local body election 2025
വന്യജീവി ആക്രമണം; തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളുടെ ഉറപ്പ് എഴുതിവാങ്ങി കിഫ
കഴിഞ്ഞദിവസം കിഫ ആലത്തൂര്‍, നെന്മാറ അസംബ്ലി നിയോജകമണ്ഡലം കമ്മിറ്റികളുടെ സംയുക്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
പാലക്കാട് | വന്യജീവി ആക്രമണത്തിനും അതുമൂലം ഉണ്ടാകുന്ന കൃഷിനാശത്തിനും പരിഹാരം കാണാൻ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളില്‍ നിന്നും ഉറപ്പ് എഴുതിവാങ്ങി കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസ്സോസിയേഷന്‍. കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കുന്ന കര്‍ഷകർ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11 (2) വകുപ്പ് ഉറപ്പ് നല്‍കുന്ന സ്വയരക്ഷക്ക് വേണ്ടി പ്രവര്‍ത്തിച്ചതായി കണക്കാക്കുമെന്നും അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാന്‍ പാടില്ല എന്നുമുള്ള നിലപാട് ഞാനും എന്റെ പാര്‍ട്ടിയും സ്വീകരിക്കുന്നതാണെന്നും അപ്രകാരമുള്ള നിലപാട് സര്‍ക്കാറിനെ കൊണ്ട് സ്വീകരിപ്പിക്കുന്ന കാര്യത്തില്‍ ആത്മാർഥമായി പരിശ്രമിക്കുമെന്നും കൂടാതെ പ്രാദേശികമായ മറ്റ് ആവശ്യങ്ങളും ഉള്‍ക്കൊള്ളുന്ന സമ്മതപത്രം എഴുതിവാങ്ങുകയായിരുന്നു.
കഴിഞ്ഞദിവസം കിഫ ആലത്തൂര്‍, നെന്മാറ അസംബ്ലി നിയോജകമണ്ഡലം കമ്മിറ്റികളുടെ സംയുക്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. മലയോരമേഖലയിലെ ജനങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട വിഷയം വന്യമൃഗ ആക്രമണത്താല്‍ മനുഷ്യജീവനുള്ള ഭീഷണിയും കൃഷിനാശവുമാണെന്ന് യോഗം വിലയിരുത്തി. വോട്ട് തേടിവരുന്ന സ്ഥാനാര്‍ഥികളോട് ഈ വിഷയത്തില്‍ കൂടെ നില്‍ക്കുമെന്ന് രേഖാമൂലം ഉറപ്പ് ആവശ്യപ്പെടണമെന്നും യോഗം തീരുമാനിച്ചു. കിഫ ജില്ലാ സെക്രട്ടറി അബ്ബാസ് ഓറവന്‍ചിറ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഡോ. സിബി സക്കറിയാസ്, ജില്ലാ ട്രഷറര്‍ രമേശ് ചേവക്കുളം, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബെന്നി ജോര്‍ജ്, സോമന്‍ കൊമ്പനാല്‍, ഹുസൈന്‍ കുട്ടി സംസാരിച്ചു.





