Connect with us

ഏക സിവില്‍ കോഡ്

എന്തുകൊണ്ട് ഉത്തരാഖണ്ഡ്?

ബി ജെ പിയുടെ നേതൃത്വത്തില്‍ 18 സംസ്ഥാനങ്ങളില്‍ എന്‍ ഡി എ സര്‍ക്കാര്‍ നിലവിലുണ്ട്. ഇവയില്‍ 12 സംസ്ഥാനങ്ങളിലും ഭരണം ബി ജെ പി തനിച്ചാണ്. അവരെയൊക്കെ മറികടന്നു കൊണ്ടാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഏക സിവില്‍ കോഡ് ബിൽ പാസ്സാക്കിയത്.

Published

|

Last Updated

രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുക എന്നത് ആര്‍ എസ് എസിന്റെ പ്രഖ്യാപിത നയങ്ങളില്‍ ഒന്നാണ്. രാമക്ഷേത്രവും മുത്വലാഖ് ബില്ലും 370ാം വകുപ്പ് നീക്കം ചെയ്യലും നടപ്പാക്കി കഴിഞ്ഞു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി തങ്ങളുടെ പ്രകടനപത്രിയില്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണം രണ്ടാം ഘട്ടം അവസാനിക്കാറായിട്ടും ഈ വിഷയത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ മോദി സര്‍ക്കാറിന് സാധിച്ചിട്ടില്ല.

ഏക സിവില്‍ കോഡ് എന്നത് ഗോത്ര വിഭാഗങ്ങളുള്‍പ്പെടെ പലരെയും ഒഴിവാക്കിയുള്ള ഒരു ബില്ലായിരിക്കും എന്ന് വ്യക്തമാണ്. ആര്‍ എസ് എസും ബി ജെ പിയും സിവില്‍കോഡ് കൊണ്ട് ലക്ഷ്യമാക്കുന്നത് പ്രധാനമായും മുസ്‌ലിംകളെയാണ്. ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ പാസ്സാക്കിയ ഏക സിവില്‍ കോഡ് ബില്ലില്‍ നിന്ന് സംസ്ഥാനത്തെ ആദിവാസി, ഗോത്ര വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

നിലവില്‍ ഇത്തരത്തില്‍ ഒരു ഏക സിവില്‍ കോഡ് ബില്ല് അവതരിപ്പിക്കാനും പാര്‍ലിമെന്റില്‍ അത് പാസ്സാക്കാനും മോദി സര്‍ക്കാറിന് സാധിക്കും. എന്നാല്‍ എന്തുകൊണ്ട് ഈ ബില്‍ ഉത്തരാഖണ്ഡ് നിയമസഭയില്‍ തിരക്കിട്ട് അവതരിപ്പിച്ചു എന്ന ചോദ്യം പ്രസക്തമാണ്. ബി ജെ പിയുടെ നേതൃത്വത്തില്‍ 18 സംസ്ഥാനങ്ങളില്‍ എന്‍ ഡി എ സര്‍ക്കാര്‍ നിലവിലുണ്ട്. ഇവയില്‍ 12 സംസ്ഥാനങ്ങളിലും ഭരണം ബി ജെ പി തനിച്ചാണ്. അവരെയൊക്കെ മറികടന്നു കൊണ്ടാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഏക സിവില്‍ കോഡ് ബില്ല് പാസ്സാക്കിയിരിക്കുന്നത്.

ഏകസിവില്‍ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായ ഉത്തരാഖണ്ഡ്, രാജ്യത്തെ ചെറിയ സംസ്ഥാനങ്ങളില്‍ ഒന്നാണ്. ഹരിദ്വാര്‍, ബദരീനാഥ്, ഋഷികേശ്, ഉത്തരകാശി തുടങ്ങിയ ഹൈന്ദവ തീര്‍ഥാടന കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന സംസ്ഥാനത്ത് ദശകങ്ങളായി ഇസ്‌ലാമോഫോബിയ പടര്‍ത്താനുള്ള ആസൂത്രിത ശ്രമം നടത്തി വരികയാണ്. ഒപ്പം സംസ്ഥാനത്തെ ഹിന്ദുത്വവത്കരിക്കാനുള്ള ശക്തമായ ശ്രമങ്ങള്‍ ആര്‍ എസ് എസും ബി ജെ പിയും നടത്തുന്നുമുണ്ട്.
ഉത്തര്‍ പ്രദേശ് വിഭജിച്ച് ഉത്തരാഖണ്ഡ് സംസ്ഥാനം രൂപവത്കരിക്കുന്നത് 2000ത്തിലാണ്.

