Connect with us

Articles

പ്രതിഷേധങ്ങള്‍ റദ്ദാക്കപ്പെടുമ്പോള്‍

കോടതിയുടെ പരിഗണനയിലിരിക്കുന്നു എന്നത് പ്രതിഷേധിക്കാനുള്ള പൗരാവകാശത്തിന് മേലുള്ള ന്യായമായ നിയന്ത്രണമാണ് എന്ന് കരുതാനാകില്ല. പ്രത്യുത ന്യായമായ നിയന്ത്രണമായി കണക്കാക്കണമെങ്കില്‍ ഭരണഘടനയില്‍ തന്നെ അത് വ്യക്തമാക്കണം. അഥവാ ഭരണഘടനയുടെ 19(2), (3) അനുഛേദങ്ങളുടെ ഉള്ളടക്കത്തില്‍ അത് വേണമെന്ന് തന്നെയാണ് 2020ലെ അനുരാധ ഭാസിന്‍ കേസില്‍ സുപ്രീം കോടതി തീര്‍പ്പു കല്‍പ്പിച്ചത്.

Published

|

Last Updated

ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ സത്യഗ്രഹം നടത്താന്‍ അനുമതി തേടി കിസാന്‍ മഹാപഞ്ചായത്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി കേള്‍ക്കവെ കഴിഞ്ഞ ദിവസം സുപ്രീം കോടതി രണ്ടംഗ ബഞ്ച് നടത്തിയ നിരീക്ഷണം നിയമ രാഷ്ട്രീയ വൃത്തങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നിരിക്കെ പ്രതിഷേധം അനുവദിക്കേണ്ടതുണ്ടോ എന്ന് കോടതി പരിശോധിക്കുമെന്നായിരുന്നു പ്രസ്തുത നിരീക്ഷണം. പ്രതിഷേധിക്കാനുള്ള പൗരാവകാശം നിരുപാധിക അവകാശമാണോ എന്നും ഹരജിക്കാരന്‍ നിയമപരമായ പരിഹാരം തേടുമ്പോള്‍ തന്നെ സമാന്തരമായി പ്രതിഷേധം അനുവദിക്കണോ എന്നുമാണ് സുപ്രീം കോടതി പരിശോധിക്കാനിരിക്കുന്നത്.

മറ്റെല്ലാ മൗലികാവകാശങ്ങളെപ്പോലെയും പ്രതിഷേധിക്കാനുള്ള അവകാശവും നിരുപാധിക അവകാശമല്ല. ഇന്ത്യന്‍ ഭരണഘടനയുടെ 19ാം അനുഛേദമാണ് പ്രതിഷേധിക്കാനുള്ള അവകാശം വാഗ്ദാനം ചെയ്യുന്നത്. പ്രതിഷേധം എന്ന അര്‍ഥത്തെ പ്രകാശിപ്പിക്കുന്ന Protest എന്ന ആംഗലേയ വാചകം പ്രസ്താവിത വകുപ്പില്‍ ഇല്ല. അതേസമയം ഭരണഘടനാനുഛേദങ്ങളായ 19(1)(മ), 19(1)(യ), 19(1)(ര) യഥാക്രമം വിഭാവനം ചെയ്യുന്ന അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള അവകാശം, സമാധാനപരമായി സംഘടിക്കാനുള്ള അവകാശം, സംഘടന രൂപവത്കരിക്കാനുള്ള അവകാശം എന്നിവ ഒന്നിച്ച് വായിക്കുമ്പോള്‍ പ്രതിഷേധിക്കാനുള്ള പൗരാവകാശം ഭരണഘടനാദത്തമാണെന്ന് തീര്‍ത്ത് പറയാന്‍ സാധിക്കും. സമാധാനപരമായ പ്രതിഷേധത്തിന് മാത്രമേ ഭരണഘടനാ പരിരക്ഷയുള്ളൂ എന്ന് സുപ്രീം കോടതിയും രാജ്യത്തെ ഹൈക്കോടതികളും പലകുറി ആവര്‍ത്തിച്ചിട്ടുണ്ട്. അതായത് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാദത്തമാണെന്ന് ചുരുക്കം.

