Connect with us

Articles

മാംസത്തില്‍ മതം പുരട്ടുമ്പോള്‍

ഭക്ഷണം പരമപ്രധാനമായ അവകാശമാണെന്നിരിക്കെ അത് അന്യായമായി നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. താരതമ്യേന കുറഞ്ഞ വിലക്ക് രാജ്യത്തെ പട്ടിണിപ്പാവങ്ങള്‍ക്ക് ലഭ്യമാകുന്ന പോഷകമൂല്യങ്ങളടങ്ങിയ ഭക്ഷണ പദാര്‍ഥമാണ് മാംസം. ഭക്ഷണത്തിലും ഒളിയജന്‍ഡകളുമായി പാര്‍ത്തിരിക്കുന്ന കഴുകക്കണ്ണുകള്‍ തെറ്റായ നിരന്തര ഭരണകൂട നടപടികളുടെ ഇരകളായ രാജ്യത്തെ പരശ്ശതം ജനസാമാന്യത്തെ കൂടുതല്‍ വറുതിയിലേക്ക് എടുത്തെറിയുക തന്നെയാണ് ചെയ്യുന്നത്.

Published

|

Last Updated

എഴുപത് ശതമാനം ഇന്ത്യക്കാരും മാംസം കഴിക്കുന്നവരാണെന്ന സ്ഥിതിവിവര റിപോര്‍ട്ട് കഴിഞ്ഞ ദിവസം എന്‍ ഡി ടി വി പുറത്തുവിട്ടിരുന്നു. ഇറച്ചി കഴിക്കുന്നത് അത് ഇഷ്ടപ്പെടുന്നവരുടെ ആഹാര മുന്‍ഗണനകളുടെയും ആരോഗ്യ സംബന്ധവുമായ വിഷയം മാത്രമാണ്. അതിനപ്പുറം സവിശേഷമായ ഒന്നും അതിലില്ലെന്നിരിക്കെ മാംസത്തില്‍ മതം കലര്‍ത്തി സാമൂഹിക അന്തരീക്ഷം വിഷമയമാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നമ്മുടെ രാജ്യത്തെ പല കോണിലും നടന്നുകൊണ്ടിരിക്കുന്നത്. ഇതേകാര്യം കഴിഞ്ഞ വര്‍ഷം ഉത്തരാഖണ്ഡ് ഹൈക്കോടതി തന്നെയും ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തെ ജനങ്ങളില്‍ 70 ശതമാനവും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവരാണെന്നും അതിനാല്‍ മാംസം ഒരു ഭൂരിപക്ഷ – ന്യൂനപക്ഷ പ്രശ്നമല്ലെന്നുമായിരുന്നു കോടതി വിലയിരുത്തിയത്.

നവരാത്രിയുടെ ഒമ്പത് ദിന വ്രതാനുഷ്ഠാനത്തിന്റെ പശ്ചാത്തലത്തില്‍ സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ മാംസ വില്‍പ്പന കേന്ദ്രങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയത് വലിയ വിവാദമായിരുന്നു. ഇറച്ചിക്കടകള്‍ കാണുന്നത് നവരാത്രി വ്രതമെടുക്കുന്നവര്‍ക്ക് പ്രയാസമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രദേശത്ത് മാംസ നിരോധനത്തിലേക്ക് കോര്‍പറേഷന്‍ കടന്നത്. മതപരമായ കാരണം മുന്‍നിര്‍ത്തി അത്തരമൊരു നടപടി സ്വീകരിക്കുന്നതിന് ഭരണഘടനാ സാധുത ഉണ്ടോയെന്നത് പരിശോധിക്കേണ്ടതാണ്.

പൗരന്മാര്‍ക്ക് ഏത് തൊഴിലും വ്യാപാരവും കച്ചവടവും ചെയ്ത് ജീവിതോപാധി കണ്ടെത്താനുള്ള മൗലികാവകാശം ഭരണഘടനാനുഛേദം 19(1)(ഴ) വകവെച്ചു നല്‍കുന്നുണ്ട്. പൊതുജന താത്പര്യാര്‍ഥം നിയമം വഴി പ്രസ്തുത അവകാശത്തിന്‍മേല്‍ ന്യായമായ നിയന്ത്രണങ്ങള്‍ ഭരണകൂടത്തിന് ചുമത്താമെന്നും ഭരണഘടന വിശദീകരിക്കുന്നുണ്ട്. അങ്ങനെയിരിക്കെ പൊതുജന താത്പര്യം എന്നതിന് ഒരു വിഭാഗത്തിന്റെ വികാരങ്ങള്‍ എന്നര്‍ഥമുണ്ടോ എന്ന കാര്യം ആലോചനയര്‍ഹിക്കുന്നതാണ്.

