International
ഇന്ത്യയിലെ നിപ കേസുകളിൽ ആശങ്ക വേണ്ടെന്ന് ലോകാരോഗ്യ സംഘടന: നിലവില്‍ യാത്രാനിയന്ത്രണം ആവശ്യമില്ല
ദേശീയതലത്തിലോ ആഗോളതലത്തിലോ ഇതുമൂലം ആശങ്കയില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
വാഷിങ്ടണ്‍ | ഇന്ത്യയിലെ നിപ കേസുകളോട് പ്രതികരിച്ച് ലോകാരോഗ്യ സംഘടന. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത നിപ വൈറസ് ബാധ ലോ റിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതാണെന്നും നിലവില്‍ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
നിപ വൈറസ് വ്യാപകമായി പടരുന്നതിന് തെളിവുകളില്ലെന്നും,ദേശീയതലത്തിലോ ആഗോളതലത്തിലോ ഇതുമൂലം ആശങ്കയില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ കേസുകള്‍ രണ്ട് ജില്ലകളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നതായും, രോഗബാധിതര്‍ വ്യാപകമായി യാത്ര ചെയ്തിട്ടില്ലെന്നതും രോഗം വന്‍തോതില്‍ പടരാനുള്ള സാധ്യത കുറയ്ക്കുന്നുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കോ അന്താരാഷ്ട്ര തലത്തിലേക്കോ നിപ വൈറസ് പടരാനുള്ള സാധ്യത വിരളമാണെന്നും, നിലവില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു തരത്തിലുള്ള യാത്രാ നിയന്ത്രണവും ശിപാര്‍ശ ചെയ്യുന്നില്ലെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ത്തു.
അതേസമയം, പശ്ചിമബംഗാളില്‍ അഞ്ച് പേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തായ്‌ലന്‍ഡ്, നേപ്പാള്‍, തായ്‍വാന്‍ എന്നീ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ കോവിഡ് കര്‍ശന പരിശോധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പശ്ചിമബംഗാളില്‍ നിന്നെത്തുന്ന യാത്രക്കാരെ ഈ രാജ്യങ്ങള്‍ പ്രത്യേക പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്.






