Uae
"ഈദ് അൽ ഇത്തിഹാദ്': ആഘോഷങ്ങൾക്ക് മാർഗരേഖ
11 നിയമലംഘനങ്ങൾക്ക് നിരോധനം
അബൂദബി| 54-ാമത് യു എ ഇ ദേശീയ ദിനമായ “ഈദ് അൽ ഇത്തിഹാദ്’ ആഘോഷിക്കാൻ രാജ്യം ഒരുങ്ങുന്നതിനിടെ ആഘോഷങ്ങൾ സുരക്ഷിതമാക്കുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മാർഗരേഖകൾ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. പൊതു ആഘോഷങ്ങൾ റോഡ് സുരക്ഷക്ക് ഭീഷണിയാകുകയോ പൊതുക്രമം തകർക്കുകയോ ചെയ്യരുതെന്ന് അധികൃതർ പറഞ്ഞു. അനധികൃതമായ കൂട്ടായ്മകൾ രൂപീകരിക്കുക, ഗതാഗതം തടസ്സപ്പെടുത്തുക, പൊതു റോഡുകൾ തടയുക, സ്റ്റണ്ട് ഡ്രൈവിംഗ്, ജനലിലൂടെയോ സൺറൂഫിലൂടെയോ പുറത്തേക്ക് ചാരിയേക്കൽ, വാഹനങ്ങളിൽ അനുവദനീയമായതിലും അധികം ആളുകളെ കയറ്റൽ എന്നിവക്ക് നിരോധനമുണ്ട്.
വാഹനങ്ങളുടെ വിൻഡോകൾ മറയ്ക്കുകയോ ലൈസൻസ് പ്ലേറ്റുകൾ മറച്ചുവെക്കുകയോ അമിതമായ ശബ്ദമുണ്ടാക്കുകയോ ചെയ്യരുത്. ദേശീയദിനവുമായി ബന്ധമില്ലാത്ത ഷാളുകൾ ധരിക്കുന്നതിനും യു എ ഇയുടെ പതാകയല്ലാതെ മറ്റ് പതാകകൾ ഉയർത്തുന്നതിനും വിലക്കുണ്ട്. വാഹനങ്ങളിൽ സ്‌പ്രേ പെയിന്റ് ഉപയോഗിക്കുന്നതും ഈദ് അൽ ഇത്തിഹാദുമായി ബന്ധമില്ലാത്ത സംഗീതം ഉച്ചത്തിൽ വെക്കുന്നതും നിയമലംഘനമാണ്.
നിയമം ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കലും പിഴ ചുമത്തലും ഉൾപ്പെടെയുള്ള കർശനമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വാഹനങ്ങളിൽ ഔദ്യോഗിക ഈദ് അൽ ഇത്തിഹാദ് സ്റ്റിക്കറുകൾ ഉപയോഗിക്കാനും ദേശീയ ദിനം ആഘോഷിക്കുന്നതിനായി യു എ ഇ പതാക ഉയർത്താനും താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പതാക പ്രദർശിപ്പിക്കേണ്ട 15 നിയമങ്ങൾ അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. ഈദ് അൽ ഇത്തിഹാദ് സമയത്ത് ദേശീയത പ്രകടിപ്പിക്കാനുള്ള ഏറ്റവും അർഥവത്തായ മാർഗങ്ങളിലൊന്നാണ് യു എ ഇ പതാക ഉയർത്തുന്നതെന്നും എന്നാൽ ഇത് ശരിയായ രീതിയിലും ബഹുമാനത്തോടെയും ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി.