സംസ്ഥാനത്ത് ബി ജെ പി സര്‍ക്കാര്‍ രൂപവത്കരിക്കുന്നത് 2017ലാണ്. 2022ല്‍ ബി ജെ പിക്ക് തുടര്‍ ഭരണം ലഭിച്ചു. ബി ജെ പി അധികാരത്തിലെത്തിയതിന് ശേഷം, ആര്‍ എസ് എസും ബി ജെ പിയും ഉള്‍പ്പെടുന്ന സംഘ്പരിവാര്‍ സംഘടനകള്‍ മുസ്‌ലിംകള്‍ക്കെതിരെ സംസ്ഥാനത്ത് അക്രമങ്ങള്‍ വ്യാപിപ്പിക്കുകയുണ്ടായി. 2021 ജൂലൈയില്‍ ബദരീനാഥിലെ നിര്‍മാണത്തിലിരിക്കുന്ന ഒരു സ്ഥലത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മുസ്‌ലിം തൊഴിലാളികള്‍ ബക്രീദിന് പെരുന്നാള്‍ നിസ്‌കാരം നടത്തിയതിനെതിരെ വ്യാജ പ്രചാരണം നടത്തി സാമുദായിക കലാപത്തിന് ശ്രമം നടത്തുകയുണ്ടായി.

ബദരീനാഥ് ക്ഷേത്രത്തില്‍ വെച്ച് മുസ്‌ലിംകള്‍ നിസ്‌കരിച്ചുവെന്ന വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ അവര്‍ പ്രചരിപ്പിക്കുകയുണ്ടായി. കൊവിഡ് വ്യാപനത്തിനു കാരണം മുസ്‌ലിംകളാണെന്ന മാധ്യമ പ്രചാരണങ്ങള്‍ക്കു പിറകെ അന്നത്തെ ബി ജെ പി നിയമസഭാംഗവും ഉത്തരാഖണ്ഡ് ബി ജെ പി അധ്യക്ഷനുമായ മഹേന്ദ്ര ഭട്ട് മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും ഒഴിവാക്കണമെന്ന് ഹിന്ദുക്കളോട് പരസ്യമായി ആഹ്വാനം ചെയ്തു.

2018 ഏപ്രിലില്‍ ഗര്‍വാളിലെ രുദ്രപ്രയാഗ് ജില്ലയിലെ അഗസ്റ്റ്മുനി പട്ടണത്തില്‍ മുസ്‌ലിംകളുടെ ആറ് കടകള്‍ കത്തിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുസ്‌ലിം യുവാവ് ബലാത്സംഗം ചെയ്തുവെന്ന കിംവദന്തിയെ തുടര്‍ന്ന് അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും കടകള്‍ ആക്രമിക്കുകയും ചെയ്തു. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച കിംവദന്തിയാണെന്ന് രുദ്രപ്രയാഗ് ജില്ലാ മജിസ്ട്രേറ്റ് പിന്നീട് പ്രസ്താവിക്കുകയുണ്ടായി.

