Connect with us

From the print

പഠനം പടിപ്പുറത്ത് വേണം

ഓരോ കിലോമീറ്ററിലും ഒരു സർക്കാർ എൽ പി സ്കൂൾ. സംസ്ഥാന സർക്കാർ ഹരജി സുപ്രീം കോടതി തള്ളി.ഉത്തരവ് മലപ്പുറം എലന്പ്രയിൽ നിന്നുള്ള ഹരജിയിൽ

Published

|

Last Updated

ന്യൂഡൽഹി | വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലാത്ത പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണമെന്ന് കേരളത്തിന് സുപ്രീം കോടതിയുടെ നിർദേശം. ഒരു കിലോമീറ്റർ ചുറ്റവളിൽ ലോവർ പ്രൈമറി (എൽ പി) സ്‌കൂളും മൂന്ന് കിലോമീറ്റർ ചുറ്റളവിൽ അപ്പർ പ്രൈമറി (യു പി) സ്‌കൂളുകളും സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബഞ്ച് നിർദേശം നൽകിയത്. മഞ്ചേരി മുനിസിപാലിറ്റിയിലെ പയ്യനാട് എലമ്പ്രയിൽ ഗവ. എൽ പി സ്‌കൂൾ സ്ഥാപിക്കാനുള്ള കേരള ഹൈക്കോടതി ഉത്തരവ് ശരിവെച്ചാണ് സുപ്രീം കോടതിയുടെ ഇടപെടൽ.
മൂന്ന്- നാല് കിലോമീറ്റർ ചുറ്റളവിൽ വിദ്യാഭ്യാസ സൗകര്യമില്ലാത്ത എലമ്പ്രയിൽ സ്‌കൂൾ സ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ന്യായീകരിക്കാവുന്നതും സാധുതയുള്ളതുമാണെന്ന് നിരീക്ഷിച്ച ബഞ്ച്, ഉത്തരവ് പാലിക്കാൻ സംസ്ഥാന സർക്കാറിന് മൂന്ന് മാസം അനുവദിച്ചു. 2009ലെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ നിയമപ്രകാരമുള്ള വിദ്യാഭ്യാസ അവകാശം ഭൂമിശാസ്ത്രപരമോ സാമ്പത്തികമോ ആയ പരിമിതികൾ കാരണം നിഷേധിക്കാൻ കഴിയില്ലെന്ന് ബഞ്ച് വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയിൽ പണമിറക്കിയതു കൊണ്ടാണ് കേരളം സാക്ഷരതയിൽ മുന്നിലെത്തിയതെന്നും കോടതി ഓർമിപ്പിച്ചു.

രണ്ട് ഘട്ടമായി
ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാറാണ് സുപ്രീം കോടതിയിൽ ഹരജി നൽകിയത്. ഈ ആവശ്യം തള്ളുന്നതായി ബഞ്ച് വ്യക്തമാക്കി. ദുർഘട ഭൂപ്രകൃതിയുള്ള പ്രദേശങ്ങളിൽ കുട്ടികൾക്ക് പ്രവേശനം ഉറപ്പാക്കുന്നതിന് അവിടെ തന്നെ സ്‌കൂളുകൾ സ്ഥാപിക്കണം. ഇക്കാര്യത്തിൽ രണ്ട് ഘട്ടമായുള്ള സമീപനമാണ് കോടതി നിർദേശിച്ചത്. ആദ്യ ഘട്ടത്തിൽ, എൽ പി അല്ലെങ്കിൽ യു പി സ്‌കൂളില്ലാത്ത പ്രദേശങ്ങളെ സംസ്ഥാന സർക്കാർ തിരിച്ചറിയണം. രണ്ടാം ഘട്ടത്തിൽ, ഒരു കിലോമീറ്റർ ചുറ്റളവിൽ എൽ പി സ്‌കൂളോ മൂന്ന് കിലോമീറ്ററിനുള്ളിൽ യു പി സ്‌കൂളോ ഇല്ലാത്ത എല്ലാ പ്രദേശത്തും സ്‌കൂളുകൾ സ്ഥാപിക്കണം. സ്വകാര്യ കെട്ടിടങ്ങൾ സ്‌കൂൾ സൗകര്യങ്ങളായി ഉപയോഗിക്കാം. എങ്കിലും, ഇത്തരം ക്രമീകരണങ്ങൾ അനിശ്ചിതമായി തുടരരുത്. സ്ഥിരമായ സ്‌കൂൾ അടിസ്ഥാന സൗകര്യങ്ങൾക്കായി ഉചിതമായ ബജറ്റ് വിഹിതം നൽകണം. സ്ഥിരം അധ്യാപകരില്ലെങ്കിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കണം. വിരമിച്ച അധ്യാപകരുടെ സേവനം ഉപയോഗിക്കാം. എയ്ഡഡ് മേഖലക്ക് ഈ ഉത്തരവ് ബാധകമാകില്ലെന്നും സുപ്രീം കോടതി വ്യക്തത വരുത്തി.
പുതുതായി തുടങ്ങുന്ന സ്‌കൂളുകളിൽ വിദ്യാർഥി പ്രവേശനവും അധ്യാപക നിയമനവും സുതാര്യമായിരിക്കണം. ആവശ്യമായ സ്‌കൂളുകളുടെ മികച്ച നിർമാണത്തിന് സംസ്ഥാന സർക്കാറിന്റെ പക്കൽ ഫണ്ടില്ലായിരിക്കാമെന്ന് കോടതിക്ക് ബോധ്യമുണ്ട്. സ്‌കൂളുകൾ സ്ഥാപിക്കുന്നതിന് ലഭ്യമായ ഭൂ വിവരങ്ങൾ സർക്കാറിന് നൽകാൻ ഗ്രാമപഞ്ചായത്തുകൾക്ക് നിർദേശം നൽകി.

പ്രവേശനത്തിൽ സുതാര്യത ഉറപ്പാക്കുക, തുല്യതാ തത്ത്വങ്ങൾ പാലിക്കുക, മതിയായ അടിസ്ഥാന സൗകര്യങ്ങൾ നിലനിർത്തുക, വിദ്യാഭ്യാസ അവകാശ നിയമം പാലിക്കുക, ക്യാപിറ്റേഷൻ ഫീസ് ഈടാക്കരുത് എന്നിവ ഉറപ്പാക്കിയാൽ, സേവനമില്ലാത്ത പ്രദേശങ്ങളിൽ സ്‌കൂളുകൾ സ്ഥാപിക്കാൻ ചാരിറ്റബിൾ സ്ഥാപനങ്ങളെ ക്ഷണിക്കാനുള്ള സ്വാതന്ത്ര്യവും സർക്കാറിന് നൽകി. എന്നാൽ, സ്വകാര്യ വ്യക്തിയെ ഈ നിർദേശങ്ങളുടെ പ്രയോജനം നേടാൻ അനുവദിക്കരുതെന്നും ബഞ്ച് വ്യക്തമാക്കി.

കേസ് വഴി
എലമ്പ്രയിൽ ഗവ. എൽ പി സ്‌കൂൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തി ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യ ഹരജിയാണ് കേസിനാധാരം. സ്‌കൂൾ നിർമിക്കാൻ പ്രദേശവാസികൾ ഒരേക്കർ സ്ഥലം വാങ്ങിയിട്ടുണ്ടെന്നും മുനിസിപാലിറ്റി കെട്ടിടം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്ന ഹരജി, ഈ ആവശ്യം വിദ്യാഭ്യാസ വകുപ്പ് നിരാകരിച്ചെന്ന് വ്യക്തമാക്കുന്നു. ഹരജി പരിഗണിച്ച ഹൈക്കോടതി ഇവിടെ സ്‌കൂൾ സ്ഥാപിക്കാൻ ഉത്തരവിട്ടു. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. എലമ്പ്ര മേഖലയിൽ വിദ്യാഭ്യാസത്തിന് ആവശ്യമായ സൗകര്യങ്ങളുണ്ടെന്നും പുതിയ സ്‌കൂൾ ആവശ്യമില്ലെന്നുമായിരുന്നു സർക്കാർ വാദം. വിദ്യാർഥികൾക്ക് മറ്റ് സ്ഥലങ്ങളിൽ പോയി പഠിക്കണമെങ്കിൽ അതിനുള്ള സൗകര്യം ഒരുക്കാമെന്നും സംസ്ഥാന സർക്കാർ വാദിച്ചിരുന്നു.

Latest