Kerala
നടിയെ ആക്രമിച്ച കേസ്: മൊഴി നല്‍കുന്ന ഘട്ടത്തില്‍ പിടി തോമസിന് സമ്മര്‍ദമുണ്ടായിരുന്നു; ഉമ തോമസ് എല്‍എല്‍എ
ആരെയെങ്കിലും കുറ്റക്കാരനാക്കാന്‍ പി ടി ശ്രമിച്ചിരുന്നില്ല. എന്നാല്‍ സത്യം പുറത്തു കൊണ്ടുവരിക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ഉമ തോമസ്
കൊച്ചി| കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മൊഴി നല്‍കുന്ന ഘട്ടത്തില്‍ പിടി തോമസിന് സമ്മര്‍ദങ്ങള്‍ ഉണ്ടായിരുന്നെന്ന് ഭാര്യ ഉമാ തോമസ് എംഎല്‍എ. കേസില്‍ പി ടി ഇടപെടുന്ന സമയത്ത് അദ്ദേഹം ഉപയോഗിച്ചിരുന്ന കാറിന്റെ നാലു ടയറുകളുടെയും ബോള്‍ട്ട് അഴിച്ചുമാറ്റിയതില്‍ ഇന്നും സംശയങ്ങള്‍ ബാക്കിയാണ്. ആരെയെങ്കിലും കുറ്റക്കാരനാക്കാന്‍ പി ടി ശ്രമിച്ചിരുന്നില്ല. എന്നാല്‍ സത്യം പുറത്തു കൊണ്ടുവരിക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ഉമ തോമസ് പറഞ്ഞു.
കാറിന്റെ ടയറിലെ ബോള്‍ട്ട് അഴിച്ചുമാറ്റപ്പെട്ടതില്‍ പലരും സംശയം പറഞ്ഞിരുന്നു. അത് വധശ്രമമാണെന്ന സംശയമുണ്ട്. ഇപ്പോഴും അത് ദുരൂഹമായി തുടരുകയാണ്. അതിജീവിതയെ മകളെ പോലെ കണ്ടാണ് പിടി ഇടപെട്ടത്. അന്നത്തെ രാത്രി പി ടി വീട്ടില്‍ വന്ന് കിടന്നതാണ്. അതിന് ശേഷമാണ് ഫോണ്‍ വന്ന് എഴുന്നേറ്റ് പോയത്. അതുപോലെ തിരിച്ചുവന്നതിന് ശേഷം പിടി അസ്വസ്ഥനായിരുന്നു. സ്വന്തം മകള്‍ക്ക് ഒരു അപകടം സംഭവിച്ചത് പോലെ പിടി അന്നത്തെ രാത്രി ഉറങ്ങിയില്ല. അന്ന് പിടി പറഞ്ഞത് നടിക്ക് ധൈര്യം കൊടുക്കുകയും മറ്റൊരാള്‍ക്ക് ഇതുപോലെ സംഭവിക്കാന്‍ പാടില്ലെന്നുമാണ്. അതുകൊണ്ട് നീതിക്ക് വേണ്ടി പോരാടണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ജുഡീഷ്യറിയില്‍ എനിക്ക് ഉത്തമ വിശ്വാസമുണ്ട്. അതുകൊണ്ട് ഇതില്‍ ഇടപെട്ടവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നു വിശ്വസിക്കുന്നുവെന്ന് ഉമാ തോമസ് വ്യക്തമാക്കി.




