Kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: പത്മകുമാറിനെ ഇന്ന് എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങും; മുരാരി ബാബുവിനും ജയശ്രീക്കും ഇന്ന് നിര്‍ണായകം
മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും.ജയശ്രീ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
തിരുവനന്തപുരം | ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ എസ്‌ഐടി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ചോദ്യം ചെയ്യലില്‍ പത്മകുമാര്‍ നല്‍കുന്ന മൊഴികള്‍ കേസില്‍ നിര്‍ണായകമാകും. പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാനായി പത്മകുമാര്‍ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്നാണ് അംഗങ്ങളുടെ മൊഴിയാണ് പത്മകുമാറിന് കുരുക്കായത്.
അതേ സമയം സര്‍ക്കാരിന് ലഭിച്ച പോറ്റിയുടെ അപേക്ഷയാണ് ബോര്‍ഡിലേക്ക് നല്‍കിയതെന്ന പത്മകുമാറിന്റെ മൊഴിയിലും വ്യക്തത വരുത്തേണ്ടതുണ്ട്. കേസിലെ മറ്റൊരു പ്രതിയായ ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും.
കേസിലെ നാലാം പ്രതിയും ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറിയുമായ ജയശ്രീ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു. ദേവസ്വം ബോര്‍ഡില്‍ ഉദ്യോഗസ്ഥ മാത്രമായിരുന്നെന്നും മുകളില്‍ നിന്നുളള നിര്‍ദേശങ്ങള്‍ നടപ്പാക്കുകയാണ് ചെയ്‌തെന്നും ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയിലാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. ജയശ്രീയുടെ ഹര്‍ജി ഇന്നലെ ഹൈക്കോടതി പരിഗണിച്ചെങ്കിലും കൂടുതല്‍ വാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.



