൽക്കാൻ മാത്രമേ സാധിക്കൂ കോൺഗ്രസ്സ് നേതൃത്വത്തിന്. ആ അമ്പരപ്പിൽ തളർന്ന് വീഴുകയാണ് ശേഷിക്കുന്ന സംഘടനാ സംവിധാനം.

സംഘടന, അതിനെ ചലിപ്പിക്കുന്ന നേതൃത്വം, പുതിയ കാലത്തെ അഭിസംബോധന ചെയ്യാൻ സഹായിക്കുന്ന പ്രചാരണ സംവിധാനങ്ങൾ, അതിനെ ചടുലമായി ഉപയോഗിക്കാൻ പാകത്തിലുള്ള സൈന്യം, രാജ്യത്തെ പുതിയ വഴിയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കാൻ പ്രേരിപ്പിക്കുന്ന നയ സമീപനം, അധികാരത്തിലെത്തിയാൽ ചെയ്യാൻ പോകുന്നകാര്യങ്ങളെക്കുറിച്ച് ജനത്തിന് വ്യക്തത നൽകുന്ന കർമപദ്ധതി, അത് വിശദീകരിച്ച് നൽകാൻ ത്രാണിയുള്ള നേതൃനിര, ഇതൊക്കെ ചെയ്യാൻ വേണ്ട മൂലധനം – ഇത്രയുമില്ലാതെ സംഘ്പരിവാരത്തെ നേരിട്ട്, സംഘടനയെ പുനരുജ്ജീവിപ്പിക്കുക എന്നത് കോൺഗ്രസ്സിനെ സംബന്ധിച്ച് ഭഗീരഥൻ ചെയ്തതിനേക്കാൾ വലിയ പ്രയത്‌നമാണ്. എങ്കിലും അത്ഭുതങ്ങൾ കാണിക്കാൻ മടിക്കാത്തവരാണ് ഇന്ത്യൻ ജനത. 1977ൽ, 1989ൽ, 2004ൽ ഒക്കെ മനസ്സിലൊളിപ്പിച്ച മാന്ത്രികവടി അവരെടുത്ത് വീശിയിട്ടുണ്ട്. അതെടുത്ത് വീശാൻ അവരെ വൈകാരികമായി ഉദ്ദീപിപ്പിക്കുന്ന ഒരു നേതൃസ്ഫുലിംഗം ചിലപ്പോൾ മുൻചൊന്ന കണക്കുകളെയും വസ്തുനിഷ്ഠ സാഹചര്യങ്ങളെയും അപ്രസക്തമാക്കും.

Latest