Uae
എത്യോപ്യയിലെ അഗ്‌നിപർവത സ്‌ഫോടനം; യു എ ഇയിലേക്കും തിരിച്ചുമുള്ള ചില വിമാന സർവീസുകൾ താളംതെറ്റി
അഗ്‌നിപർവതം പൊട്ടിത്തെറിച്ചതിനെ രൂപപ്പെട്ട സാഹചര്യം യു എ ഇയിലെ വിമാനക്കമ്പനികളുടെ പ്രവർത്തനങ്ങളെ ബാധിച്ചില്ല. തങ്ങളുടെ എല്ലാ വിമാന സർവീസുകളും സാധാരണ ഷെഡ്യൂളിൽ തുടർന്നതായി ഇത്തിഹാദ് എയർവേയ്സ് അറിയിച്ചു.
ദുബൈ| എത്യോപ്യയിലെ അഗ്‌നിപർവത സ്‌ഫോടനത്തെത്തുടർന്ന് വ്യാപിച്ച ചാരം യു എ ഇയിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സർവീസുകളെ ബാധിച്ചു. ഇത് വ്യാപകമായ യാത്രാ തടസ്സത്തിന് കാരണമായി. ചില സർവീസുകൾ സാധാരണ നിലയിലായിട്ടുണ്ട്. ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായി ഞായറാഴ്ച നടന്ന ഹെയ്്ലി ഗുബ്ബി അഗ്‌നിപർവത സ്‌ഫോടനത്തെത്തുടർന്ന് പുക ആകാശത്തേക്ക് ഉയർന്നു. കട്ടിയുള്ള ചാരം ചെങ്കടലിലേക്കും യമനിലേക്കും ഒമാനിലേക്കും എത്തി. തുടർന്ന് വടക്കേ ഇന്ത്യയിലേക്കും ചൈനയിലേക്കും അത് പ്രവഹിച്ചു.
ഇന്ത്യയിൽ നിന്ന് അബുദബി, ജിദ്ദ, കുവൈത്ത് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും ചൊവ്വാഴ്ച അകാശ എയർ റദ്ദാക്കി. എയർ അറേബ്യ ഷാർജയിൽ നിന്ന് കുവൈത്ത്, ദമാസ്‌കസ്, കാബൂൾ, സോഹാർ, ഇസ്്ലാമാബാദ്, എന്റബ്ബെ, ദോഹ, കെയ്റോ സ്ഫിൻക്‌സ് എന്നിവിടങ്ങളിലേക്ക് രാവിലെയുള്ള വിമാന സർവീസുകൾ റദ്ദാക്കി.
ദുബൈയിൽ നിന്ന് ഹൈദരാബാദിലേക്കും ചെന്നൈയിലേക്കുമുള്ള വിമാന സർവീസുകൾ അടക്കം നിരവധി അന്താരാഷ്ട്ര റൂട്ടിലെ സർവീസുകൾ എയർ ഇന്ത്യ ഇന്നലെ നിർത്തിവെച്ചു. ഇന്ത്യക്കും ദോഹക്കും സഊദി അറേബ്യക്കുമിടയിലുള്ള സർവീസുകളും യു എസിൽ നിന്നുള്ള ദീർഘദൂര സർവീസുകളും നിർത്തിവെച്ചു. നിരവധി ആഭ്യന്തര വിമാന സർവീസുകളും എയർ ഇന്ത്യ റദ്ദാക്കി. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏഴ് അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കി. കൂടാതെ, 12 അന്താരാഷ്ട്ര വിമാനങ്ങൾ വൈകി.
എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്ലൈ ദുബൈ സർവീസുകൾ സാധാരണ നിലയിൽ
അഗ്‌നിപർവതം പൊട്ടിത്തെറിച്ചതിനെ രൂപപ്പെട്ട സാഹചര്യം യു എ ഇയിലെ വിമാനക്കമ്പനികളുടെ പ്രവർത്തനങ്ങളെ ബാധിച്ചില്ല. തങ്ങളുടെ എല്ലാ വിമാന സർവീസുകളും സാധാരണ ഷെഡ്യൂളിൽ തുടർന്നതായി ഇത്തിഹാദ് എയർവേയ്സ് അറിയിച്ചു. ദുബൈ ആസ്ഥാനമായുള്ള എമിറേറ്റ്‌സ്, ഫ്ലൈ ദുബൈ എന്നീ വിമാനക്കമ്പനികളും തങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും ഇത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിലേക്കുള്ള വിമാനങ്ങൾ ഉൾപ്പെടെ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുവെന്നും വിമാനക്കമ്പനി അധികൃതർ അറിയിച്ചു. സർവീസുകൾ തടസ്സപ്പെട്ടിട്ടില്ലെങ്കിലും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഏറ്റവും ഉയർന്ന മുൻഗണനയെന്നും അവർ വ്യക്തമാക്കി.
“അമ്ല മഴക്ക് കാരണമാകും’
എത്യോപ്യയിലെ അഗ്‌നിപർവത സ്‌ഫോടനത്തിൽ നിന്നുള്ള വാതകങ്ങൾ ഈർപ്പവുമായി പ്രതിപ്രവർത്തിച്ച് ഒമാൻ, യെമൻ എന്നിവിടങ്ങളിൽ നേരിയ അമ്ല മഴക്ക് കാരണമായേക്കാമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റിയിലെ ഇബ്്റാഹിം അൽ ജർവാൻ പറഞ്ഞു. ആസിഡുകളുടെ ഈ വർഷം മനുഷ്യരിൽ കണ്ണിനും മൂക്കിനും അസ്വസ്ഥത ഉണ്ടാക്കുന്നതിനും ശ്വാസോച്ഛ്വാസം, ശ്വാസകോശ പ്രവർത്തനം എന്നിവ തടസ്സപ്പെടുത്തുന്നതിനും കാരണമാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
---- facebook comment plugin here -----



