National
കഫ് സിറപ്പ് കഴിച്ച ശിശുക്കൾ മരിച്ച സംഭവം: മധ്യപ്രദേശിലെ ഡോക്ടറുടെ ഭാര്യയും അറസ്റ്റിൽ
മധ്യപ്രദേശിൽ നിന്നുള്ള 5 വയസ്സിന് താഴെയുള്ള 24 കുട്ടികളാണ് കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് മരിച്ചത്
ചിന്ദ്‌വാഡ | മധ്യപ്രദേശിൽ 24 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് ദുരന്തക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) പ്രതിയായ ഡോ. പ്രവീൺ സോണിയുടെ ഭാര്യ ജ്യോതി സോണിയെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി ചിന്ദ്‌വാഡ ജില്ലയിലെ പരാസിയ ടൗണിലെ വസതിയിൽ നിന്നാണ് ജ്യോതിയെ കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ ഉടമസ്ഥതയിലുള്ള കടയിൽ നിന്നാണ് കുട്ടികൾക്ക് കഫ് സിറപ്പ് വിറ്റതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കുട്ടികളിൽ ഭൂരിഭാഗം പേർക്കും വിഷലിപ്തമായ ‘കോൾഡ്രിഫ്’ കഫ് സിറപ്പ് നിർദ്ദേശിച്ചു നൽകിയ ചിന്ദ്‌വാഡയിലെ ഡോ. സോണിയെ കഴിഞ്ഞ മാസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. വൃക്ക തകരാറിനെ തുടർന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ അശ്രദ്ധ കാണിച്ചതിനായിരുന്നു ഇയാൾക്ക് എതിരായ നടപടി.
കഫ് സിറപ്പ് ദുരന്തവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴ് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ ശ്രേസൻ ഫാർമയുടെ ഉടമ ജി രംഗനാഥൻ, മെഡിക്കൽ പ്രതിനിധി സതീഷ് വർമ്മ, കെമിസ്റ്റ് കെ മഹേശ്വരി, മൊത്ത വ്യാപാരി രാജേഷ് സോണി, മെഡിക്കൽ സ്റ്റോർ ഫാർമസിസ്റ്റ് സൗരഭ് ജെയിൻ എന്നിവരും ഉൾപ്പെടുന്നു. ശിശുക്കളുടെ മരണത്തിന് പിന്നാലെ കഫ് സിറപ്പ് നിർമ്മിച്ച ശ്രേസൻ ഫാർമയുടെ ലൈസൻസ് തമിഴ്നാട് സർക്കാർ റദ്ദാക്കിയിരുന്നു.
മധ്യപ്രദേശിൽ നിന്നുള്ള 5 വയസ്സിന് താഴെയുള്ള 24 കുട്ടികളാണ് കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് മരിച്ചത്. വൃക്ക തകരാറാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. അയൽ സംസ്ഥാനമായ രാജസ്ഥാനിൽ മൂന്ന് കുട്ടികളും ഈ കഫ് സിറപ്പ് കഴിച്ച് മരിച്ചിരുന്നു.
മരണങ്ങളെത്തുടർന്ന് തമിഴ്നാട്, മധ്യപ്രദേശ്, കേരളം, കർണാടക, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, പുതുച്ചേരി, പശ്ചിമ ബംഗാൾ, ഡൽഹി എന്നിവിടങ്ങളിൽ സിറപ്പ് നിരോധിച്ചു.



