From the print
ചൂരൽമല- മുണ്ടക്കൈ വാർഡിൽ അടവുനയം പയറ്റി യു ഡി എഫ്- വെൽഫെയർ പാർട്ടി
പത്രിക നൽകിയ വെൽഫെയർ സ്ഥാനാർഥി പിൻമാറി
കൽപ്പറ്റ | തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനം ഉറ്റുനോക്കുന്ന വാർഡുകളിലൊന്നാണ് മേപ്പാടി പഞ്ചായത്തിലെ ചൂരൽമല- മുണ്ടക്കൈ. ജില്ലാ പഞ്ചായത്ത് മേപ്പാടി ഡിവിഷൻ, മേപ്പാടി ഗ്രാമപഞ്ചായത്ത് ഭരണം, ദുരന്ത ഭൂമിയായ ചൂരൽമല -മുണ്ടക്കൈ വാർഡ് എന്നിവയിലെ തിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയമായി വലിയ തോതിൽ ചർച്ച ചെയ്യപ്പെടുമെന്ന് ഉറപ്പാണ്. ഈ ഒരു സാഹചര്യത്തിൽ യു ഡി എഫിനായി വലിയ രാഷ്ട്രീയ അടവുനയം സ്വീകരിച്ചിരിക്കുകയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ വെൽഫെയർ പാർട്ടി. തിരഞ്ഞെടുപ്പിൽ ആദ്യം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയ വെൽഫെയർ പാർട്ടി ഇപ്പോൾ സ്ഥാനാർഥിത്വം പിൻവലിച്ചിരിക്കുകയാണ്. യു ഡി എഫ്- ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന നേതൃത്വതലത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് സ്ഥാനാർഥി പിൻമാറ്റമെന്നാണ് വിവരം.
വെൽഫെയർ പാർട്ടിയുടെ സ്ഥാനാർഥിയായി പി മുഹമ്മദ് റാശിദാണ് പത്രിക നൽകിയിരുന്നത്. തുടക്കത്തിൽ സ്ഥാനാർഥിയായി പ്രചാരണം തുടങ്ങിയ അദ്ദേഹം പിന്നീട് മത്സരരംഗത്ത് നിന്ന് മാറിയിരുന്നു. ജില്ലയിലെ യു ഡി എഫ് നേതൃത്വം മറ്റ് സീറ്റുകളുമായി ബന്ധപ്പെട്ട് വെൽഫെയർ പാർട്ടിയുമായി നടത്തിയ ചർച്ചയെ തുടർന്നായിരുന്നു ഈ പിൻമാറ്റമെന്നാണ് വിവരം. എന്നാൽ വിലപേശൽ ലക്ഷ്യംകാണാതായതോടെ വീണ്ടും മത്സരിക്കാൻ വെൽഫെയർ പാർട്ടി തയ്യാറാകുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്ററുകളിറക്കി പ്രചാരണം തുടങ്ങിയിടത്ത് നിന്നാണ് പിൻമാറ്റം.
ഉരുൾ ദുരന്തത്തിന് മുമ്പ് രണ്ട് വാർഡുകളായിരുന്നു ചൂരൽമലയും മുണ്ടക്കൈയും. ഇവിടത്തെ വോട്ടർമാർ ദുരന്തത്തിൽ മരണപ്പെട്ടതോടെ ഇപ്പോൾ രണ്ടുംകൂടി ഒരു വാർഡായി. കടുത്ത മത്സരമാണ് ഇവിടെ എൽ ഡി എഫും യു ഡി എഫും തമ്മിൽ നടക്കുന്നത്. യു ഡി എഫിനായി മുസ്‌ലിം ലീഗിലെ കെ മൻസൂറും എൽ ഡി എഫിനായി സി പി എമ്മിലെ കെ കെ സഹദുമാണ് മത്സരിക്കുന്നത്. ഇവരെ കൂടാതെ ബി ജെ പി സ്ഥാനാർഥിയും ഒരു സ്വതന്ത്ര സ്ഥാനാർഥിയും മത്സര രംഗത്തുണ്ട്. പുനരധിവാസത്തിൽ വിവിധ പാർട്ടികൾ സ്വീകരിച്ച നിലപാടുകളാണ് പ്രധാന പ്രചാരണ വിഷയം.
വയനാട്ടിൽ ജമാഅത്തെ ഇസ്‌ലാമിയുടെ വെൽഫെയർ പാർട്ടിയും യു ഡി എഫും തമ്മിൽ പരസ്യസഖ്യം മറ്റൊരു പഞ്ചായത്തിലുമുണ്ട്. പിണങ്ങോട് പഞ്ചായത്തിലെ 11ാം വാർഡിൽ വെൽഫെയർ പാർട്ടിയുടെ ഷെർബിന ഫൈസലാണ് യു ഡി എഫിന്റെ ഔദ്യോഗിക സ്ഥാനാർഥി.