2017 ഒക്ടോബറില്‍ റായ്വാലയില്‍ ഒരു യുവാവ് കൊല്ലപ്പെട്ട സംഭവത്തിലും ഋഷികേശ് മുതല്‍ ഹരിദ്വാര്‍ വരെയുള്ള മുസ്‌ലിംകളുടെ സ്ഥാപനങ്ങള്‍ക്കു നേരെ വ്യാപകമായ അക്രമങ്ങള്‍ നടന്നു.
ഉത്തരാഖണ്ഡ് ദേവസ്ഥാനി, ദേവഭൂമി എന്നീ പേരുകളില്‍ അറിയപ്പെടാനാണ് ഹിന്ദുത്വവാദികള്‍ ആഗ്രഹിക്കുന്നത്. മുസ്‌ലിംകള്‍ ഉത്തരാഖണ്ഡ് വിട്ടുപോകണമെന്ന് ഹിന്ദുത്വ വാദികള്‍ നിരന്തരം ഭീഷണിപ്പെടുത്തി വരികയാണ്. കഴിഞ്ഞ ജൂണില്‍ ഉത്തരകാശിയിലെ തീര്‍ഥാടന കാലത്ത് വര്‍ഷങ്ങളായി അവിടെ കച്ചവടം നടത്തി വരികയായിരുന്ന മുസ്‌ലിം കച്ചവടക്കാരെ ഒഴിപ്പിക്കുകയുണ്ടായി.

സ്വയം ഒഴിയാന്‍ വിസമ്മതിച്ച കച്ചവടക്കാരെ കെട്ടിട ഉടമകളെ ഭീഷണിപ്പെടുത്തി കാര്യം സാധിച്ചെടുത്തു. അന്ന് 50ഓളം കച്ചവടക്കാര്‍ ഉത്തര കാശിയില്‍ നിന്ന് മാത്രം ഒഴിപ്പിക്കപ്പെട്ടു. നിശ്ചിത തീയതിക്കകം കച്ചവടം അവസാനിപ്പിച്ച് സ്ഥലം വിടണമെന്ന് പോസ്റ്ററുകളും ഹിന്ദുത്വവാദികള്‍ കടകള്‍ക്കു മുമ്പില്‍ സ്ഥാപിക്കുകയുണ്ടായി. ലാന്‍ഡ് ജിഹാദ്, ലവ് ജിഹാദ്, ജനസംഖ്യാ വര്‍ധന തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചും മുസ്‌ലിംകളെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇത്തരം ആരോപണങ്ങളെ കത്തിച്ചു നിര്‍ത്തുന്നതില്‍ സംസ്ഥനത്തേതടക്കമുള്ള മാധ്യമങ്ങളും വലിയ പങ്കുവഹിച്ചുവരുന്നു. ആരോപണങ്ങളെ പ്രതിരോധിക്കാനോ പ്രതിഷേധിക്കാനോ ശേഷിയില്ലാത്ത അവസ്ഥയിലാണ് ഉത്തരാഖണ്ഡിലെ മുസ്‌ലിംകള്‍. ഉത്തരാഖണ്ഡില്‍ നിന്ന് ഏക സിവില്‍ കോഡിനെതിരെ ചെറുചലനങ്ങള്‍ പോലും ഉണ്ടാകാന്‍ സാധ്യതയില്ല. എതിര്‍ ശബ്ദം ഇല്ലാതാക്കി കൊണ്ടാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചത്.

സഭയില്‍ ബില്ലിനെതിരെ കാര്യമായ എതിര്‍പ്പ് പ്രതിപക്ഷത്ത് നിന്നുണ്ടായില്ല. എഴുപതംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സിന് ഒന്നും ബി എസ് പിക്ക് രണ്ടും മുസ്‌ലിം എം എല്‍ എമാരുണ്ട്. ശബ്ദ വോട്ടോടെയാണ് നിയമസഭ ഏക സിവില്‍ കോഡ് ബില്ല് പാസ്സാക്കിയത്. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മതാചാര പ്രകാരം വിവാഹം നടന്നാലും വിവാഹ രജിസ്‌ട്രേഷന്‍ ചെയ്യല്‍ നിര്‍ബന്ധമാണ്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഇരുപത്തയ്യായിരം രൂപ പിഴയടക്കണമെന്ന് ബില്ല് വ്യവസ്ഥ ചെയ്യുന്നു.