പൊതുനിരത്തിലോ പൊതു സ്ഥലത്തോ ഒരുമിച്ച് കൂടുന്നത് നിരോധിക്കുക വഴി സംഘടിക്കാനുള്ള അവകാശത്തെ നിയമം മൂലം എടുത്തുകളയാന്‍ ഭരണകൂടത്തിന് കഴിയില്ലെന്ന് 1973ലെ ചരിത്രപ്രധാനമായ ഹിമ്മത് ലാല്‍ കെ ഷാ കേസില്‍ രാജ്യത്തെ പരമോന്നത കോടതി വിധിതീര്‍പ്പ് നടത്തിയിട്ടുണ്ട്. നിരവധി മറ്റു നിയമ വ്യവഹാരങ്ങളിലും അത്തരത്തില്‍ വിധി പ്രസ്താവിച്ചിട്ടുണ്ട് സുപ്രീം കോടതി. പ്രതിഷേധിക്കാനുള്ള പൗരാവകാശം ഉപാധിയില്ലാത്ത സമ്പൂര്‍ണ അവകാശമല്ല എന്നതിനാല്‍ ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണത്. ആ നിയന്ത്രണങ്ങളാണ് ഭരണഘടനയുടെ 19(2), (3) അനുഛേദങ്ങള്‍ വിശദീകരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും, രാജ്യസുരക്ഷ, ക്രമസമാധാന പാലനം തുടങ്ങിയ സംഗതികളെ മുന്‍നിര്‍ത്തി പ്രതിഷേധിക്കാനുള്ള അവകാശം ഉള്‍പ്പെടെയുള്ള മൗലിക സ്വാതന്ത്ര്യങ്ങളെ നിയന്ത്രിക്കാനുള്ള അധികാരം ഭരണകൂടത്തിനുണ്ട്. ജനാധിപത്യ സമൂഹത്തില്‍ ഉയരുന്ന സ്വാഭാവിക വിയോജിപ്പുകളെ രചനാത്മക മനോഭാവത്തോടെ നമ്മുടെ ഭരണഘടന അഭിസംബോധന ചെയ്യുന്നുണ്ട്. ന്യായമായ നിയന്ത്രണങ്ങളോടെ പൗരാവകാശ പ്രയോഗത്തിനുള്ള ഇടം വ്യവസ്ഥാപിതമായി പ്രഖ്യാപിക്കുകയാണ് ഭരണഘടന ചെയ്യുന്നത്.

എന്നാല്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം അനുവദിക്കേണ്ടതില്ല എന്ന വാദഗതിക്ക് ഭരണഘടനാ സാധുത കണ്ടെത്താനാകില്ല. 2019ലെ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഷഹീന്‍ ബാഗില്‍ അരങ്ങേറിയ ഐതിഹാസിക സമരത്തെ പ്രതി സുപ്രീം കോടതി നടത്തിയ നിരീക്ഷണം ഇവിടെ പ്രസക്തമാണ്. പാര്‍ലിമെന്റ് പാസ്സാക്കിയ നിയമത്തിന്റെ ഭരണഘടനാ സാധുത ഈ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്നു എന്നതിനാല്‍ നിയമനിര്‍മാണം കാരണം ക്ഷതമേറ്റവര്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശം എടുത്തു കളയാനാകില്ല. എന്നിരുന്നാലും പൊതുനിരത്തുകള്‍ തടസ്സപ്പെടുത്താതെ എവിടെ വെച്ച് എങ്ങനെ പ്രതിഷേധിക്കാം എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യമെന്ന് പരമോന്നത നീതിപീഠം പ്രസ്താവിച്ചു. പ്രസ്തുത കേസിന്റെ അന്തിമ വിധിയില്‍ അക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

പിന്നീട് മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്ത് പ്രതിഷേധം അലയടിച്ച ഘട്ടത്തിലും ഉന്നത നീതിപീഠം പ്രകടിപ്പിച്ചത് മറുത്തൊരു അഭിപ്രായമല്ല. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട ഹരജി സുപ്രീം കോടതി കേള്‍ക്കുമ്പോള്‍ കാര്‍ഷിക നിയമങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള നിരവധി ഹരജികളുണ്ട് പരമോന്നത നീതിപീഠത്തിന്റെ പരിഗണനയില്‍. അപ്പോഴും സമാധാനപരമായി സമരം ചെയ്യാനുള്ള പൗരാവകാശത്തെ മാനിച്ചുകൊണ്ട് കൈയൊപ്പ് ചാര്‍ത്തുകയാണ് കോടതി ചെയ്തത്.

കോടതിയുടെ പരിഗണനയിലിരിക്കുന്നു എന്നത് പ്രതിഷേധിക്കാനുള്ള പൗരാവകാശത്തിന് മേലുള്ള ന്യായമായ നിയന്ത്രണമാണ് എന്ന് കരുതാനാകില്ല. പ്രത്യുത ന്യായമായ നിയന്ത്രണമായി കണക്കാക്കണമെങ്കില്‍ ഭരണഘടനയില്‍ തന്നെ അത് വ്യക്തമാക്കണം. അഥവാ ഭരണഘടനയുടെ 19(2), (3) അനുഛേദങ്ങളുടെ ഉള്ളടക്കത്തില്‍ അത് വേണമെന്ന് തന്നെയാണ് 2020ലെ അനുരാധ ഭാസിന്‍ കേസില്‍ സുപ്രീം കോടതി തീര്‍പ്പു കല്‍പ്പിച്ചത്.

