Connect with us

Editorial

ആരാണ് യുവതയെ അക്രമാസക്തരാക്കുന്നത്?

സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ആക്രമണ പ്രവണതകളും യുവാക്കളുടെ അപഥ സഞ്ചാരവും നിയന്ത്രിക്കണമെങ്കില്‍ സാമൂഹിക ചുറ്റുപാടുകള്‍ കൂടി മാറ്റത്തിന് വിധേയമാകണം.

Published

|

Last Updated

ഞെട്ടിപ്പിക്കുന്നതും അതീവ ദുഃഖകരവുമാണ് താമരശ്ശേരിയില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥി മുഹമ്മദ് ശഹബാസ് കൊല്ലപ്പെട്ട സംഭവം. പ്രദേശത്തെ ഒരു ട്യൂഷന്‍ സെന്ററില്‍ നടന്ന യാത്രയയപ്പ് പരിപാടിയിലെ അസുഖകരമായ സംഭവങ്ങളാണ് അക്രമത്തിന് കാരണമെങ്കിലും അവിചാരിതമല്ല, തികച്ചും ആസൂത്രിതമാണ് കൊലപാതകമെന്നാണ് സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കുന്നത്. അക്രമികള്‍ വാട്‌സ്ആപ്പില്‍ പ്രത്യേക ഗ്രൂപ്പുണ്ടാക്കി മുഹമ്മദ് ശഹബാസിനെ കൊല്ലുന്നതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. വാട്‌സ്ആപ്പ് വഴിയുള്ള സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ താമരശ്ശേരി വെഴുപ്പൂര്‍ റോഡിലെത്തി മറുപക്ഷത്തെ വിദ്യാര്‍ഥികള്‍ക്കു നേരെ അക്രമം അഴിച്ചുവിട്ടത്. നഞ്ചക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് വിദ്യാര്‍ഥികള്‍ സംഘടിച്ചെത്തിയത്. അതിനിടെ “ശഹബാസിനെ കൊല്ലുമെന്നു പറഞ്ഞാല്‍ കൊല്ലുക തന്നെ ചെയ്യു’മെന്ന് ആണയിടുന്ന അക്രമി സംഘത്തിലെ ഒരു വിദ്യാര്‍ഥിയുടെ ഇന്‍സ്റ്റഗ്രാം ചാറ്റ് പുറത്തുവരികയും ചെയ്തു.

മനസ്സാക്ഷിയെ മരവിപ്പിക്കുന്ന അതിക്രൂരമായ അക്രമ സംഭവങ്ങളാണ് സമീപകാലത്ത് സംസ്ഥാനത്ത് നിരന്തരം നടന്നുവരുന്നത്. എന്തിനും കൈയറപ്പില്ലാത്ത വിഭാഗമായി മാറിയിരിക്കുന്നു യുവതയിലൊരു വിഭാഗം. എന്താണ് ഈ സ്ഥിതിവിശേഷത്തിനു കാരണം? ആളുകളെ ക്രിമിനലുകളും കൊലപാതകികളുമാക്കുന്ന സാഹചര്യങ്ങളും സാമൂഹിക കാരണങ്ങളുമെന്താണ്? തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന ടെലിവിഷന്‍ അവാര്‍ഡ് വിതരണ ചടങ്ങില്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ നടത്തിയ ചില പരാമര്‍ശങ്ങളുമായി കേരളീയ സാഹചര്യത്തെ ചേര്‍ത്തു വായിക്കേണ്ടതുണ്ട്. മനുഷ്യരുടെ ഹിംസാത്മക ചിന്തകളെ ഉണര്‍ത്തുന്നവയാണ് വര്‍ത്തമാനകാല സിനിമകളെന്നും ഹിംസകളെ ക്രൂരമായി അവതരിപ്പിക്കാനാണ് സംവിധായകര്‍ ശ്രമിക്കുന്നതെന്നും പ്രേംകുമാര്‍ ചൂണ്ടിക്കാട്ടി. എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണ് പല സിനിമകളും. സെന്‍സറിംഗിനെ മറികടന്ന് ക്രൂരതയും പൈശാചികതയും അവതരിപ്പിക്കുകയാണ് സിനിമകളില്‍. സാംസ്‌കാരിക വിഷമാണ് കലയുടെ പേരില്‍ ഇറങ്ങുന്ന നിര്‍മിതികള്‍. മിക്ക സീരിയലുകളുടെയും ഉള്ളടക്കത്തിന് നിലവാരമില്ല. ഉള്ളടക്കത്തില്‍ ശുദ്ധീകരണത്തിന് സന്നദ്ധമാകേണ്ടതുണ്ട് സീരിയലുകളെന്നും പ്രേംകുമാര്‍ പറഞ്ഞു. മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ രമേശ് ചെന്നിത്തലയും ആഷിഖ് അബുവിനെ പോലെ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും സിനിമയിലെ വയലന്‍സിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു അടുത്തിടെ.

സമൂഹത്തെ ഏറെ സ്വാധീനിക്കുന്ന കലയാണ് സിനിമ. ജനങ്ങളുടെ അഭിപ്രായങ്ങളെയും പെരുമാറ്റങ്ങളെയും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെയും സ്വാധീനിക്കാന്‍ സിനിമകള്‍ക്ക് കഴിയും. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹിറ്റ്‌ലറും സ്റ്റാലിനും സിനിമകളെ പ്രചാരണത്തിനായി ഉപയോഗിക്കുകയും അത് വിജയം കാണുകയും ചെയ്തിരുന്നു. കുടുംബ കഥകളും സാമൂഹിക പ്രതിബദ്ധതയുള്ള പ്രമേയങ്ങളും കൈയടക്കിയിരുന്ന മലയാള സിനിമകളെ ഈ രംഗത്തെ വാണിജ്യവത്കരണവും കിടമത്സരവും സെക്‌സിനും വയലന്‍സിനും പ്രാധാന്യം കല്‍പ്പിക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഗുണ്ടായിസത്തിനും അക്രമത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ആക്്ഷന്‍ സിനിമകളാണ് ഇന്ന് നിര്‍മിക്കപ്പെടുന്നവയില്‍ കൂടുതലും. വയലന്‍സ് സിനിമകളാണ് അടുത്ത കാലത്ത് ഹിറ്റായവയില്‍ ഏറെയും. വയലന്‍സിനെ മഹത്വവത്കരിക്കുന്ന പ്രവണതയാണ് ഈ രംഗത്ത് കണ്ടു വരുന്നത്. സ്വാഭാവികമായും അത് യുവസമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.

വയലന്‍സ് സിനിമകളുടെ അതിപ്രസരം സമൂഹത്തെ വിദ്വേഷത്തിലേക്കും ക്രൂരതകളിലേക്കും വഴിതെറ്റിച്ചു വിടുന്നുവെന്ന് കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സമീപകാല സംഭവങ്ങള്‍ വിളിച്ചോതുന്നു. പുസ്തകങ്ങളെക്കാളും ശ്രവ്യമാധ്യമങ്ങളെക്കാളും സ്വാധീന ശക്തിയുണ്ട് ദൃശ്യാവതരണങ്ങള്‍ക്ക്. വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നതിനേക്കാളേറെ കൗമാരക്കാരും യുവാക്കളും അവര്‍ കാണുന്ന കാഴ്ചകള്‍ ഉള്‍ക്കൊള്ളുകയും അനുകരിക്കുകയും ചെയ്യും. ക്രൂരതകളും അക്രമങ്ങളും വളര്‍ത്തുന്നതില്‍ സിനിമകള്‍ക്കുള്ള പങ്ക് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചില മനോരോഗികള്‍ കാണിക്കുന്ന ക്രൂരതകളും ഭയാനകമായ കാര്യങ്ങളും അവതരിപ്പിക്കുന്ന 1971ലെ “എ ക്ലോക്ക് വര്‍ക്ക് ഓറഞ്ച്’ എന്ന സിനിമ പുറത്തിറങ്ങിയ കാലയളവില്‍ അമേരിക്കയില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് വന്‍തോതില്‍ ഉയര്‍ന്നിരുന്നു.
2013ല്‍ പുറത്തിറങ്ങിയ ദൃശ്യം എന്ന സിനിമയെ അനുകരിച്ച് പത്തിലധികം കൊലപാതകങ്ങള്‍ സംസ്ഥാനത്ത് അരങ്ങേറി. ചില പ്രതികള്‍ പ്രസ്തുത സിനിമ അനേകം തവണ കണ്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതും തെളിവ് നശിപ്പിക്കുന്ന രീതി പഠിച്ചതും. പാലായില്‍ അടുത്തിടെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥികള്‍ സഹപാഠിയെ ക്ലാസ്സ് മുറിയില്‍ നഗ്നനാക്കി ഫോട്ടോയെടുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് പുഷ്പയെന്ന തമിഴ് സിനിമയിലെ രംഗം അനുകരിച്ചായിരുന്നുവത്രെ.

സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ആക്രമണ പ്രവണതകളും യുവാക്കളുടെ അപഥ സഞ്ചാരവും നിയന്ത്രിക്കണമെങ്കില്‍ സാമൂഹിക ചുറ്റുപാടുകള്‍ കൂടി മാറ്റത്തിന് വിധേയമാകണം. കുറ്റകൃത്യങ്ങള്‍ തടയാന്‍ രാജ്യം കഠിന ശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സാമൂഹികാന്തരീക്ഷം കുറ്റകൃത്യങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതെങ്കില്‍, നിയമങ്ങള്‍ നിഷ്ഫലമാണെന്നാണ് സാമൂഹിക, മനശ്ശാസ്ത്ര പക്ഷം. നിയമത്തോടൊപ്പം സിനിമ, സീരിയലുകള്‍, സാഹിത്യങ്ങള്‍ തുടങ്ങിയവയിലടക്കം സമൂലമായ മാറ്റങ്ങള്‍ വന്നെങ്കില്‍ മാത്രമേ, അഥവാ മനുഷ്യ മനസ്സുകളില്‍ നന്മ വിതക്കാന്‍ സഹായകമായ പ്രമേയങ്ങളില്‍ അധിഷ്ഠിതമായെങ്കിലേ അക്രമ പരമ്പരകള്‍ക്ക് അറുതി വരുത്താനാകുകയുള്ളൂ. എന്തിനും ഏതിനും അഭിപ്രായം പറയുന്ന സാംസ്‌കാരിക നായകന്മാര്‍ സിനിമകളുടെ ദുഃസ്വാധീനത്തെ കുറിച്ച് മൗനം തുടരുന്നത് ഖേദകരമാണ്.

Latest