വിവാഹം രജിസ്റ്റര്‍ ചെയ്യാത്ത ദമ്പതിമാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. വിവാഹമോചനത്തിനും പുനര്‍ വിവാഹത്തിനും ബില്ലില്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവാഹമോചനത്തിനുള്ള അടിസ്ഥാനമായ കാരണങ്ങളും അവകാശങ്ങളും പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും തുല്യമായിരിക്കും. ഭാര്യയോ ഭര്‍ത്താവോ ജീവിച്ചിരിക്കെ പുനര്‍ വിവാഹം അനുവദനീയമല്ല. ഹലാല, ഇദ്ദ തുടങ്ങിയ ഇസ്‌ലാമിക ആചാരങ്ങള്‍ നിര്‍ത്തലാക്കി. സ്വത്തില്‍ മകനും മകള്‍ക്കും തുല്യ അവകാശമായിരിക്കും.

ഉത്തരാഖണ്ഡിലെ ബി ജെ പി സര്‍ക്കാറിന്റെ മുസ്‌ലിം വിരോധം ഏക സിവില്‍ കോഡ് ബില്ലില്‍ മാത്രം ഒതുങ്ങുന്നതല്ല. സംസ്ഥാനത്തെ ആകെ ജനസംഖ്യ 1.01 കോടിയാണ്. ഇതില്‍ മുസ്‌ലിം ജനസംഖ്യ ഏതാണ്ട് 14 ലക്ഷമാണ്. സംസ്ഥാനത്തെ 13 ജില്ലകളില്‍ മുഴുവന്‍ മുസ്‌ലിംകള്‍ ന്യൂനപക്ഷമാണ്. എന്നിട്ടും മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നു എന്നാണ് സംഘ്പരിവാര്‍ സംഘടനകള്‍ ആരോപിക്കുന്നത്. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ അനധികൃതമായി താമസം തുടരുന്നതായും ഇവര്‍ ആരോപിക്കുന്നു.

എന്നാല്‍ സംഘ്പരിവാര്‍ സംഘടനകളുടെ ഇത്തരം ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന അന്വേഷണ റിപോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. നിര്‍ബന്ധിച്ച് മതം മാറ്റം, ലവ് ജിഹാദ്, ലാന്‍ഡ് ജിഹാദ്, മുസ്‌ലിം ജനസംഖ്യാ വര്‍ധന എന്നീ ആരോപണങ്ങള്‍ അന്വേഷിക്കാനായി ബി ജെ പി സര്‍ക്കാര്‍ റിട്ട. ഐ എഫ് എസ് ഉദ്യോഗസ്ഥനായ എസ് എസ് നേഗിയുടെ നേതൃത്വത്തിലുള്ള കമ്മീഷനെ നിയമിച്ചിരുന്നു. മുസ്‌ലിംകള്‍ക്കെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവു കണ്ടെത്താന്‍ കമ്മീഷന് സാധിച്ചിട്ടില്ല. എന്നിട്ടും മുസ്‌ലിംകള്‍ക്ക് എതിരെയുള്ള ആരോപണം സംഘ്പരിവാര്‍ സംഘടനകള്‍ ആവര്‍ത്തിക്കുകയാണ്.

മുസ്‌ലിംകളുടെ സ്ഥാപനങ്ങളും ആരാധനാലയങ്ങളും അനധികൃതമാണെന്ന് ആരോപിച്ച് കൈയേറുന്നതിനും തകര്‍ക്കുന്നതിനും സംഘ്പരിവാര്‍ സംഘടനകള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. വനം കൈയേറി സ്ഥാപിച്ചതെന്ന കാരണം പറഞ്ഞ് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വനാതിര്‍ത്തികളില്‍ സ്ഥിതിചെയ്യുന്ന മുന്നൂറോളം ദര്‍ഗകളും മസാറുകളും തകര്‍ക്കുകയുണ്ടായി. അതേസമയം വനാതിര്‍ത്തികളിലെ ഹിന്ദു ക്ഷേത്രങ്ങള്‍ അതേപടി നിലനില്‍ക്കുന്നു.