നമ്മുടെ ഭരണഘടനയുടെ മൗലിക ഘടനയുടെ ഭാഗമാണ് അധികാര വിഭജനം. അത് പ്രകാരം നിയമനിര്‍മാണം നിയമനിര്‍മാണ സഭയുടെ കടമയാണ്. നിയമം നടപ്പാക്കല്‍ എക്സിക്യൂട്ടീവിന്റെയും ഉത്തരവാദിത്വമാണ്. നിയമനിര്‍മാണ സഭ പാസ്സാക്കിയ നിയമത്തിന്റെ ഭരണഘടനാ സാധുതയെ സംബന്ധിച്ച ചോദ്യമുയര്‍ന്നാല്‍ അത് പരിശോധിക്കേണ്ടത് ജുഡീഷ്യറിയാണ്. ഇവിടെ കെട്ടുറപ്പുള്ള രാജ്യത്തിന് വേണ്ട നിയമങ്ങള്‍ പ്രാബല്യത്തിലെത്തുമ്പോള്‍ ഭരണഘടനാപരമായ അധികാരത്തെ പരസ്പരം പകുത്തെടുക്കുന്നു. അങ്ങനെ വരുമ്പോള്‍ കോടതിയുടെ പരിഗണനയിലിരിക്കുന്നു അതായത് ജുഡീഷ്യറി പരിശോധിക്കുന്നു എന്നതിനാല്‍ ഭരണകൂടത്തിന്റെ മറ്റു രണ്ട് സ്ഥാപനങ്ങളുടെ നടപടിക്കെതിരെ പ്രതിഷേധിക്കാനുള്ള പൗരാവകാശം റദ്ദായിപ്പോകുന്നത് എങ്ങനെയാണ്? നീതിപീഠം നീതിന്യായ പുനഃപരിശോധന നടത്തുമ്പോഴും തെരുവില്‍ നിയമവിധേയമായി പ്രതിഷേധമുയര്‍ത്താന്‍ അനുവദിക്കുന്നതാണ് ജനാധിപത്യം. നിയമനിര്‍മാണമടക്കമുള്ള ഭരണകൂട നടപടികള്‍ ഭരണഘടനയുടെ അടിസ്ഥാന ശിലകളെത്തന്നെ അസ്ഥിരപ്പെടുത്തുന്ന വിധം ജനാധിപത്യ മതനിരപേക്ഷ വിരുദ്ധമാകാറുണ്ട് പലപ്പോഴും. വര്‍ത്തമാനകാല ഇന്ത്യനവസ്ഥയില്‍ അതത്ര അപൂര്‍വ കാഴ്ചയുമല്ല. നടേ പരാമര്‍ശിച്ച ഷഹീന്‍ ബാഗ് സമരവും കാര്‍ഷിക പ്രക്ഷോഭവുമൊക്കെ അത്തരം നടപടികളെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ടതാണ്. സമാധാനപരമായ പ്രക്ഷോഭങ്ങള്‍ ജനാധിപത്യത്തിന്റെ ശ്വാസവും ശക്തിയുമാണ്. ഭരണകൂടത്തിന്റെ ഭരണഘടനാവിരുദ്ധ നീക്കങ്ങളൊക്കെയും നീതിപീഠം തിരുത്തട്ടെ എന്ന് വിചാരിക്കുന്നതില്‍ ഭരണഘടനാപരമായിത്തന്നെ അസാംഗത്യമുണ്ട്. അതോടൊപ്പം പൗരസമൂഹത്തിന്റെ ഉണര്‍ന്നിരിക്കേണ്ട ജനാധിപത്യ ബോധത്തിന് നേരേയുള്ള കടന്നാക്രമണവുമാണത്. ഭരണകൂടത്തിന്റെ തെറ്റായ ചില നടപടികള്‍ ജനാധിപത്യ പ്രക്ഷോഭങ്ങളിലൂടെ തന്നെ തിരുത്തപ്പെടേണ്ടതുണ്ടാകും. ഭാവിയില്‍ അത്തരം ഭരണഘടനാവിരുദ്ധ നീക്കങ്ങള്‍ക്ക് ഭരണകൂടം മുതിരാതിരിക്കാന്‍ സഹായിച്ചേക്കും അത്. എന്നാല്‍ പ്രതിഷേധങ്ങള്‍ റദ്ദാക്കപ്പെടുമ്പോള്‍ ദുര്‍ബലമാകുന്നത് ഇന്ത്യന്‍ ജനാധിപത്യമാണ്.

 

Latest