Kerala
നടിയെ ആക്രമിച്ച കേസ്: ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കി പള്‍സര്‍ സുനി
ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന ഒറിജിനല്‍ ഫോണ്‍ കണ്ടെടുത്തിട്ടില്ലെന്നാണ് അപ്പീലില്‍ പറയുന്നത്
കൊച്ചി| നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി പ്രതി പള്‍സര്‍ സുനി. ആക്രമിക്കുന്ന ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന ഒറിജിനല്‍ ഫോണ്‍ കണ്ടെടുത്തിട്ടില്ലെന്ന് അപ്പീലില്‍ പറയുന്നു. ഫോണ്‍ കണ്ടെത്താത്തതിനാല്‍ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നു പറയുന്നത് നിയമപരമായി നിലനില്‍ക്കില്ല. കൃത്യത്തിന് ഉപയോഗിച്ചു എന്ന് പറയുന്ന സിം കാര്‍ഡ് മറ്റൊരാളുടെ പേരിലുള്ളത്. ഇയാളെ പ്രതിയാക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും അപ്പീലില്‍ പറയുന്നു.
ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചതില്‍ കാലതാമസം ഉണ്ടായിട്ടുണ്ട്. ഇത് തെളിവുകളില്‍ കൃത്രിമം നടക്കാനുള്ള സാധ്യതയാണ് കാണിക്കുന്നത്. ഈ വാദം കോടതി മുഖവിലയ്‌ക്കെടുത്തില്ലെന്നും സുനി അപ്പീലില്‍ വ്യക്തമാക്കുന്നു. കേസില്‍ 20 വര്‍ഷം കഠിന തടവ് ശിക്ഷയാണ് പള്‍സര്‍ സുനിയ്ക്ക് നല്‍കിയത്. കേസില്‍ മറ്റു പ്രതികളും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.






