Kerala
ആര്‍ആര്‍ടിഎസ് പ്രായോഗികമല്ല, സിമ്പിള്‍ വേസ്റ്റ്; മുഖ്യമന്ത്രിയുടെ പരാമര്‍ശം ദുരുദ്ദേശപരം: ഇ ശ്രീധരന്‍
സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചില്ലെങ്കിലും പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഇ ശ്രീധരന്‍
മലപ്പുറം | തിരുവനന്തപുരം-കാസര്‍കോട് ആര്‍ആര്‍ടിഎസ് പദ്ധതി പദ്ധതി സിമ്പിള്‍ വേസ്റ്റാണെന്നും കേരളത്തില്‍ ഇത് പ്രായോഗികമല്ലെന്നും മെട്രോമാന്‍ ഇ ശ്രീധരന്‍. അതിവേഗ റെയില്‍വെയുമായി താരതമ്യം ചെയ്യുമ്പോള്‍ ആര്‍ആര്‍ടിഎസ് ഒരു സിമ്പിള്‍ വേസ്റ്റ് ആണ്. കേരളത്തില്‍ പ്രായോഗികമല്ല. സര്‍ക്കാരിന് വേറെ ഉദ്ദേശ്യം ഉണ്ടോ എന്നറിയില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു
അതിവേഗ റെയില്‍വേ എന്നത് ഇടതു സര്‍ക്കാര്‍ ആശയം തന്നെ ആണ്. അതിനാണ് ആദ്യം ജപ്പാനില്‍ നിന്ന് ആളെ കൊണ്ട് വന്നത്.ഇപ്പോള്‍ എന്താണ് ഇങ്ങനെ ഒരു മാറ്റം. മുഖ്യമന്ത്രിയോട് അതിവേഗ റെയില്‍ പദ്ധതിയെപറ്റി ആദ്യം സംസാരിച്ചിരുന്നു. അദ്ദേഹം ചര്‍ച്ചയില്‍ തൃപ്തി കാണിച്ചു. കേന്ദ്രത്തിനു കത്ത് എഴുതണം എന്ന് താന്‍ പറഞ്ഞു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വന്നു കാണുകയും ചെയ്തു. പക്ഷെ കത്തെഴുതാന്‍ മാത്രം മുഖ്യമന്ത്രി തയാറയില്ല. അങ്ങനെയാണ് താന്‍ തന്നെ നേരിട്ട് ഇറങ്ങിയതെന്നും ഇ ശ്രീധരന്‍ പറഞ്ഞു
കെ റെയില്‍ പല കാരണങ്ങള്‍ കൊണ്ട് നടപ്പാക്കാന്‍ കഴിയാത്തതിനാല്‍, പുതിയ പദ്ധതിക്കായി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് സംസ്ഥാന സര്‍ക്കാര്‍ കത്തു നല്‍കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അങ്ങനെ ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചതാണ്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഡോ. കെ എം എബ്രഹം, ബൈജു എന്നിവരെ ചര്‍ച്ചക്കായി അയച്ചു. അവരും പദ്ധതിയില്‍ തൃപ്തി പ്രകടിപ്പിച്ചു. കെവി തോമസും പദ്ധതിയില്‍ സന്തോഷം അറിയിച്ചു.എന്നാല്‍ പത്തു മാസം കഴിഞ്ഞിട്ടും പദ്ധതിയുടെ അനുമതി തേടി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചില്ല. തുടര്‍ന്നാണ് താന്‍ സ്വന്തം നിലയില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ടതെന്നും ഇ ശ്രീധരന്‍ പറഞ്ഞു
സര്‍ക്കാര്‍ പ്രഖ്യാപിച്ച ആര്‍ആര്‍ടിഎസ് നടക്കാത്ത കാര്യമാണ്. ദീര്‍ഘദൂരത്തേക്ക് അനുയോജ്യമല്ലത്. ഇതൊരു ഫൂളിഷ് വെഞ്ച്വറാണ്. ആര്‍ആര്‍ടിഎസ് ഒരു ഇലക്ഷന്‍ സ്റ്റണ്ട് മാത്രമാണ്. ആള്‍ക്കാര്‍ക്ക് അതു മനസ്സിലാകും. തന്റെ ബദല്‍പാതയില്‍ നിന്നും ശ്രദ്ധ തിരിക്കാനാകും ആര്‍ആര്‍ടിഎസ് മുന്നോട്ടുവെച്ചത്. ഒരു സാങ്കേതിക വിദഗ്ധന്‍ എന്ന നിലയില്‍ അതു പ്രായോഗികമല്ല എന്നും ഇ ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.
കെ റെയില്‍ ഇല്ലാതാക്കിയത് താനല്ല. കെ റെയില്‍ ഇല്ലാതാക്കിയത് താനാണെന്ന പ്രചാരണം ദുരുദ്ദേശപരമാണ്. കെ റെയിലിന്റെ ഓരോ ഘട്ടത്തിലും അതിന്റെ പ്രശ്നങ്ങളെപ്പറ്റി അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പരാമര്‍ശം ദുരുദ്ദേശപരമാണ്. കേന്ദ്രത്തിന്റെ പദ്ധതിയാണ് എന്നതാണ് സംസ്ഥാനത്തിന്റെ പ്രശ്നം. സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചില്ലെങ്കിലും പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു





