National
പരിശീലനത്തിനിടെ ബാസ്‌കറ്റ് ബോള്‍ തൂണ്‍ ദേഹത്ത് വീണ് ദേശീയ താരം മരിച്ചു
കോര്‍ട്ടില്‍ ഒറ്റയ്ക്ക് പരിശീലനം നടത്തുകയായിരുന്നു ഹാര്‍ദികിന്റെ ദേഹത്തേക്ക് തൂണ്‍ മറിഞ്ഞ് വീഴുകയായിരുന്നു
ഛണ്ഡീഗഢ് | ബാസ്‌കറ്റ് ബോള്‍ പരിശീലനത്തിനിടെ തൂണ്‍ ദേഹത്ത് വീണ് ദേശീയതല താരമായ 16കാരന്‍ മരിച്ചു. ഹരിയാന റോഹ്തക്കിലെ ലഖാന്‍ മജ്റ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ ചൊവ്വാഴ്ച രാവിലെ 10 ഓടെയാണ് സംഭവം. കോര്‍ട്ടില്‍ ഒറ്റയ്ക്ക് പരിശീലനം നടത്തുകയായിരുന്നു ഹാര്‍ദികിന്റെ ദേഹത്തേക്ക് തൂണ്‍ മറിഞ്ഞ് വീഴുകയായിരുന്നു. കോര്‍ട്ടിന് പുറത്ത് നില്‍ക്കുകയായിരുന്ന സുഹൃത്തുക്കള്‍ ഓടിയെത്തി തൂണ്‍ ദേഹത്തുനിന്ന് എടുത്തുമാറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹാര്‍ദിക് അടുത്തിടെയാണ് പരിശീലന ക്യാംപില്‍ നിന്ന് തിരിച്ചെത്തിയതെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഹാര്‍ദിക്കിന്റെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തതായും മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് പറഞ്ഞു. തൂണിന്റെ ഉറപ്പില്ലായ്മയാണ് അപകടത്തിന് കാരണമായത്.
കങ്ക്രയില്‍ നടന്ന 47ാമത് സബ് ജൂനിയര്‍ നാഷനല്‍ ചാമ്പ്യന്‍ഷിപ്പ്, ഹൈദരാബാദില്‍ നടന്ന 49ാമത് സബ് ജൂനിയര്‍ നാഷനല്‍ ചാമ്പ്യന്‍ഷിപ്പ്, പുതുച്ചേരിയില്‍ നടന്ന 39ാമത് യൂത്ത് നാഷനല്‍ ചാമ്പ്യന്‍ഷിപ്പ് എന്നിവയടക്കം നിരവധി ദേശീയ ടൂര്‍ണമെന്റുകളില്‍ മെഡലുകള്‍ നേടിയിട്ടുള്ള താരമാണ് ഹാര്‍ദിക്