സ്വന്തം നിലയില്‍ ചിന്തിക്കുന്നവര്‍ക്ക് വേണ്ടി മാത്രം ഉദ്ദേശിച്ചു കൊണ്ടുള്ളതല്ല ഭരണഘടന. മറിച്ച് എല്ലാവര്‍ക്കും ഉള്ളതാണെന്ന മൂല്യവിചാരമാണ് എന്താണ് ന്യായമായ നിയന്ത്രണമെന്ന ധാരണ രൂപപ്പെടുത്തുമ്പോള്‍ ന്യായാധിപരെ നയിക്കേണ്ടതെന്ന് 1952ലെ വി ജി റോ കേസില്‍ സുപ്രീം കോടതി വിശദീകരിച്ചത് ഇവിടെ പ്രസ്താവ്യമാണ്. ന്യായമായ നിയന്ത്രണങ്ങളുടെ പേരില്‍ പക്ഷപാതപരമായ നീക്കങ്ങള്‍ ഉണ്ടാകരുതെന്നും ഭരണഘടനാ മൂല്യങ്ങളാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്നും ഓര്‍മപ്പെടുത്തുകയായിരുന്നു പരമോന്നത നീതിപീഠം.

1969ലെ മുഹമ്മദ് ഫാറൂഖ് കേസില്‍ സുപ്രീം കോടതി അഞ്ചംഗ ബഞ്ച് നടത്തിയ നിരീക്ഷണം ഇവ്വിഷയകമായ ഭരണഘടനാ ലൈന്‍ കൃത്യമായി വ്യക്തമാക്കുന്നതാണ്. കാളകളെ കശാപ്പ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന മുനിസിപ്പാലിറ്റി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള നിയമ വ്യവഹാരത്തിലാണ് ശ്രദ്ധേയമായ വിശകലനം നീതിപീഠം നടത്തിയത്. തദ്ദേശ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് കാളകളെ കശാപ്പ് ചെയ്യാന്‍ അനുവദിക്കുന്നത് ജനങ്ങളില്‍ ഒരു വിഭാഗത്തിന്റെ വികാരത്തെ മുറിപ്പെടുത്തിയേക്കാം. എന്നാല്‍ പൊതുജന താത്പര്യാര്‍ഥമല്ല നിയന്ത്രണമെങ്കില്‍ അത് തൊഴിലിനും വ്യാപാരത്തിനും കച്ചവടത്തിനുമുള്ള മൗലികാവകാശത്തിന്‍മേല്‍ ചുമത്തുന്ന ന്യായമായ നിയന്ത്രണമായി കണക്കാക്കാനാകില്ല എന്നായിരുന്നു സുപ്രീം കോടതി വിലയിരുത്തല്‍.

അതേസമയം, 2004ല്‍ ഓം പ്രകാശ് കേസില്‍ സുപ്രീം കോടതി രണ്ടംഗ ബഞ്ച് ഋഷികേശ്, ഹരിദ്വാര്‍, മുനി കി രതി എന്നീ തീര്‍ഥാടന കേന്ദ്രങ്ങളിലെ മുട്ട വില്‍പ്പന നിരോധനം ശരിവെച്ചത് മറ്റൊരു പശ്ചാത്തലത്തിലായിരുന്നു. നിരോധനത്തിനെതിരെ പ്രസ്താവിത പ്രദേശങ്ങളിലെ ഹോട്ടല്‍ ഉടമകള്‍ സമര്‍പ്പിച്ച ഹരജിയില്‍ മുട്ട വില്‍പ്പന നിരോധനം ഭരണഘടനയുടെ അനുഛേദം 19(6) പ്രകാരമുള്ള ന്യായമായ നിയന്ത്രണമാണെന്ന തീര്‍പ്പില്‍ പരമോന്നത നീതിപീഠമെത്തി. നിരോധനം നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ തീര്‍ഥാടന കേന്ദ്രങ്ങളാണെന്നതും അരനൂറ്റാണ്ടിലധികമായി തുടരുന്ന നിരോധനമാണെന്നും ചൂണ്ടിക്കാട്ടിയാണ് നീതിപീഠം ഹരജിക്കാരുടെ ആവശ്യം തള്ളിയത്.

