Uae
ടാക്‌സ് റീഫണ്ട്: ഇന്ത്യൻ വിനോദസഞ്ചാരികൾ മുന്നിൽ
19,000 സ്റ്റോറുകൾ ബന്ധിപ്പിച്ചു
അബൂദബി| യു എ ഇയിലെത്തുന്ന വിനോദസഞ്ചാരികൾക്കുള്ള ഡിജിറ്റൽ ടാക്‌സ് റീഫണ്ട് (വാറ്റ് റീഫണ്ട്) സംവിധാനം വലിയ വികാസം കൈവരിച്ചതായി ഫെഡറൽ ടാക്‌സ് അതോറിറ്റി (എഫ് ടി എ) അറിയിച്ചു. ഈ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ള റീട്ടെയിൽ ഔട്്ലെറ്റുകളുടെ എണ്ണം 2025 അവസാനത്തോടെ 19,000 ആയി ഉയർന്നു. മുൻവർഷത്തെ അപേക്ഷിച്ച് 7.6 ശതമാനം വർധനവാണ് ഇതിലുണ്ടായത്. വിനോദസഞ്ചാരികൾക്ക് സ്വയം നികുതി റീഫണ്ട് സ്വീകരിക്കാവുന്ന സെൽഫ് സർവീസ് കിയോസ്‌ക്കുകളുടെ എണ്ണം 103 ആയി വർധിച്ചു.
ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലാണ് ഈ കിയോസ്‌ക്കുകൾ സ്ഥാപിച്ചിരിക്കുന്നത്. പരമ്പരാഗത സ്റ്റോറുകൾക്ക് പുറമെ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി നടത്തുന്ന വാങ്ങലുകൾക്കും നികുതി തിരികെ ലഭിക്കുന്ന പുതിയ സംവിധാനം വിനോദസഞ്ചാരികൾക്കിടയിൽ വലിയ താത്പര്യമുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നികുതി റീഫണ്ട് സേവനം ഏറ്റവുമധികം പ്രയോജനപ്പെടുത്തിയതിൽ ഇന്ത്യക്കാരാണ് മുന്നിൽ. റഷ്യ, ഇറാൻ, ഈജിപ്ത്, സഊദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ ശേഷം വരും.
വിനോദസഞ്ചാരികളുടെ സൗകര്യാർഥം കിയോസ്‌ക്കുകളിൽ ഹിന്ദി ഉൾപ്പെടെ ഏഴ് പുതിയ ഭാഷകൾ കൂടി അതോറിറ്റി കൂട്ടിച്ചേർത്തു. പ്ലാനറ്റ് ആപ്പ് വഴി യു എ ഇയിൽ എത്തുന്നതിന് മുൻപ് തന്നെ വിനോദസഞ്ചാരികൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കും. സായിദ് ഇന്റർനാഷണൽ എയർപോർട്ടിൽ യാത്രക്കാർക്കായി പ്രത്യേക ബോധവത്കരണ ക്യാമ്പയിനുകളും അതോറിറ്റി സംഘടിപ്പിക്കുന്നുണ്ട്.





