Uae
അഡിപെകിന് അബൂദബിയിൽ തുടക്കം; എ ഐ സംയോജനത്തിന് ഊന്നൽ
74 രാജ്യങ്ങളിൽ നിന്ന് 2,250 കമ്പനികൾ പങ്കെടുക്കുന്നു
അബൂദബി|ലോകത്തിലെ ഏറ്റവും വലിയ ഊർജ ഇവന്റായ അഡിപെക് 2025 അബൂദബി നാഷണൽ എക്‌സിബിഷൻ സെന്ററിൽ തുടരുന്നു. പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാന്റെ രക്ഷാകർതൃത്വത്തിൽ നവംബർ ആറ് വരെ നാല് ദിവസമാണ് അഡ്‌നിക് സംഘടിപ്പിക്കുന്ന മേള നടക്കുന്നത്.
ആഗോള ഊർജ മേഖലയിലെ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, പ്രധാന തീരുമാനമെടുക്കുന്നവർ സംഗമിക്കുന്ന പരിപാടിയാണിത്. 172 രാജ്യങ്ങളിൽ നിന്ന് 205,000-ത്തിൽ അധികം പേർ പങ്കെടുക്കും.
ഈ വർഷം 2,250 കമ്പനികളും 1,800 സ്പീക്കർമാരും ഉണ്ടാകും. നിർമിത ബുദ്ധിയും (എ ഐ) ഊർജ സംവിധാനങ്ങളുമായുള്ള സംയോജനത്തിന് ഈ വർഷത്തെ പരിപാടികൾ പ്രാധാന്യം നൽകുന്നു.
നിലവിലുള്ള ഊർജ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം ആഗോള പുരോഗതിക്കായി സ്മാർട്ട് സൊല്യൂഷനുകൾ വർധിപ്പിക്കുന്നതിനുള്ള വഴികളും മേള ചർച്ചചെയ്യും. ഡീകാർബണൈസേഷനിലും ക്ലീൻ ഊർജ നവീകരണത്തിലും അബൂദബിയുടെ വളർന്നുവരുന്ന പങ്കിനെ പ്രതിഫലിപ്പിച്ചുകൊണ്ട് കെമിക്കൽസ് & ലോ-കാർബൺ സൊല്യൂഷൻസ് എക്‌സിബിഷൻ ഈ വർഷം ആദ്യമായി ഒരുക്കിയിട്ടുണ്ട്.





