Kerala
മാളിക്കടവിലെ യുവതിയെ കൊന്നതില്‍ കുറ്റബോധമുണ്ടെന്ന് പ്രതി വൈശാഖന്‍; കൊലപാതകത്തില്‍ തെളിവെടുപ്പ് നടത്തി
മാളിക്കടവിലെ വൈശാഖന്റെ ഇന്റസ്ട്രിയിലാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്.
കോഴിക്കോട്|കോഴിക്കോട് മാളിക്കടവില്‍ 26കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി വൈശാഖനുമായി പോലീസ് തെളിവെടുപ്പ് നടത്തി. മാളിക്കടവിലെ വൈശാഖന്റെ ഇന്റസ്ട്രിയിലാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. ഇനി ജ്യൂസ് വാങ്ങിയ കടയിലും, ഉറക്ക ഗുളിക വാങ്ങിയ മെഡിക്കല്‍ ഷോപ്പിലും തെളിവെടുപ്പ് നടത്തും. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ പോലീസിന് കസ്റ്റഡിയില്‍ ലഭിച്ചത്. പ്രതിക്കെതിരെ കഴിഞ്ഞ ദിവസം പോക്‌സോ വകുപ്പ് ചുമത്തി മറ്റൊരു എഫ്‌ഐആറും പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 16 വയസുമുതല്‍ തന്നെ വൈശാഖന്‍ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് യുവതി ഡയറിയില്‍ കുറിച്ചിരുന്നു.
അതേസമയം, സംഭവത്തില്‍ കുറ്റബോധമുണ്ടെന്ന് പ്രതി വൈശാഖന്‍ പറഞ്ഞു. യുവതിയുമായുള്ള ബന്ധം ഭാര്യയ്ക്കറിയാമെന്നും വൈശാഖന്‍ പറഞ്ഞു.
ഒന്നിച്ചു ജീവനൊടുക്കാമെന്ന് പറഞ്ഞ് വൈശാഖന്‍ തന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡസ്ട്രിയലിലേക്ക് വിളിച്ചു യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. യുവതിയുടെ മൃതദേഹം പ്രതി വൈശാഖനും ഭാര്യയും ചേര്‍ന്ന് കാറില്‍ കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണമെന്നാണ് വൈശാഖന്‍ പോലീസിന് മൊഴി നല്‍കിയത്. കൊലപ്പെടുത്തും മുമ്പ് യുവതിക്ക് ജ്യൂസില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയിരുന്നു. തുടര്‍ന്ന് ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് ഇരുവരും സ്റ്റൂളില്‍ കയറി കഴുത്തില്‍ കുരുക്കിട്ടു. ഇതിനിടെ വൈശാഖന്‍ യുവതിയുടെ സ്റ്റൂള്‍ തട്ടിമാറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
പിന്നീട് മൃതദേഹത്തോടും പ്രതി അനാദരവ് കാണിച്ചു. ആത്മഹത്യ എന്ന് ആദ്യം കരുതിയെങ്കിലും, സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത് യുവതിയുടെ മരണം ഉറപ്പാക്കിയ വൈശാഖന്‍ ഭാര്യയ വിളിച്ചു വരുത്തി. ഒരു യുവതി സ്ഥാപനത്തില്‍ തൂങ്ങി നില്‍ക്കുന്നുവെന്ന് പറഞ്ഞായിരുന്നു ഭാര്യയെ വിളിച്ചു വരുത്തിയത്. തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് യുവതിയെ കാറില്‍ കയറ്റുന്നത്. ഈ സമയം ഏതാനും പേര്‍ അവിടേക്ക് വരുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവതിയെ ആശുപത്രിയില്‍ എത്തിച്ചശേഷം, സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാനായിരുന്നു വൈശാഖന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പോലീസ് എത്തിയതോടെ പദ്ധതി പാളിപ്പോവുകയായിരുന്നു.





