Connect with us

From the print

യു ഡി എഫ്- ജമാഅത്ത് സഖ്യം വ്യാപകം; പരക്കെ എതിർപ്പ്

മതേതര സ്വഭാവത്തെ അട്ടിമറിക്കുന്ന സഖ്യമെന്ന് നിരീക്ഷണം

Published

|

Last Updated

കോഴിക്കോട്/ മലപ്പുറം/ കണ്ണൂർ/ വയനാട് | സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിയുമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള യു ഡി എഫ് കൂട്ടുകെട്ടിൽ പരക്കെ എതിർപ്പ്. കോൺഗ്രസ്സും മുസ്‌ലിം ലീഗും മറ്റ് യു ഡി എഫ് കക്ഷികളും കാലങ്ങളായി കാത്തുവന്ന മതേതര സ്വഭാവത്തെ അട്ടിമറിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ സഖ്യമാണിതെന്ന അഭിപ്രായം ശക്തമായിട്ടുണ്ട്.
കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട്, കോട്ടയം ജില്ലകളിലാണ് വെൽഫെയർ – യു ഡി എഫ് സഖ്യം മറനീക്കി പുറത്തുവന്നത്. വെൽഫെയറുമായി സഖ്യമില്ലെന്ന് യു ഡി എഫ് നേതാക്കൾ നേരത്തേ വ്യക്തമാക്കിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് ദിനം അടുക്കും തോറും ഈ കൂട്ടുകെട്ട് സംബന്ധിച്ച വാർത്തകൾ വ്യാപകമാകുകയാണ്.

കോഴിക്കോട് കോർപറേഷനിൽ ചെറുവണ്ണൂർ വെസ്റ്റ് ഡിവിഷനിൽ വെൽഫെയർ പാർട്ടിയുടെ വനിതാ നേതാവാണ് യു ഡി എഫ് സ്ഥാനാർഥി. കൊടുവള്ളി നഗരസഭയിൽ രണ്ട് സീറ്റാണ് ഇത്തവണ വെൽഫെയറിന് അനുവദിച്ചത്. പേരാമ്പ്ര ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ ചെറിയ കുമ്പളം, പാറക്കടവ് വാർഡുകളിൽ യു ഡി എഫ് പിന്തുണയോടെയാണ് വെൽഫെയറിന്റെ മത്സരം. വടകര ആയഞ്ചേരിയിലെ വാർഡ് പത്തിലും തിരുവള്ളൂരിലെ വാർഡ് നാലിലും വെൽഫെയർ- യു ഡി എഫ് കൂട്ടുകെട്ടുണ്ട്. മുക്കം കൊടിയത്തൂരിൽ രണ്ട് വാർഡാണ് വെൽഫെയറിന് നൽകിയിരിക്കുന്നത്. വേളം ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിലാണ് യു ഡി എഫ്- വെൽഫെയർ പാർട്ടി സഖ്യം.

മലപ്പുറത്തും വെൽഫെയർ- യു ഡി എഫ് കൂട്ടുകെട്ട് പ്രകടമാണ്. തിരൂരങ്ങാടി, തിരൂർ, താനൂർ എന്നീ നഗരസഭകളിൽ ഓരോന്നും പരപ്പനങ്ങാടി, മലപ്പുറം, വളാഞ്ചേരി നഗരസഭകളിൽ രണ്ടെണ്ണവുമാണ് വെൽഫെയർ ബന്ധത്തിന് നീക്കിവെച്ചത്. കൂടാതെ, താഴെക്കോട്, ഏലംകുളം, കീഴാറ്റൂർ, മൂന്നിയൂർ, എ ആർ നഗർ, കണ്ണമംഗലം, പറപ്പൂർ, എടപ്പാൾ, വട്ടംകുളം, കൽപകഞ്ചേരി, മമ്പാട്, പെരുവള്ളൂർ, കോഡൂർ, കൂട്ടിലങ്ങാടി, എടയൂർ ഗ്രാമ പഞ്ചായത്തുകളിൽ ഓരോ വാർഡിലും വെട്ടത്തൂർ, വേങ്ങര, ആലങ്കോട്, വെട്ടം, നന്നമ്പ്ര, മാറഞ്ചേരി എന്നിവിടങ്ങളിൽ രണ്ട് വീതം വാർഡുകളിലും യു ഡി എഫ് വെൽഫെയറുമായി ഭായ്-ഭായ് ബന്ധത്തിലാണ്.
ലീഗും കോൺഗ്രസ്സും തമ്മിൽ ഇടഞ്ഞ പൊൻമുണ്ടം ഗ്രാമ പഞ്ചായത്തിൽ മുസ്‌ലിം ലീഗ് തനിച്ചാണ് വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയത്.

കണ്ണൂരിൽ മുഴപ്പിലങ്ങാട്, മാടായി, വളപട്ടണം ഗ്രാമ പഞ്ചായത്തുകളിൽ വെൽഫെയറിന് യു ഡി എഫുമായി സഖ്യമുണ്ട്. വയനാട് ജില്ലയിലെ വെങ്ങപ്പള്ളി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ വെൽഫെയർ പാർട്ടി മത്സരിക്കുന്നത് യു ഡി എഫ് സഖ്യത്തിന്റെ ഭാഗമായാണ്. കോട്ടയത്ത് കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ എട്ട്, പത്ത് വാർഡുകളിലും ഇരാറ്റുപേട്ടയിൽ ആറ്, പതിമൂന്ന് വാർഡുകളിലും വെൽഫെയർ പാർട്ടി യു ഡി എഫ് പിന്തുണയിൽ മത്സരിക്കുന്നുണ്ട്.

 

Latest