മലയോര സംസ്ഥാനമായ ഉത്തരാഖണ്ഡില്‍ മുസ്‌ലിംകള്‍ താമസിക്കുന്നത് നഗരപ്രദേശങ്ങളിലാണ്. ഹരിദ്വാര്‍, നൈനിറ്റാള്‍, ഡെറാഡൂണ്‍, ഉദ്ദംസിംഗ് നഗര്‍ എന്നിവിടങ്ങളിലാണ് മുസ്‌ലിംകള്‍ കൂടുതല്‍ ഉള്ളത്. കഴിഞ്ഞ ജൂണില്‍ ഉത്തരകാശിയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയോടൊപ്പം രണ്ട് യുവാക്കളെ പിടികൂടിയിരുന്നു. ഉബൈദു, ജിതേന്ദ്ര സൈനി എന്നീ യുവാക്കളെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. എന്നാല്‍ സംഭവം ആളിപ്പടര്‍ന്നത് ഉബൈദുവിന്റെയും അദ്ദേഹത്തിന്റെ സമുദായത്തിന്റെയും പേരുകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു.

മുസ്‌ലിംകള്‍ക്കെതിരെ സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കാത്തവര്‍ സംസ്ഥാനത്ത് ഉണ്ടെങ്കിലും അവരെയും അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളും നടത്തിവരുന്നു. കഴിഞ്ഞ വര്‍ഷം പൗരി ഗര്‍വാലി മണ്ഡലത്തിലെ ബി ജെ പി. എം എല്‍ എ യശ്പാല്‍ ബെനന്തിന്റെ മകളുടെ വിവാഹം ഒരു മുസ്‌ലിം യുവാവുമായി ഉറപ്പിച്ചു. ഇരുവരുടെയും കുടുംബങ്ങള്‍ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു. ക്ഷണക്കത്തടിക്കുകയും ഇരു വീട്ടുകാരും വിവാഹത്തിന് ബന്ധപ്പെട്ടവരെ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ വിവാഹത്തിന് രണ്ട് നാള്‍ മുമ്പ് സംഘ്പരിവാര്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ബി ജെ പി. എം എല്‍ എ മകളുടെ വിവാഹം റദ്ദാക്കുകയാണ് ചെയ്തത്.

ജമ്മു കശ്മീരിലെ തീവ്രവാദി അക്രമങ്ങള്‍ മുസ്‌ലിം വിരുദ്ധ പ്രചാരണത്തിനായി ഇവിടെ ഹിന്ദുത്വവാദികള്‍ ഉപയോഗപ്പെടുത്തി വരുന്നു. ഇന്ത്യന്‍ സൈനികരില്‍ ഒരു വിഭാഗം ഉത്തരാഖണ്ഡില്‍ നിന്നുള്ളവരാണ്. ജമ്മു കശ്മീരില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുമ്പോള്‍ സംസ്ഥാനത്തെ ജനങ്ങളില്‍ അത് നടുക്കമുണ്ടാക്കുന്നു. വിമുക്തഭടന്മാര്‍ അടക്കമുള്ള സൈനിക കുടുംബങ്ങളെ സ്വാധീനിച്ചാണ് സംഘ്പരിവാര്‍ സംഘടനകള്‍ ഇവിടെ അടിത്തറ പണിതിരിക്കുന്നത്.

ഏക സിവില്‍ കോഡ് ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് ഒരാഴ്ച മുമ്പ് സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ശദാബ് ശംസ്, ബോര്‍ഡിന്റെ കീഴിലുള്ള മദ്‌റസകളിലെ പാഠ്യ പദ്ധതിയില്‍ രാമായണത്തില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് പ്രസ്താവിക്കുകയുണ്ടായി. ബോര്‍ഡിന്റെ കീഴില്‍ സംസ്ഥാനത്ത് 417 മദ്‌റസകളാണുള്ളത്. മര്യാദ പുരുഷോത്തമന്‍ ശ്രീരാമന്റെ ജീവിതത്തെക്കുറിച്ച് എല്ലാവരും മനസ്സിലാക്കേണ്ടതാണെന്നും വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ തുടര്‍ന്നു പറയുകയുണ്ടായി.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും ചില മുസ്‌ലിം സംഘടനകളും വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ശദാബ് ശംസിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്തിട്ടുണ്ട്. സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്റെ ഈ പ്രസ്താവനയില്‍, രാജ്യത്ത് ആദ്യമായി ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ഉത്തരാഖണ്ഡിനെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനാകും.