Kasargod
താലൂക്ക് പ്രഖ്യാപനമില്ല; നീലേശ്വരത്തുകാര്‍ക്ക് നിരാശ
താലൂക്ക് രൂപവത്കരിക്കണമെന്നത് ജനങ്ങള്‍ പതിറ്റാണ്ടുകളായി ഉയര്‍ത്തുന്ന ആവശ്യമാണ്.
നീലേശ്വരം | പ്രതീക്ഷയോടെ കാത്തിരുന്നിട്ടും ഇത്തവണയും സംസ്ഥാന ബജറ്റില്‍ നീലേശ്വരം താലൂക്ക് ഇടംപിടിച്ചില്ല. ഇതോടെ നീലേശ്വരം നിവാസികള്‍ കടുത്ത നിരാശയിലാണ്. താലൂക്ക് രൂപവത്കരിക്കണമെന്നത് ജനങ്ങള്‍ പതിറ്റാണ്ടുകളായി ഉയര്‍ത്തുന്ന ആവശ്യമാണ്. നീലേശ്വരം നഗരസഭയുടെ നാലാമത് കൗണ്‍സിലിന്റെ ആദ്യ യോഗം ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയവും ഈ ആവശ്യം ഉന്നയിച്ചിരുന്നു.
42 വര്‍ഷത്തെ കാത്തിരിപ്പ്
1984-ല്‍ നീലേശ്വരം താലൂക്കിനായി നടന്ന ശക്തമായ ജനകീയ പ്രക്ഷോഭത്തിനൊടുവില്‍, അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് താലൂക്ക് അനുവദിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നതാണ്. ഹോസ്ദുര്‍ഗ് താലൂക്ക് വിഭജിച്ച് നീലേശ്വരം ആസ്ഥാനമായി പൂര്‍ണ്ണ താലൂക്ക് രൂപീകരിക്കണമെന്ന റിപ്പോര്‍ട്ടുകള്‍ വര്‍ഷങ്ങളായി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
അവഗണനയില്‍ ജനരോഷം
താലൂക്ക് ആസ്ഥാനത്തിന് ആവശ്യമായ കെട്ടിടങ്ങളടക്കമുള്ള ഭൗതിക സാഹചര്യങ്ങള്‍ നഗരസഭ വാഗ്ദാനം ചെയ്തിട്ടും പ്രഖ്യാപനം ഉണ്ടാകാത്തത് നീലേശ്വരത്തോടുള്ള വിവേചനമാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. വിവിധ സര്‍ക്കാര്‍ ഓഫീസുകളുടെ കുറവ് മൂലം ജനങ്ങള്‍ നിലവില്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
റിപോര്‍ട്ടുകള്‍ അനുകൂലം, പക്ഷെ നടപടിയില്ല
നീലേശ്വരം താലൂക്ക് രൂപവത്കരണത്തെക്കുറിച്ച് പഠിച്ച് റിപോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസില്‍ വിളിച്ചുചേര്‍ത്ത വിവിധ സംഘടനാ നേതാക്കളുടെ യോഗത്തില്‍ താലൂക്ക് വേണമെന്ന ഏകകണ്ഠമായ അഭിപ്രായമാണ് ഉയര്‍ന്നത്. തുടര്‍ന്ന് ജില്ലാ കലക്ടര്‍ റവന്യൂ വകുപ്പിന് അനുകൂലമായ ശിപാര്‍ശ നല്‍കുകയും റവന്യൂ വകുപ്പ് അത് അംഗീകരിച്ച് സര്‍ക്കാരിന് കൈമാറുകയും ചെയ്തിരുന്നു. ഇത്രയധികം നടപടികള്‍ പൂര്‍ത്തിയായിട്ടും ഇത്തവണയും ബജറ്റില്‍ പ്രഖ്യാപനം ഉണ്ടാകാത്തതാണ് ജനങ്ങളെ ചൊടിപ്പിക്കുന്നത്.





