Articles
യുദ്ധത്തില്‍ ജയിക്കുമ്പോഴും ആരാണ് നമ്മെ തോല്‍പ്പിക്കുന്നത്?
യുദ്ധം വന്നപ്പോള്‍ രാജ്യത്തിനകത്തെ രാജ്യസ്നേഹികളെയും ദേശവിരുദ്ധരെയും രാജ്യം ഭരിക്കുന്ന കക്ഷി സ്വയം തീരുമാനിക്കുകയായിരുന്നില്ലേ? സംഘ്പരിവാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന വര്‍ഗീയ ചിന്തകളും തദനുസൃതമായ നയനിലപാടുകളുമാണ് യുദ്ധത്തില്‍ ജയിക്കുമ്പോഴും നമ്മെ പരാജയപ്പെടുത്തുന്നത്.

ഇന്ത്യയുടെ വിഭജനം ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റന്റെ മധ്യസ്ഥതയില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സും സര്‍വേന്ത്യാ മുസ്‌ലിം ലീഗും നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം എത്തിച്ചേര്‍ന്ന വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു. 1947 ആഗസ്റ്റ് 14ന് പാകിസ്താന്‍ പിറന്നുവീണപ്പോള്‍ ഇന്ത്യന്‍ നേതൃത്വം അവര്‍ക്ക് സര്‍വ ആശംസകളും നേരുകയുണ്ടായി. പിറ്റേന്നാള്‍ ഇന്ത്യയിലേക്കും അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ആശംസകള്‍ ഒഴുകി. ഇരു ജനതക്കും സമാധാനപരമായി സൗഹൃദത്തില്‍ കഴിയാമെന്ന് നേതാക്കള്‍ സ്വപ്നം കണ്ടു. പക്ഷേ, അങ്ങനെ സംഭവിക്കാന്‍ പാടില്ലെന്ന് അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ ലോകശക്തികള്‍ക്കും ആര്‍ എസ് എസ് പോലുള്ള ആഭ്യന്തര പ്രതിലോമ ചിന്താഗതിക്കാര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു. ആധുനിക ലോകം കണ്ട ഏറ്റവും ഭയാനകമായ കൂട്ടക്കൊലയും അഭയാര്‍ഥി പ്രവാഹവും തജ്ജന്യമായ മാനസിക ധ്രുവീകരണവും എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. ബ്രിട്ടീഷ് അഭിഭാഷകന്‍ സര്‍ സിറിള്‍ റാഡ്ക്ലിഫ് വരച്ചുവെച്ച അതിര്‍ത്തി രേഖയിലൂടെ പടര്‍ന്നൊഴുകിയ ചോരച്ചാലിലൂടെ പതിനായിരക്കണക്കിന് കബന്ധങ്ങള്‍ നീങ്ങിയപ്പോള്‍ ഇരുഭാഗത്തും വിഭജനത്തിന് കാര്‍മികത്വം വഹിച്ചവര്‍ ഞെട്ടിത്തെറിച്ചു. അതിന്റെ ഓര്‍മകളാണ് ഇന്നും ഇരുരാജ്യത്തെയും ശത്രുക്കളാക്കി മാറ്റുന്നതും യുദ്ധങ്ങള്‍ക്ക് വേദിയൊരുക്കുന്നതും. സ്വതന്ത്ര ഇന്ത്യയില്‍ ജീവിച്ചുമരിക്കാന്‍ തീരുമാനിച്ച അഞ്ചരക്കോടി മുസ്‌ലിംകളുടെ അന്നത്തെ നേതാക്കള്‍ ദീര്‍ഘദൃഷ്ടിയോടെ ഒരു യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടിരുന്നു. ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ഭാവിഭാഗധേയം നിര്‍ണയിക്കാന്‍ പോകുന്നത് മുഹമ്മദലി ജിന്ന മുസ്‌ലിംകളുടെ പേരില്‍ വില പേശി വാങ്ങിയ ‘ഭൂമി’യുടെ രാഷ്ട്രീയ ഭാവിയെയും നയതന്ത്ര വ്യവഹാരങ്ങളെയും ആശ്രയിച്ചായിരിക്കുമെന്ന്. മാറിയ രാഷ്ട്രീയ സംഭവ വികാസങ്ങളെ എങ്ങനെ അഭിമുഖീകരിക്കാം എന്നാലോചിക്കുന്നതിന് സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ അവസാനത്തെ ദേശീയ കൗണ്‍സില്‍ യോഗം ജിന്നയുടെ അധ്യക്ഷതയില്‍ 1947 ഡിസംബര്‍ 14ന് കറാച്ചിയില്‍ ഖാലിഖ് ദാനാ ഹാളില്‍ ചേര്‍ന്നപ്പോള്‍ മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയില്‍ നിന്നുള്ള നേതൃസംഘത്തിന് കാര്യങ്ങളുടെ പോക്ക് പെട്ടെന്ന് തന്നെ പിടികിട്ടി. പാകിസ്താന് വേണ്ടി നെഹ്റുവിനോടും ഗാന്ധിജിയോടും അബുല്‍ കലാം ആസാദിനോടുമൊക്കെ പെരുവിരല്‍ ചൂണ്ടി രാഷ്ട്രീയവും നിയമവും യുക്തിയും കൂട്ടിക്കലര്‍ത്തി വാദിക്കാറുള്ള ‘ഖാഇദെ അഅ്സമി’ന്റെ ഒരു നിഴല്‍ രൂപം മാത്രമാണ് അവിടെ കണ്ടത്. ക്ഷയരോഗം മൂര്‍ഛിച്ച് തീര്‍ത്തും അവശനായ അദ്ദേഹം ഒരു മണിക്കൂര്‍ യോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ പല തവണ തൊണ്ടയിടറി, ഇടക്കിടെ വിതുമ്പി. ഇന്ത്യയില്‍ ബാക്കിയായ മുസ്‌ലിംകളുടെ ഇരുളുറഞ്ഞ ഭാവി ഓര്‍ത്ത് ഒരു ഘട്ടത്തില്‍ പൊട്ടിക്കരഞ്ഞു. ഈ ഘട്ടത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ കാര്യമോര്‍ത്ത് ഇനി താങ്കള്‍ പ്രയാസപ്പെടേണ്ടതില്ലെന്നും ഞങ്ങളുടെ കാര്യം നോക്കാന്‍ ഞങ്ങള്‍ക്കറിയാമെന്നും ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബ് ജിന്നയുടെ മുഖത്ത് നോക്കി പറഞ്ഞു. ഒരു കാര്യം കൂട്ടിച്ചേര്‍ത്തു: ‘ഞങ്ങളുടെ പേര് പറഞ്ഞ് ഇനി ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുത്. ഇവിടെ ജീവിക്കുന്ന മുസ്‌ലിമിതര വിഭാഗങ്ങളോട് അനീതി കാട്ടാന്‍ അതിര്‍ത്തിക്കപ്പുറത്തെ ഞങ്ങളുടെ ജീവിത നിയോഗം ഒരിക്കലും നിങ്ങള്‍ കാരണമായി കാണരുത്. അങ്ങയോടുള്ള കേണപേക്ഷയാണിത്.’
ഇവിടെ നിന്നാണ് വിഭജിക്കപ്പെട്ട ഒരു ജനത പുതിയൊരു ജീവിത പ്രയാണം തുടങ്ങുന്നത്. തുടക്കത്തിലേ പരാജയപ്പെട്ട ഒരു പരീക്ഷണമാണ് പാകിസ്താന്റേതെന്ന് സമര്‍ഥിക്കപ്പെട്ടു. രാഷ്ട്രീയ അസ്ഥിരത ആ രാജ്യത്തെ വേട്ടയാടി. ജനാധിപത്യം പേരിലൊതുങ്ങി. പട്ടാളം തെരുവ് കീഴടക്കി. ഇപ്പോഴും ജന്മിത്വത്തിന്റെയും സമീന്ദാറുകളുടെയും ജീര്‍ണ സംസ്‌കാരം ഉപരിതലത്തില്‍ ആ രാജ്യത്തെ അധപ്പതിപ്പിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക ഞെരുക്കവും ജനനായകന്മാരുടെ കൊടിയ അഴിമതിയും ബാഹ്യശക്തികളെ മാടിവിളിക്കുന്നു. അങ്ങനെയാണ് ആദ്യം റഷ്യക്കെതിരായും പിന്നീട് അല്‍ഖാഇദക്കെതിരെയുമുള്ള പോരാട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ പാകിസ്താനിലെ മതവിഭാഗത്തെ അമേരിക്ക വില കൊടുത്ത് വാങ്ങുന്നത്. അതിന് പാക് സൈന്യം നേതൃപരമായ പങ്കുവഹിക്കുന്നതാണ് ആ രാജ്യത്തിന്റെ ദുര്‍ഗതിക്ക് പ്രധാന കാരണം. പഹല്‍ഗാമിന് പകരം വീട്ടാന്‍ ഓപറേഷന്‍ സിന്ദൂറുമായി ഇന്ത്യന്‍ സൈന്യം തങ്ങളുടെ രാജ്യത്തിനകത്തേക്ക് കടന്നപ്പോള്‍ പാക് പ്രതിരോധ മന്ത്രിക്ക് തുറന്നുസമ്മതിക്കേണ്ടി വന്നു, കഴിഞ്ഞ 30 വര്‍ഷമായി തങ്ങള്‍ ഈ വൃത്തികെട്ട ബിസിനസ്സ് നടത്തുകയാണെന്ന്. പടിഞ്ഞാറന്‍ ദുശ്ശക്തികള്‍ ആയുധക്കച്ചവടം ത്വരിതപ്പെടുത്താനും ഓരോ മേഖലയിലും അസ്വാസ്ഥ്യം വിതച്ച് രാഷ്ട്രീയ ഇടപെടലുകള്‍ നടത്താനും ഭീകരവാദത്തെ ആയുധമാക്കുകയാണ്. അതിന് വശംവദമാകുന്ന ഇസ്‌ലാമാബാദ് ഭരണകൂടം മതപുരോഹിതന്മാര്‍ക്ക് തീവ്രഗ്രൂപ്പുകള്‍ വളര്‍ത്താന്‍ എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നു. വിദേശത്ത് നിന്ന് പണമൊഴുകുന്നത് കൊണ്ട് പുതിയ ഭീകര ഗ്രൂപ്പുകള്‍ മുളച്ചുപൊങ്ങുന്നു, പാക് ചാര സംഘടന താങ്ങും തണലുമായി വര്‍ത്തിക്കുന്നു. പാക്അധീന കശ്മീരില്‍ തമ്പടിച്ചിരിക്കുന്ന ഈ തീവ്ര വിഭാഗങ്ങള്‍ മതമോ മനുഷ്യത്വമോ നാഗരിക സംസ്‌കൃതിയോ തൊട്ടുതീണ്ടാത്തവരാണ്. ഇസ്‌ലാമിന്റെ ശത്രുക്കളാണ്.