ഭക്ഷണത്തിനുള്ള അവകാശം മൗലികാവകാശമാണെന്ന പ്രത്യക്ഷ പരാമര്‍ശം നമ്മുടെ ഭരണഘടനയിലില്ല. എന്നാല്‍ അത് അനുഛേദം 21 വിഭാവനം ചെയ്യുന്ന ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ ഭാഗമാണ്. സ്വകാര്യതക്കുള്ള അവകാശത്തില്‍ ഭക്ഷണത്തിനുള്ള അവകാശവും ഉള്‍പ്പെടുന്നു എന്ന് നിരവധി തവണ ഭരണഘടനാ കോടതികള്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടുണ്ട്. ഭക്ഷണം പരമപ്രധാനമായ അവകാശമാണെന്നിരിക്കെ അത് അന്യായമായി നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. താരതമ്യേന കുറഞ്ഞ വിലക്ക് രാജ്യത്തെ പട്ടിണിപ്പാവങ്ങള്‍ക്ക് ലഭ്യമാകുന്ന പോഷകമൂല്യങ്ങളടങ്ങിയ ഭക്ഷണ പദാര്‍ഥമാണ് മാംസം. ഭക്ഷണത്തിലും ഒളിയജന്‍ഡകളുമായി പാര്‍ത്തിരിക്കുന്ന കഴുകക്കണ്ണുകള്‍ തെറ്റായ നിരന്തര ഭരണകൂട നടപടികളുടെ ഇരകളായ രാജ്യത്തെ പരശ്ശതം ജനസാമാന്യത്തെ കൂടുതല്‍ വറുതിയിലേക്ക് എടുത്തെറിയുക തന്നെയാണ് ചെയ്യുന്നത്. മാംസ നിരോധന ശ്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഇന്ത്യക്കാരന്റെ മതമേയല്ലെന്നാണ് കണക്കുകള്‍ നമ്മെ തെര്യപ്പെടുത്തുന്നത്. അപ്പോള്‍ പിന്നെ മതവികാരം കത്തിച്ചുനിര്‍ത്തി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീചപ്രവൃത്തിയാണ് പൗരന്റെ ഭക്ഷണത്തില്‍ പോലും വിദ്വേഷത്തിന്റെ വിഷം കലര്‍ത്തുന്നതിലൂടെ നടക്കുന്നത്. ഇടക്കിടെ ഉയര്‍ന്നുവരുന്ന ബീഫ്, ഹലാല്‍ വിവാദങ്ങളുടെ പൊരുളും മറ്റൊന്നല്ല. പക്ഷേ അതങ്ങനെ തന്നെ തിരിച്ചറിയുന്നതില്‍ ജനാധിപത്യ മതനിരപേക്ഷ വിശ്വാസികളില്‍ വലിയ പങ്കും പരാജയപ്പെടുന്നിടത്താണ് വിദ്വേഷ പ്രചാരകര്‍ വിജയിക്കുന്നത്. 2015ല്‍ ജൈനരുടെ ഉത്സവത്തിനിടെ മാംസ വില്‍പ്പന നിരോധിച്ച ഉത്തരവ് സ്റ്റേ ചെയ്ത ബോംബെ ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ വിസമ്മതിച്ച സുപ്രീം കോടതി അഭിപ്രായപ്പെട്ടത് പ്രസക്തമാണ്. ജനങ്ങളുടെ കഴുത്തിന് പിടിച്ച് ബീഫ് നിരോധനത്തിന് നിര്‍ബന്ധിക്കാനാകില്ലെന്നും സഹിഷ്ണുതയോടെയും ക്ഷമയോടെയും കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്നുമായിരുന്നു കോടതി പ്രസ്താവിച്ചത്. പൗരന്റെ ഭക്ഷണ താത്പര്യങ്ങളില്‍ പോലും ഭരണകൂടം ഇടപെടുമ്പോള്‍ ജനാധിപത്യ ഇന്ത്യയെ കഴുത്ത് ഞെരിച്ച് കൊല്ലാനുള്ള ശ്രമമാണ് നടക്കുന്നത്.

 

 

Latest