International
പാക്കിസ്ഥാന്റെ വ്യോമാക്രമണം; ഉചിതമായ സമയത്ത് പ്രതികരിക്കുമെന്ന് അഫ്ഗാനിസ്ഥാന്‍
രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയും ഭൂപ്രദേശവും ജനങ്ങളെയും സംരക്ഷിക്കേണ്ടത് നിയമാനുസൃതമായ അവകാശമാണെന്നും തക്ക സമയത്ത് ഉചിതമായി പ്രതികരിക്കുമെന്നും താലിബാന്‍ വക്താവ്
കാബൂള്‍ | പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ പ്രതികരിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയും ഭൂപ്രദേശവും ജനങ്ങളെയും സംരക്ഷിക്കേണ്ടത് നിയമാനുസൃതമായ അവകാശമാണെന്നും തക്ക സമയത്ത് ഉചിതമായി പ്രതികരിക്കുമെന്നും താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു.അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിനുമേലുള്ള കടന്നു കയറ്റമാണ് ആക്രമണമെന്നും അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ പാക്ടിക, ഖോസ്‌ക്, കുനാര്‍ പ്രവിശ്യകളിലാണ് പാകിസ്ഥാന്‍ സേന വ്യോമാക്രമണങ്ങള്‍ നടത്തിയത്. അഫ്ഗാനിസ്ഥാനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെ പാക്കിസ്ഥാന്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ ഒന്‍പത് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടെന്ന് താലിബാന്‍ വക്താവ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ പെഷാവറില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം തെഹ്രികെ താലിബാന്‍ പാക്കിസ്ഥാന്‍ (ടിടിപി), ഹാഫിസ് ഗുല്‍ ബഹാദൂര്‍ ഭീകരസംഘടനകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.