രാജ്യത്തിന്റെ വിദേശ നയത്തിലെ ഗതിമാറ്റമാണ് ഈ സൈനിക നടപടിയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത് എന്ന വ്യാഖ്യാനത്തിലൂടെ, ഇത് ആര്‍ എസ് എസിന്റെ നയപരമായ വിജയമാണെന്ന് സമര്‍ഥിക്കാന്‍ എസ് ഗുരുമൂര്‍ത്തിയെ പോലുള്ളവര്‍ ശ്രമിക്കുമ്പോള്‍ പാകിസ്താന്‍ ലക്ഷ്യമിടുന്ന മതപരമായ വിഭജനത്തിലേക്കാണ് ദിശ മാറുന്നത്. അതോടെയാണ് കേണല്‍ സോഫിയ ഖുറൈശി എന്ന മുസ്‌ലിം സൈനിക ഉദ്യോഗസ്ഥക്ക് നേരെ വിഷം ചീറ്റാന്‍ മധ്യപ്രദേശ് മന്ത്രിക്ക് ധൈര്യം ലഭിക്കുന്നത്. ഹൈക്കോടതിയും സുപ്രീം കോടതിയും മന്ത്രിക്കെതിരെ വാചാലമായിട്ടും മോദി സര്‍ക്കാര്‍ ഇതുവരെ കുലുങ്ങിയിട്ടില്ല. സൈനിക ഓപറേഷന്റെ വിശദാംശങ്ങള്‍ ലോകത്തിന് കൈമാറിയ ആ യുവതിയുടെ വാചകങ്ങളെ പ്രകീര്‍ത്തിക്കുന്നതിന് പകരം അവരെ ഭീകരവാദികളുടെ പെങ്ങള്‍ എന്ന് അധിക്ഷേപിക്കുന്നതിലെ രാഷ്ട്രീയം എന്താണോ അതാണ് ആര്‍ എസ് എസിന്റെ മനോഗതി. ഇവിടെയാണ് ഇന്ത്യ പരാജയപ്പെടുന്നത്.
രാജ്യസ്നേഹികളും രാജ്യദ്രോഹികളും
26 നിരപരാധികളുടെ ജീവനെടുത്ത പഹല്‍ഗാമിലെ ഭീകരാക്രമണങ്ങളും ആ ദുഷ്‌കൃത്യത്തിനു പിന്നാലെ ഇന്ത്യ നടത്തിയ സൈനിക പ്രത്യാക്രമണവും ഇന്ത്യന്‍ മുസ്‌ലിംകള്‍ എന്തുമാത്രം പക്വതയോടെയാണ് അതിര്‍ത്തിയിലെ സംഭവ വികാസങ്ങളെ കാണുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. ഓപറേഷന്‍ സിന്ദൂറില്‍ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത വാര്‍ത്ത ആഹ്ലാദത്തോടെയാണ് അവര്‍ എതിരേറ്റത്. പാകിസ്താനികളുടെ ദുഷ്ചെയ്തിയെ അംഗീകരിക്കാനോ ന്യായീകരിക്കാനോ ഒരൊറ്റ മുസ്‌ലിമും മുന്നോട്ടുവന്നില്ല. എന്നിട്ടും സര്‍ക്കാര്‍, പഹല്‍ഗാമില്‍ കശ്മീരികളുടെ വീടുകള്‍ ബുള്‍ഡോസര്‍ വെച്ച് തകര്‍ത്തു. ഗുജറാത്തിലും മധ്യപ്രദേശിലും മുസ്ലിംകളുടെ കുടിലുകളില്‍ കയറി പോലീസ് ഭീകരവാദികളെ തിരഞ്ഞു. കണ്ണില്‍ കണ്ട യുവാക്കളെ ക്രൂരമായി മര്‍ദിച്ചു. യു പിയില്‍ ഒട്ടനവധി പള്ളികളും മദ്റസകളും ബുള്‍ഡോസറിന്നിരയായി. ഒരു കാരണവശാലും ബുള്‍ഡോസര്‍ പ്രയോഗം അനുവദിക്കാവുന്നതല്ല എന്ന് പരമോന്നത നീതിപീഠം നല്‍കിയ കര്‍ക്കശ നിര്‍ദേശം യുദ്ധാന്തരീക്ഷം ചൂഷണം ചെയ്ത് യോഗി സര്‍ക്കാര്‍ കാറ്റില്‍ പറത്തുകയായിരുന്നു. യുദ്ധം വന്നപ്പോള്‍ രാജ്യത്തിനകത്തെ രാജ്യസ്നേഹികളെയും ദേശവിരുദ്ധരെയും രാജ്യം ഭരിക്കുന്ന കക്ഷി സ്വയം തീരുമാനിക്കുകയായിരുന്നില്ലേ? തെരുവില്‍ കാണുന്ന മുസ്‌ലിം വേഷധാരികളെ പാകിസ്താനികളായി മുദ്ര കുത്തി ആക്രമിക്കുകയായിരുന്നു. മുസ്‌ലിമിന്റെ പേരില്‍ എന്തെല്ലാം വ്യാജ പ്രചാരണങ്ങളാണ് ഇക്കൂട്ടര്‍ നടത്തിയത്. മഹാരാഷ്ട്രയില്‍ പര്‍ദ ധരിച്ച സ്ത്രീകള്‍ പാകിസ്താന്‍ സിന്ദാബാദ് വിളിച്ച് ജനശദ്ധ ആകര്‍ഷിച്ചു. അവര്‍ വേഷം മാറി വന്ന സംഘ്പരിവാറുകാരാണെന്ന് പിന്നീട് പോലീസ് പരിശോധനയില്‍ കണ്ടെത്തി. ബംഗാളില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പാക് പതാക നാട്ടിയവര്‍ സംഘികളായിരുന്നു. സൈന്യം അതിര്‍ത്തി കടന്നുചെന്ന് പാക് സൈനിക താവളങ്ങളും ഭീകര കേന്ദ്രങ്ങളും ഉന്മൂലനം ചെയ്ത വാര്‍ത്ത കേട്ട് ജാതി, മത, ഭാഷ ഭേദമന്യേ ജനം ആഹ്ലാദം പങ്കിടുമ്പോള്‍ ആര്‍ എസ് എസുകാര്‍ സംഘടനയുടെ നൂറാം ജന്മദിനത്തില്‍ തങ്ങള്‍ കൈവരിച്ച നേട്ടമായാണ് അതിനെ എടുത്തുകാട്ടുന്നത്. ഇത് കണ്ടാണ് സിനിമാ നടന്‍ നാനാ പടേക്കര്‍ പറഞ്ഞത്, സൈന്യമല്ല, തങ്ങള്‍ ആര്‍ എസ് എസുകാരാണ് യുദ്ധം ജയിച്ചതെന്നാണ് ഇവരുടെ വിചാരമെന്ന്. രാജ്യം അതീവ ഗുരുതരമായ ഒരു പ്രതിസന്ധിയെ നേരിട്ടപ്പോള്‍ ലോകം കണ്ടു; ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായികാഴ്ചവെച്ച ബഹുസ്വരതയുടെയും മതവൈവിധ്യങ്ങളുടെയും ജനാധിപത്യത്തിന്റെയും മനോഹര ഉള്ളടക്കം. ഇവിടെയാണ് പാകിസ്താന്‍ അമ്പേ പരാജയപ്പെടുന്നത്. അതേസമയം, ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത് രാജ്യത്തിന്റെ സൈനിക രഹസ്യങ്ങള്‍ ശത്രുരാജ്യത്തിന് ഒറ്റിക്കൊടുക്കുന്ന കുറെ ചാരന്മാരും
രാജ്യദ്രോഹികളുമാണ്. സമീപകാലത്ത് രണ്ട് ഡസനോളം ചാരന്മാരെ പിടികൂടിയപ്പോള്‍ ഇവരില്‍ ബഹുഭൂരിപക്ഷവും സംഘ്പരിവാര്‍ ബന്ധമുള്ളവരാണെന്ന കണ്ടെത്തല്‍ ആരെയാണ് ഞെട്ടിക്കാത്തത്? മുസ്‌ലിംകളെ ദേശദ്രോഹികളായി ചിത്രീകരിച്ച് ക്ലാസ്സെടുക്കുന്ന ‘ശാഖ’യുടെ ഗുരുനാഥന്മാര്‍ക്ക് രാജ്യസ്നേഹത്തിന്റെ ബാലപാഠം പോലും പഠിപ്പിക്കാനാകുന്നില്ലല്ലോ. സംഘ്പരിവാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന വര്‍ഗീയ ചിന്തകളും തദനുസൃതമായ നയനിലപാടുകളുമാണ് യുദ്ധത്തില്‍ ജയിക്കുമ്പോഴും നമ്മെ പരാജയപ്പെടുത്തുന്നത്.